മനുഷ്യരാശി ഒരു ആഗോളപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. ഒരുപക്ഷേ, നമ്മുടെ തലമുറ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ പ്രതിസന്ധി. ഇനിവരുന്ന ഏതാനും ആഴ്ചകളിൽ വ്യക്തികളും ഗവൺമെന്റുകളും എടുക്കുന്ന തീരുമാനങ്ങളാണ് വരുംകൊല്ലങ്ങളിലെ ലോകത്തിന്റെ രൂപംതന്നെ തീരുമാനിക്കുന്നത്. നമ്മുടെ ആരോഗ്യസംരക്ഷണസംവിധാനങ്ങളെ മാത്രമല്ല, നമ്മുടെ സാമ്പത്തികവ്യവസ്ഥയെയും രാഷ്ട്രീയത്തെയും സംസ്‌കാരത്തെയും അത് മാറ്റിയെഴുതും. താമസംകൂടാതെയും ഉറപ്പോടെയും നാം പ്രവർത്തിക്കേണ്ടതുണ്ട്. നമ്മുടെ പ്രവൃത്തികളുടെ ദൂരവ്യാപകമായ അനന്തരഫലങ്ങളെ മുൻകൂട്ടിക്കാണുകയുംവേണം. ഏതു തെരഞ്ഞെടുപ്പു നടത്തുമ്പോഴും തൊട്ടരികിലുള്ള ഭീഷണിയെ എങ്ങനെ തരണംചെയ്യാം എന്നതിൽക്കവിഞ്ഞ്, കൊടുങ്കാറ്റിനപ്പുറത്ത് ഏതുവിധത്തിലുള്ള ലോകത്താവും നാം ജീവിക്കേണ്ടിവരിക എന്നുകൂടി നാം സ്വയം ചോദിക്കണം. അതെ, കൊടുങ്കാറ്റു കടന്നുപോകും, മനുഷ്യരാശി അതിജീവിക്കും, നമ്മളിൽ ഒട്ടുമിക്കവരും ജീവനോടെതന്നെ ബാക്കിയുണ്ടാവും പക്ഷേ, നാം ജീവിക്കുക വ്യത്യസ്തമായ ഒരു ലോകത്തായിരിക്കും.
അടിയന്തരഘട്ടങ്ങളിൽ സ്വീകരിക്കേണ്ടിവന്ന പല സംവിധാനങ്ങളും ജീവിതംമുഴുവൻ തുടരേണ്ടിവരും. അടിയന്തരഘട്ടങ്ങളുടെ സ്വഭാവം അങ്ങനെയാണ്. ചരിത്രത്തിന്റെ പ്രക്രിയകളെ അവ അതിവേഗം മുന്നോട്ടോടിക്കും. സാധാരണ സമയങ്ങളിൽ വർഷങ്ങളുടെ ആലോചനകൾ വേണ്ടിവന്നേക്കാവുന്ന തീരുമാനങ്ങൾ മണിക്കൂറുകൾകൊണ്ട് നടപ്പിൽവരും. പാകമാവാത്തതും പലപ്പോഴും അപകടകാരികൾ പോലുമായ സാങ്കേതികവിദ്യകൾ നിർബന്ധപൂർവം ഉപയോഗിക്കേണ്ടിവരും, കാരണം നിഷ്‌ക്രിയത അതിനേക്കാൾ അപകടംപിടിച്ചതാവും. വൻതോതിലുള്ള സാമൂഹിക പരീക്ഷണങ്ങൾക്കു മുഴുവൻ രാജ്യങ്ങളും ഗിനിപ്പന്നികളാകേണ്ടിവരും. എല്ലാവരും വീട്ടിലിരുന്നു ജോലിചെയ്യുകയും സാമൂഹിക അകലം പാലിച്ചുകൊണ്ടുമാത്രം ആശയവിനിമയം നടത്തുകയും ചെയ്യുമ്പോൾ എന്തുണ്ടാകും? എല്ലാ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഓൺലൈൻ ആയാൽ എന്തുണ്ടാകും? സാധാരണസമയങ്ങളിൽ ഗവൺമെന്റുകളോ വ്യവസായങ്ങളോ വിദ്യാഭ്യാസ ബോർഡുകളോ അത്തരം പരീക്ഷണങ്ങൾക്ക് ഒരിക്കലും മുതിരുകയില്ല. പക്ഷേ, ഇത് സാധാരണസമയമല്ലല്ലോ.
ഈ ആപത്ഘട്ടത്തിൽ പ്രത്യേകപ്രാധാന്യം അർഹിക്കുന്ന രണ്ടു തെരഞ്ഞെടുപ്പുകളാണ് നമുക്കുമുന്നിലുള്ളത്. ആദ്യത്തേത് സമഗ്രാധിപത്യത്തിന്റെ നിരീക്ഷണമാണോ വേണ്ടത് പൗരശാക്തീകരണമാണോ എന്നതാണ്. രണ്ടാമത്തേത് ദേശീയവാദപരമായ ഒറ്റപ്പെടൽ വേണോ ആഗോള ഐകദാർഢ്യം വേണോ എന്നതാണ്.
