കുടുംബത്തിന്റെ ആത്മീയത പൗരോഹിത്യമതത്തിന്റെ ഒരു ഉപഉത്പന്നമല്ല, മറിച്ച് കുടുംബത്തിൽനിന്നുതന്നെ രൂപപ്പെട്ടുവരുന്ന ഒന്നാണെന്ന തത്ത്വം മാർപാപ്പ തന്നെ ആധികാരികമായി അവതരിപ്പിക്കുന്ന ഒരു പുസ്തകം ഈ വർഷം പ്രസിദ്ധീകൃതമായി. ഒൻപത് അദ്ധ്യായങ്ങളിലായി, യാഥാസ്ഥിതിക പൗരോഹിത്യചിന്തകളെ പുറന്തള്ളി കുടുംബത്തിന്റെ അന്തസ്സിനെ ഉയർത്തിപ്പിടിക്കുകയാണ് ഫ്രാൻസിസ് മാർപാപ്പ 'ദി ജോയി ഓഫ് ലൗ' (Amoris Laetitia) എന്ന ഈ പുസ്തകത്തിലൂടെ. കുടുംബങ്ങൾ ഘടനാപരമായിത്തന്നെ പ്രതിസന്ധിനേരിടുന്ന ഘട്ടത്തിലാണ് കുടുംബത്തിന്റെ സൗന്ദര്യവും ആത്മീയതവും അന്വേഷിക്കുന്ന ഈ പഠനം പ്രസക്തമാകുന്നത്.
ആത്മീയത മതങ്ങളുടെ, മതപൗരോഹിത്യത്തിന്റെ കുത്തകയാക്കി മാറ്റപ്പെട്ടിരിക്കുന്നു. പുരോഹിതന്റെ ദാസ്യവൃത്തിക്കാർ മാത്രമാണ് കുടുംബസ്ഥർ. പുരോഹിതരാണ് ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മധ്യവർത്തിയായി നിൽക്കുന്നത്. ദൈവത്തിന്റെ ഭാഷ മനുഷ്യർക്കും മനുഷ്യഭാഷ ദൈവത്തിനും വിവർത്തനം ചെയ്യുന്ന ഇവരാണ് മനുഷ്യജീവിതത്തെ നിയന്ത്രിക്കുന്നത്. പുരോഹിതർക്കു മാത്രമാണ് മനുഷ്യന് ദൈവവുമായി ഉടമ്പടിയുണ്ടാക്കുമ്പോൾ കരാറുകാരനാകുവാൻ കഴിയുന്നത്. ദൈവത്തിന്റെ അടയാളമായ കൂദാശകൾ പുരോഹിതരിലൂടെ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. അതിനാൽ ദൈവത്തെ പ്രീതിപ്പെടുത്തുക എന്നാൽ പുരോഹിതനെ പ്രീതിപ്പെടുത്തുക എന്നായി അർത്ഥം. പ്രീതിപ്പെടുത്തുക എന്ന വാക്ക് ദൈവത്തിനുവേണ്ടി പ്രയോഗിക്കാൻ ശീലിച്ചത് പുരോഹിതൻ, അധികാരി തുടങ്ങിയവർ സ്വയം പ്രീതിപ്പെടുത്തുന്ന രീതിയിലാണ്.
