ഉത്തരാധുനിക കാലത്തെ മാർപാപ്പ

Society

ഉത്തരാധുനിക കാലത്തെ മാർപാപ്പ


നല്ലയിടയന്റെ കഥയാവും ഏതൊരു കുഞ്ഞിനെയും ക്രിസ്തീയതയുടെ ആത്മീയപരിസരത്തിലേക്ക് ചേർത്തുനിർത്തുന്ന ആദ്യ രൂപകം എന്നു തോന്നിയിട്ടുണ്ട്. തന്റെകൂടെയുള്ള 99 ആടിനെ നെയുംവിട്ട് കാണാതായ ഒരാടിനെ തേടിപ്പോകുന്ന ഇടയൻ. അതിനെ വീണ്ടുകിട്ടുമ്പോൾ ആഹ്ലാദിക്കുന്നവൻ. എന്നാൽ കൂലിക്കാരന് ഒരിക്കലും അതിനാവില്ലെന്നും ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. യോഹന്നാന്റെ സുവിശേഷം പത്താം അധ്യായം 12-ാം വാക്യത്തിൽ ഇത്തരം ഇടയന്മാരെക്കുറിച്ച് യേശു പറയുന്നത് ഇങ്ങനെയാണ്: “ഇടയനല്ലാത്തവനും ആടുകൾ സ്വന്തമല്ലാത്തവനുമായ കൂലിക്കാരൻ, ചെന്നായ് വരുന്നത് കാണുമ്പോൾ ആടുകളെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ചെന്നായ് വന്ന് അവയെ പിടിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്നു” (യോഹ. 10,12). തന്റെ സ്വന്തമെന്ന് കരുതി ആടുകളെ സ്നേഹിക്കാൻ ഒരു കൂലിക്കാരന് എളുപ്പമല്ല. അജപാലനത്തിന്റെ ഈ വിരുദ്ധദ്വന്ദ്വങ്ങളെ ബൈബിൾ പണ്ടേ ദീർഘദർശനം ചെയ്തിരുന്നു.

ഏതാണ്ട് 118 കോടിയോളം അംഗങ്ങൾ ഉള്ള വലിയൊരു വിശ്വാസി സമൂഹത്തിന്റെ പരമാധ്യക്ഷൻ എന്ന നിലയിൽ ലോകമെമ്പാടും അറിയപ്പെടുന്ന ആത്മീയാചാര്യനാണ് മാർപ്പാപ്പ. സെന്റ് പീറ്ററിൽനിന്നും പോപ്പ് ഫ്രാൻസിസ് വരെ 266 പോപ്പുമാർ ഉണ്ടായിട്ടുണ്ടെന്നാണു ഔദ്യോഗിക കണക്ക്. പോപ്പുമാരുടെ എണ്ണം കാലക്രമത്തിൽ ആദ്യമായി രേഖപ്പെടുത്തിയത് ഹെർമ്മാനസ് കോൺട്രാക്ടസ് ആണ്. 1049-ൽ ലിയോ ഒൻപതാമൻവരെയാണ് അദ്ദേഹം രേഖപ്പെടുത്തിയത്. ഈ കണക്കുകളിൽ പലതരം തിരുത്തലുകൾ പല കാലത്തു വന്നിട്ടുണ്ട്. ആന്റിപോപ്പുമാരെ കണ്ടെത്തലും ഒഴിവാക്കലുമൊക്കെ ഉണ്ടായിട്ടുണ്ടെന്നതു ചരിത്രസത്യം.

1950 മുതൽ 2025 വരെയുള്ള പരിചിതമായ ചരിത്രത്തിൽ നിറഞ്ഞു നിൽക്കുന്ന പാപ്പമാർ പന്ത്രണ്ടാം പീയൂസ് പാപ്പ, ഇരുപത്തിമൂന്നാം ജോൺ മാർപ്പാപ്പ, പോൾ ആറാമൻ പാപ്പ, ജോൺ പോൾ ഒന്നും രണ്ടും പാപ്പമാർ, ബനഡിക്ട് പതിനാറാമൻ, ഫ്രാൻസിസ് പാപ്പ എന്നിവരാണ്. ലോകയുദ്ധാനന്തര കോളനിയനന്തര കാലഘട്ടത്തിൽ ആത്മീയതയിലൂന്നിയ ലോകവീക്ഷണദൗത്യം നിറവേറ്റിയവർ എന്ന നിലയിലാണ് ഇവരെ നാം കാണുന്നത്.


Related Articles