കൊവിഡ്മറയത്തെ  വികസനങ്ങൾ

Society

കൊവിഡ്മറയത്തെ വികസനങ്ങൾ


കൊവിഡ് 19 കാലഘട്ടം പരിസ്ഥിതി സംബന്ധിയായ ഗൗരവതരമായ പുനർ വിചിന്തനങ്ങൾക്ക് വിധേയമായ ഒരു സമയമാണ്. പ്രകൃതിയിൽ മനുഷ്യരുടെ ഇടപെടൽ ഏറ്റവും കുറഞ്ഞിരുന്ന ഒരു സമയം എന്ന നിലയ്ക്കും വികസന പദ്ധതികൾ യഥേഷ്ടം നടത്താനുള്ള കരുനീക്കങ്ങൾ നടത്തപ്പെട്ട സമയം എന്ന നിലയ്ക്കും. കോവിഡ് അടച്ചിടൽ സമയത്ത് എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കും പൂട്ട് വീണതിനാൽ പ്രകൃതിക്കു സ്വാഭാവികമായുണ്ടാകുന്ന പരിണാമപ്രക്രിയ നിർബാധം നടന്നു എന്നത് ലോകമൊട്ടുക്കും ശ്രദ്ധിക്കപ്പെട്ട ഒരു കാര്യമാണ്. എന്നാൽ, മറുവശത്ത് നമ്മൾ കണ്ടത്, അടച്ചിടലിന് ശേഷമുള്ള ഇളവുകളിൽ സാമൂഹികജീവിതം പച്ചപിടിച്ചു തുടങ്ങും മുൻപു തന്നെ പലതരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ നീക്കുകയും പൂർവാധികം ശക്തിയായി തുടങ്ങുകയും ചെയ്തതാണ്. ഈ നടപടികൾ അദ്ഭുതമുളവാക്കുന്നതല്ലെങ്കിലും കോവിഡിന്റെ സവിശേഷ സാഹചര്യത്തിൽ ഇതിനു പ്രസക്തി വരുന്നത് ഈ സന്ദർഭം ചില യാഥാർത്ഥ്യങ്ങളെ തുറന്നു കാട്ടുന്നുണ്ട് എന്നതിനാലാണ്. ഒന്നാമതായി, 'സുസ്ഥിര വികസനം' എന്ന പേരിലാണെങ്കിലും വലിയ തോതിൽ 'പ്രകൃതിയെ തന്നെ ആശ്രയിച്ചുള്ള വികസന പദ്ധതികളാണ് സാമ്പത്തിക വളർച്ചയ്ക്ക് ആധാരം' എന്ന ഇപ്പോഴും തുടരുന്ന വികലമായ വികസനനയം തന്നെയാണ് ദേശീയ, സംസ്ഥാന തലങ്ങളിൽ അനുവർത്തിച്ചു പോരുന്നത് എന്നതാണ്. രണ്ടാമതായി, കഴിഞ്ഞ കുറച്ചു കാലങ്ങളായി പല വികസന പദ്ധതികൾക്കും നിർമ്മാണ പ്രക്രിയകൾക്കും പ്രാദേശികമായ എതിർപ്പ് നേരിടേണ്ടി വരുന്നുണ്ട്. എന്നാൽ, കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വികസന പദ്ധതികൾക്ക് എതിരെ ഉണ്ടാകാമായിരുന്ന പ്രതിഷേധ സമരങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ കഴിഞ്ഞു.

മേൽപറഞ്ഞ രണ്ട് കാര്യങ്ങളും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നവയാണ്. അതായത്, ഇന്ത്യയിലെപെതുവായതോ കേരളത്തിലെമാത്രമായുള്ളതോ ആയ സാഹചര്യമായാലും വികസനപ്രവർത്തനങ്ങൾ പൊതുവിൽ ഏതെങ്കിലും ഒരു ജനവിഭാഗത്തിന്റെ ജീവിതം ദുരിതത്തിലാക്കിക്കൊണ്ടാവും നടപ്പിലാക്കുക എന്നതുകൊണ്ട് പൊതുജനങ്ങളുടെ എതിർപ്പ് എന്നത് അവഗണിക്കാനാകാത്ത ഒരു യാഥാർത്ഥ്യമാണ്. പലപ്പോഴും ഈ എതിർപ്പ് അവർ നിത്യജീവിതത്തിൽ ആശ്രയിക്കുന്ന പലവിധ പ്രകൃതിവിഭവങ്ങളിൻ മേലുള്ള അവരുടെ അവകാശത്തെ ഹനിക്കുന്നതുകൊണ്ടാണ് ഉണ്ടാകുന്നത്. അതിനാൽ, ഈ സന്ദർഭം ഉയർത്തുന്ന കുറെ ചോദ്യങ്ങൾ ഉണ്ട്. എന്താണ് വികസനം കൊണ്ട് അർത്ഥമാക്കുന്നത്, ഇപ്പോൾ നിലനിൽക്കുന്ന മുഖ്യധാരാ വികസനം ആരെയൊക്കെയാണ് ഉൾക്കൊള്ളുന്നത്, ആരെയാണ് പുറം തള്ളുന്നത്, ഈ വികസനം പ്രകൃതിയെ അല്ലെങ്കിൽ പരിസ്ഥിതിയെ1 എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്. ഇവയൊന്നും തന്നെ കോവിഡിന്റെ സവിശേഷ സാഹചര്യത്തിൽ ഉയർന്നു വന്നവയല്ല, 1980 കൾ മുതൽ തന്നെ പ്രശ്‌നവൽകൃതമാണ്. എന്നാൽ കോവിഡ് രോഗബാധയുടെ സമയത്ത് സർക്കാരുകളുടെ പരിസ്ഥിതി വിഷയങ്ങളോടുള്ള സമീപനങ്ങളാണ് ഈ സങ്കീർണ്ണാവസ്ഥകളെ പൂർവ്വാധികം ഗൗരവത്തോടെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നത്.


Related Articles