വിശ്വാസത്തിന്റെ തീവ്രയാത്രകൾ

Society

വിശ്വാസത്തിന്റെ തീവ്രയാത്രകൾ


കേരളത്തിൽനിന്നും കുടുംബസമേതം ഇസ്‌ലാമിക് സ്റ്റേറ്റിലേക്ക് പലായനം ചെയ്തവരുടെ കഥകൾ മാധ്യമങ്ങൾ ആഘോഷിക്കുകയാണിപ്പോൾ. ഇതാ മുസ്‌ലിങ്ങൾ കേരളത്തിൽ നിന്നുപോലും ആഗോളജിഹാദിന് ആളെ വിടുന്നു എന്ന അല്പം കാവികലർന്ന വിശകലനങ്ങളും, പകരം ഇതൊന്നും ഇസ്‌ലാമല്ല ജൂതൻമാരുടെ പണിയാണെന്ന ബാലിശമായ പ്രതിരോധവുമാണ് ചർച്ചകളിൽ മുഴച്ചു നിൽക്കുന്നത്. എന്നാൽ ഏത് പശ്ചാത്തലത്തിലാണ് ഇത്തരം ഹിജറകൾ (പലായനങ്ങൾ) ഉണ്ടായത് എന്ന അന്വേഷണം എവിടെയും നടന്നുകണ്ടില്ല. കേരളത്തിൽ നിന്ന് അങ്ങനെ ആരെങ്കിലും പോകാൻ സാധ്യതയുണ്ടോ? ഉണ്ടെങ്കിൽ ആരാണ്? അത്തരം പ്രത്യയശാസ്ത്ര പരിസരങ്ങൾ കേരളത്തിലെവിടെയെങ്കിലും നിലനിൽക്കുന്നുണ്ടോ എന്ന വസ്തുതാപരമായ അന്വേഷണമാണ് നടത്തേണ്ടത്.

കേരളത്തിൽനിന്നും ഇതാദ്യമായൊന്നുമല്ല ഇത്തരം പലായനങ്ങൾ ഉണ്ടാവുന്നത്. നിലവിലെ സംഭവങ്ങൾക്ക് ഇത്ര വാർത്താ പ്രാധാന്യം ലഭിക്കാൻ കാരണം ഇവർ ഐ.എസിലേക്കാണ് പോയത് എന്ന അഭ്യൂഹം പരന്നതിനാലാണ്. നേരത്തേ യമനിലെ ഹൂതി വിമതരുടെ പിടിയിലായ ചില മലയാളികളുടെ കഥകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ യമനിൽ പിടിക്കപ്പെട്ട മലപ്പുറം ജില്ലയിലെ അരീക്കോട്ടുകാരനായ ഒരാളുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചിരുന്നു. അയാൾ ഇപ്പോൾ ഹൂതികളിൽനിന്ന് മോചനം നേടിയെങ്കിലും ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറല്ലത്രേ. ഈ കഴിഞ്ഞ പെരുന്നാളിന് നാട്ടിലേക്ക് വിളിച്ചപ്പോൾ അയാൾ ഉമ്മയോട് പറഞ്ഞുപോലും താൻ ഇന്ത്യയിലേക്ക് വരുന്നില്ല. അത് 'ദാറുൽ ഹർബാ'ണെന്ന്. അഥവാ യുദ്ധം ചെയ്ത് വിശ്വാസം സംരക്ഷിക്കേണ്ട രാജ്യമാണുപോലും ഇന്ത്യ.

മുപ്പത്തിഅഞ്ചു വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന് യമനിൽ പോയതിന് ശേഷം ഉണ്ടായ വെളിപാടൊന്നുമല്ല ഇന്ത്യ 'ദാറുൽ ഹർബാ'ണെന്ന തോന്നൽ. നേരത്തേ നാട്ടിൽനിന്നുതന്നെ അത്തരം ചിന്ത രൂപപ്പെട്ടിട്ടാണ് ഇത്തരം ആളുകൾ കേരളം വിടുന്നതും തങ്ങൾ തിരയുന്ന ദാറുസ്സലാമുകൾ (രക്ഷയുടെ ഭവനങ്ങൾ) കണ്ടെത്തുന്നതും. ഇതുവരെയുള്ള വിലയിരുത്തലുകളിൽനിന്നും നിഗമനങ്ങളിൽനിന്നും മനസ്സിലാവുന്നത് നിലവിലെ ഒളിച്ചോട്ടം ഇന്ത്യ ജീവിക്കാൻ കൊള്ളാത്തതാണെന്ന തോന്നലുകാരുടേതാണെന്നാണ്. അതിനാൽ അവർ എങ്ങോട്ട് പോയി എന്നതിനൊന്നും വലിയ പ്രസക്തിയില്ല. ഈയൊരു ഘട്ടത്തിൽ പഠനവിധേയമാക്കേണ്ടത് ഇത്രയും സുന്ദരമായി ശാന്തിയോടെ സമാധാനത്തോടെ മുസ്‌ലിങ്ങൾക്ക് ജീവിക്കാനും മതപ്രബോധനം നടത്താനും ഇതര മുസ്‌ലിം രാജ്യത്തേക്കാൾ സാധ്യമായ ഇന്ത്യയെ വിട്ട്അവർ എന്തിനു പോകുന്നു എന്നതാണ്. ഇതിനായി തൊണ്ണൂറുകൾക്ക് ശേഷം കേരളീയ മുസ്‌ലിം സമുദായത്തിൽ രൂപപ്പെട്ട മാറ്റങ്ങൾ നരവംശശാസ്ത്രപരമായും സാമൂഹ്യ ശാസ്ത്രപരമായും വിശകലനത്തിന് വിധേയമാകേണ്ടതുണ്ട്.


Related Articles