ഡിസ്‌ടോപ്പിയൻ പൗരാണികതയും ഭാവിയുടെ ഭൂതങ്ങളും

Society

ഡിസ്‌ടോപ്പിയൻ പൗരാണികതയും ഭാവിയുടെ ഭൂതങ്ങളും


''ഇന്ത്യക്കാരെ കടത്താത്ത കാഡയിൽ കാലെടുത്തുവയ്ക്കുകയില്ലെന്ന് ശഠിച്ച ടാഗോർ എന്തുകൊണ്ട് പറയരെയും മറ്റും കടത്താത്ത പബ്ലിക്ക് റോഡുകളിൽ കാലെടുത്തു കുത്തുകയില്ലെന്ന് ശഠിക്കുന്നില്ല'' - സഹോദരൻ അയ്യപ്പൻ

സമകാലിക ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ജനപ്രിയ മുന്നേറ്റങ്ങൾക്ക് അടിസ്ഥാനകാരണമായ ഒന്നാണ് പൗരാണികത. അമൂർത്തമായൊരു ആശയപ്രതീകവ്യവസ്ഥ എന്നതിൽ കവിഞ്ഞ് വളരെ മൂർത്തമായ പ്രത്യാഘാതങ്ങളുള്ള ഒരു രാഷ്ട്രീയപദ്ധതിയായി അതിനെ തിരിച്ചറിയുകയാണ് പ്രധാനം. ബഹുവിധമായ അനുഭൂതികളുടെ പ്രഭവകേന്ദ്രമാണ് പൗരാണികത. അത് അതിഭൗതികമായ ആത്മഹർഷങ്ങളെ ഉത്പാദിപ്പിക്കുന്ന ദൈവികപരതയിലൂടെയാണ് സാധൂകരിക്കപ്പെടുന്നത്. എന്നാൽ ഈ പൗരാണികതയുടെ പ്രത്യയശാസ്ത്രം എങ്ങനെയാണ് ഇന്ത്യൻ ജനതയുടെ ഐക്യഭാവനകളെ തകർക്കുന്നത്? ചരിത്രത്തിന്റെ, ചരിത്രരചനാശാസ്ത്രത്തിന്റെ, ദേശീയതയുടെ തുടങ്ങി ദൈനംദിന ജീവിതത്തിന്റെ രാഷ്ട്രീയഅവബോധത്തെ മുഴുക്കെ എങ്ങനെയാണ് നയിക്കുന്നത് തുടങ്ങിയ മൗലികമായ ചോദ്യങ്ങളാണ് ഈ എഴുത്ത് പ്രശ്‌നവൽക്കരിക്കാൻ ശ്രമിക്കുന്നത്. അതോടൊപ്പംതന്നെ സാംസ്‌കാരികദേശീയവാദമെന്ന വിപത്‌രാഷ്ട്രീയദർശനത്തോടുള്ള ബദൽവ്യവഹാരനിർമ്മിതികൾക്കുള്ള അന്വേഷണങ്ങളും മുന്നോട്ടു വെക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുമുമ്പുള്ള നൂറ്റാണ്ടുകളിലും, ദശകങ്ങളിലുമായി ഉരുവപ്പെടുന്ന ദേശീയതാസങ്കല്പങ്ങൾ അവയുടെ വേരുകൾകൊണ്ടും ധാരകൾക്കൊണ്ടും അനേകം വഴികളിലൂടെയാണ് കടന്നുവരുന്നതും ചെന്നെത്തുന്നതും. യൂറോപ്യൻ ഓറിയന്റ്‌ലിസ്റ്റുകളും ജർമ്മൻ ഇൻഡോളജിസ്റ്റുകളും മറ്റ് ബ്രിട്ടീഷ് സന്നാഹങ്ങളുമൊക്കെ ഇന്ത്യാസംബന്ധിയായ ചരിത്രം, സംസ്‌കാരം, വൈജ്ഞാനികം മുതലായ മേഖലകളിൽ ഇടപ്പെട്ടു തുടങ്ങുന്ന ചരിത്രസന്ദർഭംതൊട്ട് ഈ ദേശീയതാഭാവനകൾ അതിന്റെ ചായ്‌വും ചരിവും പ്രകടമാക്കിത്തുടങ്ങുന്നു. വേദങ്ങളും സ്മൃതികളും കാളിദാസകൃതികളുമൊക്കെ ആധാരമാക്കി ഇന്ത്യാചരിത്രനിർമ്മിതിയിലേക്ക് പ്രവേശിച്ച് പാശ്ചാത്യപണ്ഡിതവിഭാഗങ്ങൾ രീതിശാസ്ത്രപരമായൊരു മാതൃകയെ തുറന്നിട്ടു1. അതിന്റെ ചുവടു പിടിച്ചാണ് ഇന്ത്യയിലെ വരേണ്യചരിത്രകാരൻമാർ ദേശീയതയുടെ രീതിശാസ്ത്രമേഖലയായ ചരിത്രരചനാശാസ്ത്രത്തിലിടപ്പെടുന്നത്. അത്യുദാത്തമായ വ്യാഖ്യാനങ്ങളിലൂടെയുള്ള വൈദിക സംസ്‌കാരനിർമ്മിതികൾ തൊട്ട് പൗരാണികസാഹിതീയ സ്രോതസ്സുകളിലൂടെ അലംകൃതമായ ഭരണകൂടചരി്രതങ്ങളും രാജവംശാവലികളുമൊക്കെ വിരചിതമാക്കിയുള്ള ചരിത്രനിർമ്മിതിയാണ് തദ്ദേശീയ-വരേണ്യ-ചരിത്രപണ്ഡിതർ ഊർജ്ജിതമാക്കിയത്2. ഇന്ത്യൻ ദേശീയതാസങ്കല്പനങ്ങളുടെ രൂപീകരണഘട്ടങ്ങളിലെ, പ്രാഥമിക ഘട്ടമായി വിലയിരുത്താവുന്ന 18-ാം നൂറ്റാണ്ടിന്റെ മധ്യത്തിനു ശേഷമുള്ള കാലം തൊട്ടാണ് ഈ ചരിത്ര പ്രക്രിയകൾ നടക്കുന്നത്. വൈദികം, സനാതനം, ആർഷം, ആര്യാവർത്തം എന്നിങ്ങനെ പ്രതീകാത്മകവും ഭൂമിശാസ്ത്രപരവുമായ സാംസ്‌കാരിക ചരിത്രനിർമ്മിതികളിലൂടെ അത് വിപുലമാകുന്നു. വളരെ ഏകപക്ഷീയവും ബ്രാഹാമണികവുമായ മാനങ്ങളിലൂടെയാണ് ആദിമകൊളോണിയൽ ഘട്ടത്തിലെ ചരിത്രരൂപീകരണപ്രക്രിയകൾ നടക്കുന്നത്. അതിന് സമഗ്രമായ വിമർശനമുന്നയിച്ചുക്കൊണ്ടുള്ള ബൗദ്ധികമുന്നേറ്റങ്ങളെ ജാതിവിരുദ്ധ/സമത്വോൻമുഖപോരാട്ടങ്ങളുടെ ചരിത്രത്തിൽ നിന്നാണ് പ്രാഥമികമായി രേഖപ്പെടുത്താനാവുക. 19-ാം നൂറ്റാണ്ടോടുകൂടി ഇന്ത്യയൊട്ടുക്ക് പടരുന്ന ആഭ്യന്തരജനാധിപത്യനവീകരണ മുന്നേറ്റങ്ങളുടെ ഭാഗമായുണ്ടാകുന്ന അവബോധത്തിലൂടെയാണ് ദേശത്തിന്റെ ചരിത്രവും, ചരിത്രത്തിന്റെ രീതിശാസ്ത്രവും, സംസ്‌കാരത്തിന്റെ പ്രശ്‌നങ്ങളും, ദേശീയതയുടെ ഭാവനകളുമൊക്കെ സമഗ്രവും വിപ്ലവാത്മകവുമായി പുന:പരിശോധിക്കപ്പെടുന്നത്3. പൗരാണികതയുടെ എളുപ്പവഴികളിലൂടെ ഏകപക്ഷീയമാവുന്ന ആരോപിതസംസ്‌കാര-ചരിത്രനിർമ്മാണങ്ങളും ചരിത്രത്തിന്റെ നീതിശാസ്ത്രവും തമ്മിലുള്ള സംഘർഷത്തെ വെളിപ്പെടുത്തിക്കൊണ്ടാണ് സംസ്‌കാരദേശീയതയുടെ ചരിത്രവർത്തമാനങ്ങളെ അഭിമുഖീകരിക്കാനാവൂക.


Related Articles