വ്യഭിചാരിയുടെ  മനുഷ്യാവകാശം

Society

വ്യഭിചാരിയുടെ മനുഷ്യാവകാശം


സദാചാരപൊലീസ് ചമഞ്ഞുകൊണ്ടുള്ള ഗുണ്ടാവിളയാട്ടങ്ങളുടെ കേരളത്തിലെ ഇതെഴുതുന്നതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും അവസാനത്തെ കൊലപാതകമായിരുന്നുവല്ലോ ഏതാണ്ട് ഒന്നുരണ്ടുമാസം മുമ്പ് മലപ്പുറം ജില്ലയിലെ മങ്കടയിൽ നടന്നത്. ഇതിലെ ഇരയ്ക്ക് അയാൾ പ്രവർത്തിച്ചിരുന്ന പ്രാദേശികരാഷ്ട്രീയവൃത്തങ്ങളിൽ ലഭിച്ചുവരുന്ന രക്തസാക്ഷി പരിവേഷം നമ്മുടെ മുഖ്യധാരാരാഷ്ട്രീയപ്പാർട്ടികളിൽ ലൈംഗിക സദാചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന പൊളിച്ചെഴുത്തിന്റെ ഉദാഹരണമായി എടുക്കാമോ എന്നറിയില്ല. ഏതായാലും അഞ്ചാറുവർഷംമുമ്പ് രാഷ്ട്രീയപ്പാർട്ടികളുടെ സദാചാരപൊലീസ് മനോഭാവത്തെ എതിർത്തതിന്റെ പേരിൽ എഴുത്തുകാരനായ സക്കറിയയ്ക്ക് പയ്യന്നൂരിൽവച്ച് മർദ്ദനമേൽക്കേണ്ടി വന്ന സംഭവവുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ മാറ്റം വ്യക്തമാണ്. രാഷ്ട്രീയപ്പാർട്ടികൾക്ക് സാർവകാലികമായ ഒരു ആദർശമില്ലെന്നും കാലികമായും പ്രാദേശികമായും എടുക്കുന്ന തീരുമാനങ്ങളെ സാമാന്യവത്കരിക്കേണ്ട കാര്യമില്ലെന്നുമുള്ള വാദം ഉയർന്നുവരാം.

ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലും മറ്റും പരിഹാസം നിറഞ്ഞ കമന്റുകൾ ധാരാളം. പുന്നപ്രവയലാർ രക്തസാക്ഷികളെ ആദരിക്കുന്ന രീതിയിലാണോ ഇത്തരത്തിലുള്ള രക്തസാക്ഷികളെയും കണക്കാക്കുന്നതെന്ന ചോദ്യം സ്വാഭാവികമാണ്. രാഷ്ട്രീയപ്പാർട്ടികളുടെ ഇത്തരം നിലപാടുമാറ്റങ്ങൾക്കു പിന്നിലെ അവസരവാദത്തിന്റേതായ അംശം തള്ളിക്കളയാനാവില്ലെങ്കിലും ഇപ്പോഴത്തെ നിലപാടിലെ പുരോഗമനപരമായ ഘടകം ശ്രദ്ധേയമാണ്.

ഇതു കേവലം ലൈംഗികസദാചാരത്തിന്റെ പ്രശ്‌നമല്ല. ലൈംഗികസ്വാതന്ത്ര്യത്തോടുള്ള നമ്മുടെ രാഷ്ട്രീയനേതൃത്വത്തിന്റെ സമീപനം ആൾക്കൂട്ടമനോഭാവത്തിൽനിന്ന് എത്രത്തോളം ഉയർന്നുനിൽക്കുന്നുവെന്നത് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന താരതമ്യേന പുരോഗമനപരമായ ആശയങ്ങൾ അവർ എത്രത്തോളം ഉൾക്കൊള്ളുന്നുവെന്നതിന്റെ സൂചികകൂടിയാണ്.


Related Articles