ബി.ജെ.പി. തനിച്ച് മൂന്നിൽ രണ്ടു ഭൂരിപക്ഷം ലോക്‌സഭയിൽ നേടുകയും എൻ.ഡി.എ. മുന്നണി 400 സീറ്റിൽ അധികം നേടുകയും ചെയ്യുക എന്നതായിരുന്നു നരേന്ദ്രമോദിയുടെയും ആർ.എസ്സ്.എസ്സിന്റെയും ലക്ഷ്യം. അത് സാധിക്കാൻ കഴിഞ്ഞില്ല എന്നതുതന്നെ അവർക്ക് ഒരു തിരിച്ചടിയായി. അതുമാത്രമല്ല, 2014-ലും 2019-ലും തനിച്ച് ഭൂരിപക്ഷമുണ്ടായിരുന്ന ബി.ജെ.പി.ക്ക് ഇപ്പോൾ അത് നഷ്ടപ്പെട്ടിരിക്കുന്നു. തെലുഗുദേശം പാർട്ടിയെയും ജെ.ഡി.യുവിനെയും മറ്റും ആശ്രയിച്ചുമാത്രമേ ബി.ജെ.പി.ക്ക് ലോക്‌സഭയിൽ ഭൂരിപക്ഷമുള്ളൂ.
പണി പൂർത്തീകരിക്കാത്ത അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ തിടുക്കത്തിൽ പ്രാണപ്രതിഷ്ഠാച്ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യകാർമ്മികനായി പരസ്യപ്രദർശന വേഷംകെട്ടി സംഘടിപ്പിച്ചതിന്റെ ഉദ്ദേശ്യം വ്യക്തമായിരുന്നു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെട്ട ഉത്തർപ്രദേശിലും ഇന്ത്യയിലാകെയും രാമക്ഷേത്രനിർമ്മാണത്തെ ഒരു തെരഞ്ഞെടുപ്പു പ്രചാരണവിഷയമാക്കുക, വൈകാരികപാരമ്യതയിൽ ജനങ്ങളെ എത്തിച്ച് വോട്ടും സീറ്റും വർദ്ധിപ്പിക്കുക. എന്നാൽ അതും പൊളിഞ്ഞു. യു.പി.യിൽ 80 ൽ 62 സീറ്റുകൾ നേരത്തേ ഉണ്ടായിരുന്ന ബി.ജെ.പി.ക്ക് സീറ്റൊന്നുപോലും അവിടെ വർദ്ധിപ്പിക്കാൻ കഴിഞ്ഞില്ല. മാത്രമോ 29 സീറ്റുകൾ നഷ്ടപ്പെടുകയും ചെയ്തു. ഫൈസാബാദ് പാർലമെന്റ് മണ്ഡലത്തിലാണ് രാമക്ഷേത്രം ഉൾക്കൊള്ളുന്ന അയോധ്യ, അവിടെ നിലവിലുള്ള ബി.ജെ.പി. ലോക്‌സഭാംഗത്തെ പരാജയപ്പെടുത്തിയത് സമാജ്‌വാദി (സോഷ്യലിസ്റ്റ്) പാർട്ടി നേതാവായ, ദലിത് സമൂഹത്തിലെ അവധേഷ് പ്രസാദ് ആണ്. അത് ഒരു സംവരണമണ്ഡലമല്ല എന്നത് അഖിലേഷ് യാദവ് നയിക്കുന്ന സമാജ് വാദി പാർട്ടിക്കും ഇന്ത്യാരാഷ്ട്രീയവേദിക്കും നമ്മുടെ സമൂഹത്തിനാകെയും അഭിമാനിക്കാവുന്ന ഒരു നേട്ടമാണ്.
