അതിക്രമിച്ചുകടക്കുന്ന ഉത്തരാധുനികർ...

Society

അതിക്രമിച്ചുകടക്കുന്ന ഉത്തരാധുനികർ...


അപ്പനെപ്പേടിയില്ലാത്ത ബോദ്രിലാർ

America is neither dream nor reality. It is a hyperreality because it is a utopia which has behaved from the very beginning as though it were already achieved... The Americans, for their part, have no sense of simulation. They are themselves simulation in its most developed state, but they have no language in which to describe it, since they themselves are the model.
(ബോദ്രിലാർ-അമേരിക്ക)

ബോദ്രിലാർ അമേരിക്കയെ നെടുകെയും കുറുകെയും പിളർന്നുവച്ച് നമ്മെ ഭക്ഷിക്കാൻ വിളിച്ചു. അങ്ങനെയൊരെഴുത്ത് അദ്ദേഹത്തിനുമാത്രം സാധ്യമാകുന്ന വിധത്തിൽ 'ഉത്തരാധുനികത' (post modernity) അതിൽക്കിടന്നു കളിച്ചു. ഇതൊക്കെ സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നു സംഭ്രമിച്ചുകൊണ്ടാണ് ആ ഉത്തരാധുനികജ്ഞാനവൃദ്ധൻ അതീതയാഥാർത്ഥ്യം (hyper-reality‑) എന്ന തർക്കവാചകം നമുക്കു തന്നത്. ആ അതിസഞ്ചാരവിവരണഗ്രന്ഥം (hyper-travelogue‑), തന്നിലെ യൂറോപ്യൻ ആധുനികനെ സ്ഫുടംചെയ്‌തെടുക്കാൻ ബോദ്രിലാറിനെ ഏറെ സഹായിച്ചുവെങ്കിലും, അദ്ദേഹം കണ്ടെത്തിയ ആധുനികാനന്തരത ഇന്നൊരു ചരിത്രമാണ്. അതേ ഉദ്ധരണിയുടെ ഏതാണ്ടു മധ്യഘട്ടത്തിൽ ബോദ്രിലാർ നിഗമനംചെയ്യുന്നത്---അമേരിക്കയുടെ മാറ്റം (to the perfect simulacrum‑) ഒരു യൂറോപ്യനുമാത്രമേ മനസ്സിലാക്കാനാവൂ എന്നാണ്. അതിലൂടെ രണ്ടു പരിജ്ഞാനങ്ങൾ അദ്ദേഹം ഉറപ്പിക്കുന്നു. യാഥാർത്ഥ്യത്തിന്റെ അനുഭവതലത്തിൽ മികച്ച ആധുനികൻ യൂറോപ്യനാണ്. അതുകൊണ്ടാണ് അതീതയാഥാർത്ഥ്യത്തിന്റെ അനുഭവകർത്താക്കളായിരിക്കുമ്പോഴും, അതിനെ തിരിച്ചറിയാനുള്ള പ്രജ്ഞ അമേരിക്കക്കാർക്കില്ലാത്തത്. Sense of simulation എന്ന് ബോദ്രിലാർ പറഞ്ഞത് അതിനെ സൂചിപ്പിക്കാനാണ്. രണ്ടാം പരിജ്ഞാനമാണ് ഏറെ രസാവഹം. അമേരിക്കയ്ക്കും യൂറോപ്പിനും പുറത്ത് ആധുനികതയുടെ വികാസപരിണാമങ്ങളില്ല എന്ന ആ പരിജ്ഞാനം ബോദ്രിലാറിന്റെ വാക്യത്തിലെവിടെയുമില്ലെങ്കിലും അതിന്റെ ദമനസാന്നിധ്യം ഇന്നു വ്യക്തമാണ്. കേരളത്തിൽ ഉത്തരാധുനികതയില്ലെന്നു വാദിച്ച നമ്മുടെ കനപ്പെട്ട ഒരു പണ്ഡിതനെ നയിച്ചത് ഇതേ ബോദ്രിലാറാവാനാണു സാധ്യത; പ്രത്യക്ഷത്തിൽ അതു ഡാനിയൽബെല്ലിന്റെ വ്യവസായാനന്തര (post-industrial) തത്ത്വചിന്തയായിരുന്നെങ്കിലും!


Related Articles