കേരളത്തിൽ രണ്ട് പ്രളയം ഉണ്ടായപ്പോൾ ദൈവവും മതവും പറയത്തക്ക രീതിയിൽ ഒരു ചർച്ചാവിഷയമായിരുന്നില്ല. എന്നാൽ ഭൂഗോളത്തിന്റെ സകലഭാഗത്തും കൊറോണയെന്ന വൈറസ് പടർന്നപ്പോൾ ദൈവ-മത ചർച്ചകൾ തിരിച്ചു വന്നിരിക്കുന്നു. മതത്തിന്റെയും ദൈവത്തിന്റെയും നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പുതിയ ചർച്ചകൾ. കോവിഡ് കാലത്ത് പിൻവാങ്ങിയിരുന്ന സംഘടിത ദൈവ-മത ഇടപെടലുകൾ തിരിച്ചു വരും എന്ന് പ്രമുഖ എഴുത്തുകാരൻ സക്കറിയ ഈയിടെ എഴുതുകയുണ്ടായി. സോഷ്യൽ മീഡിയ കേരളത്തിൽ സജീവമായ കാലഘട്ടംമുതൽതന്നെ ദൈവമതചിന്തകളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. നിരവധിപ്പേർ യുക്തിവാദത്തിലേക്ക് (സ്വതന്ത്രചിന്തയിലേക്ക്) ആകർഷിക്കപ്പെടുന്നുമുണ്ട്. ഇവരെല്ലാം മതമാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമെന്ന് കൂട്ടായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്റെ വളർച്ച വേഗതയിലാണെന്നും ദൈവം, മതം എന്നിവ താമസിയാതെ ഇല്ലാതായിപ്പോകുമെന്നും അവകാശവാദം ഉന്നയിക്കുന്നു. അതിനിടയിലാണ് കോവിഡ് ദൈവത്തിന്റെ പരീക്ഷണമാണെങ്കിൽ ദേവാലയങ്ങൾ എന്തുകൊണ്ട് അടച്ചു പൂട്ടിയിരിക്കുന്നു എന്ന യുക്തിഭദ്രമായ ചോദ്യം ഉയരുന്നത്. യഥാർത്ഥത്തിൽ മനുഷ്യലോകത്തുനിന്നും ദൈവവും മതവും ഇല്ലാതാകുമോ? ദൈവം ഉണ്ടോ ഇല്ലയോ എന്ന ചർച്ച അപ്രസക്തമായതുകൊണ്ട് ദൈവം, മതം എന്നിവ കോവിഡാനന്തരം ഇല്ലാതാകുമോ എന്നതാണ് ഇവിടെ ചർച്ച ചെയ്യുന്നത്. കൂടാതെ എന്താണ് മതം, ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം മതമാണോ എന്നുമുള്ള നരവംശശാസ്ത്രപരമായ ഒരു ലഘുവായ അന്വേഷണംകൂടിയാണ് ഈ ലേഖനം.
കൊറോണ ലോകത്തെ സ്വാധീനിക്കുന്നു.
ലോകം ഒരു ആഗോളഗ്രാമമായി പരിണമിച്ചതിനാലാണ് കൊറോണയ്ക്ക് ഇത്രയധികം സ്വാധീനശക്തിയുണ്ടായത്. ആഗോളവത്കരണം കൊറോണയെ ഈ ഭൂഗോളത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുവാൻ വളരെയേറെ സഹായിക്കുകയുണ്ടായി. കൊറോണ ആഗോളദുരന്തമായി മാറിയതുകൊണ്ട് കൊറോണ-പൂർവ്വ (pre-corona), കൊറോണാനന്തര (post-corona) എന്നീ നിലകളിൽ ഈ മഹാമാരി ലോകചരിത്രത്തെ വിഭജിക്കുമെന്ന് നിരീക്ഷിക്കപ്പെടുന്നു. എന്തുകൊണ്ട് ഇത്തരം ഒരു മഹാമാരി, ഇത്രത്തോളം ദുരിതം? ആധുനികലോകം രൂപപ്പെടുത്തിയ മുതലാളിത്തത്തിന്റെ ആത്മഹത്യാപരമായ പ്രവണതകളാണ് കോവിഡ് മഹാമാരിയെ വെളിപ്പെടുത്തുന്നത് എന്ന് വിഖ്യാത അമേരിക്കൻ ചിന്തകൻ നോം ചോംസ്കി പറയുന്നു. നവ ഉദാരവത്കരണത്തിന്റെ വൻ പരാജയത്തിന്റെ നേർസാക്ഷ്യം കൂടിയാണ് ഇതെന്നും അദ്ദേഹം പ്രസ്താവിക്കുന്നു.
