കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ അവസാന ദിനത്തിലാണ് ഇന്ത്യയിലെ മികച്ച അഭിനേതാക്കളിലൊരാളായ 'ഉലകനായകൻ' കമൽഹാസൻ വേദിയിലെത്തിയത്. ആരാധകരുടെ നിലയ്ക്കാത്ത പ്രവാഹവും സ്നേഹപ്രകടനവുംകൊണ്ട് അവിസ്മരണീയമായി അദ്ദേഹത്തിന്റെ വരവ്. എശിറശിഴ ങ്യ ജീഹശശേര െഎന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. താൻ എന്തുകൊണ്ട് രാഷ്ട്രീയത്തിൽ എത്തിയെന്ന് കമൽഹാസൻ വിശദീകരിച്ച പ്രഭാഷണം ജനത്തെ ഇളക്കിമറിച്ചു. പ്രഭാഷണത്തിന്റെ പൂർണമായ മൊഴിമാറ്റമാണ് ഇത്.
ഒരുപക്ഷേ, കാൽനൂറ്റാണ്ട് മുമ്പാണെങ്കിൽ ഇന്നിവിടെ പ്രഭാഷണത്തിന് തന്ന വിഷയം സംസാരിക്കാൻ ഏറ്റവും അനുയോജ്യനല്ലാത്ത ഒരാളായിരുന്നേനെ ഞാൻ. അതിനു കാരണം രാഷ്ട്രീയം ഞാൻ കണ്ടെത്താത്തതായിരുന്നില്ല, എന്നെ രാഷ്ട്രീയം കണ്ടെത്താത്തതായിരുന്നു. അത് ഞാൻ കുറച്ചു കഴിഞ്ഞ് വിശദമാക്കാം. മുപ്പതുവയസുകളിലുള്ള ഏതൊരു അഭിനേതാവും തങ്ങൾക്ക് പങ്കാളിയാകാൻ പറ്റുന്ന ഒന്നല്ല രാഷ്ട്രീയം എന്ന് കരുതുന്നു. അവർക്ക് അതിനോട് വൈമുഖ്യമുണ്ട്. അവർ രാഷ്ട്രീയത്തിൽനിന്ന് അകന്നു നിന്നു. ഞാനും അതിനോട് വളരെ സമാനമായിട്ടാണ് ചിന്തിച്ചത്. എന്റെ എല്ലാ പഠനങ്ങളും നടന്നത് അനൗപചാരികമായിട്ടാണ്. ഞാനൊരു കോളജിലും അതിനായി പോയിട്ടില്ല. അതെല്ലാം കോളജ് കാമ്പസിന് പുറത്ത് സംഭവിക്കുകയായിരുന്നു. സൗഹൃദത്തിന്റെ ഭാഗമായി എഴുത്തുകാരും മറ്റുമാണ് എന്നെ പലതും പഠിപ്പിച്ചത്. സാഹിത്യത്തെപ്പറ്റിയും രാഷ്ട്രീയത്തെപ്പറ്റിയും എല്ലാം. ഞാനതെല്ലാം ഉൾക്കൊണ്ടിരുന്നെങ്കിലും അതിൽ പൂർണമായി മുഴുകാനോ മസ്തിഷ്കപ്രക്ഷാളനത്തിന് വിധേയനാകാനോ കൂട്ടാക്കിയില്ല.
ഞാനെന്റെ ഇരുപതുകളുടെ തുടക്കത്തെപ്പറ്റിയാണ് പറയുന്നത്. രാഷ്ട്രീയം എന്നത് എന്റെ കണക്കു കൂട്ടലിൽ ഒരു ധാരണയാണ് (എഗ്രിമെന്റ്). അതായത് ഒരു കൂട്ടം ആളുകൾ സർക്കാരിന്റെ പ്രവർത്തനം നടത്താനായി എത്തുന്ന ധാരണ. അധികാരമോഹികളായ ആൾക്കാരുടെ കളിസ്ഥലമാണ് രാഷ്ട്രീയമെന്ന് ഞാൻ കരുതി. അതിനാൽ എന്തുകൊണ്ട് എന്റെ കലയും ജീവിതവും മാത്രമായി മുന്നോട്ടുപോയിക്കൂടാ എന്ന് ഞാൻ ചിന്തിച്ചു. മാർക് ട്വയിൻ പറഞ്ഞപോലെ 'രാഷ്ട്രീയം തെമ്മാടികളുടെ അവസാന അഭയകേന്ദ്രമാണ്' എന്ന് ചിന്തിച്ചു. മറ്റൊരു അമേരിക്കൻ എഴുത്തുകാരനായ ആംബ്രോസ് ബിയേഴ്സ്, മാർക് ട്വയിനെ തിരുത്തി, 'മാർക് ട്വയിൻ, നിങ്ങൾക്ക് തെറ്റി. അത് തെമ്മാടികളുടെ അവസാന അഭയസ്ഥാനമല്ല, ആദ്യത്തെ അഭയസ്ഥാനമാണ്' എന്നു പറഞ്ഞു. എനിക്കാ കൗശലവാക്കുകളിൽ മതിപ്പ് തോന്നി. അതായിരുന്നു കൗമാരകാലത്തെ എന്റെ നിലപാട്.
