അമ്മയും കഥയും

Society

അമ്മയും കഥയും


നുഷ്യ ചരിത്രത്തെ ഏറ്റവും അധികം സ്വാധീനിച്ച അമ്മ ബിംബങ്ങളിലൊന്ന് കന്യാമറിയം ആണ്. രണ്ടായിരം വർഷത്തെ വലിയ ചരിത്രത്തിൽ പല ഘട്ടങ്ങളിലും ആ മിത്ത് പലതരം ഘടനാപരമായ പരിണാമങ്ങൾക്കു വിധേയമായിട്ടുണ്ട്. കത്തോലിക്കസഭ യൂറോപ്പിനെ രാഷ്ട്രീയ ഭീകരതകൊണ്ട് വിറപ്പിച്ചിരുന്ന കാലത്തുള്ള കന്യാമറിയമല്ല കുരിശുയുദ്ധത്തിന്റെ കാലത്തുള്ള കന്യാമറിയം. യൂറോപ്യന്മാർ അമേരിക്കൻ ആദിഗോത്രജന്മാരെ അതിക്രമിച്ചു കീഴ്‌പ്പെടുത്തുമ്പോൾ അവർക്കു മുന്നിൽ ഉയർത്തിക്കാട്ടിയ കന്യാമറിയവും യൂറോപ്പ് ഫാസിസത്തിന്റെ പിടിയിൽ അമർന്നിരുന്ന കാലത്ത് ഉയിർത്തെഴുന്നേറ്റ കന്യാമറിയവും തികച്ചും വ്യത്യസ്ത വ്യക്തിത്വങ്ങൾ പേറുന്നവയായിരുന്നു. 2001- ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം രൂപപ്പെട്ട മതരാഷ്ട്രീയ സാഹചര്യങ്ങളും അതിനുശേഷം അമേരിക്കയിലും മറ്റും സംഭവിച്ച സാമ്പത്തികത്തകർച്ചയും അതിലൂടെ രൂപപ്പെട്ട ഒക്ക്യുപ്പൈ മൂവ്‌മെന്റും എല്ലാം രൂപപ്പെടുത്തിയ കന്യാമറിയം അതിലും വ്യത്യസ്തമായ മറ്റൊരു വ്യക്തിത്വമാണ്. ആധുനിക കന്യാമറിയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളിൽ ഒന്ന് കന്യാമറിയത്തിന്റെ കൈയിലുള്ള ഉണ്ണിയേശു ബിംബം പതിയെ ഒഴിവാകുന്നതാണെന്ന് പ്രമുഖ മിത്തോളജിസ്റ്റ് മരീന വെർണർ തന്റെ "Alone of all her sex: The myth and cult of Virgin Mary"എന്ന പേരിലുള്ള കന്യാമറിയം മിത്തിനെ വിശദമായി പഠനവിധേയമാക്കുന്ന പുസ്തകത്തിന്റെ പുതിയ പതിപ്പിനെഴുതിയ ആമുഖത്തിൽ നിരീക്ഷിക്കുന്നുണ്ട്.

യൂറോപ്യൻ ക്രൈസ്തവ സ്വാധീനമുള്ള ബോധങ്ങളിൽ കന്യാമറിയത്തിന്റെ ബിംബം പരിണാമവിധേയമായി ഭവിച്ചതിനെ ഇന്ത്യൻ ബോധത്തിൽ കാളിയുടെ മിത്തിന്റെ രൂപപരിണാമങ്ങളോടു താരതമ്യം ചെയ്യാവുന്നതാണ്. നൂറ്റാണ്ടുകളിലൂടെ പടർന്നു കിടക്കുന്ന ഇന്ത്യൻ ബോധത്തിന്റെ വൈവിധ്യത്തിനകത്ത് വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്ത കാലങ്ങളിൽ നിലനിന്നിരുന്ന കാളി രാഷ്ട്രീയമായും സാമൂഹികമായും അനേകം വ്യക്തിസത്തകളെയും പ്രതിനിധാനം ചെയ്യുന്നതു കാണാം. ബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും ഗുജറാത്തിലും ഹരിയാനയിലും എല്ലാം വേറേ വേറേ കാളികൾ വ്യത്യസ്ത ഭാവങ്ങളിൽ രാഷ്ട്രീയ ശരീരങ്ങളെയും വ്യക്തിബോധങ്ങളെയും സ്വാധീനിക്കുന്നത് നമുക്കു കണ്ടെത്താനാകും.


Related Articles