വൈവിധ്യങ്ങളുടെ നിഷേധം

Society

വൈവിധ്യങ്ങളുടെ നിഷേധം


2014-ലെ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാപാർട്ടി കൈവരിച്ച മികച്ച വിജയത്തെതുടർന്നുണ്ടായ ആദ്യ പ്രതികരണം 'ജാതിപാർട്ടികളെ തുടച്ചുനീക്കിയെന്നായിരുന്നു.' കോൺഗ്രസ്, കമ്മ്യൂണിസ്റ്റുപാർട്ടികൾ, ആം ആദ്മിപാർട്ടി എന്നീ ദേശീയപാർട്ടികൾക്ക് നേരിടേണ്ടിവന്ന കനത്തപരാജയത്തെ കണക്കിലെടുക്കാതെ ആഘോഷിക്കപ്പെട്ടത് ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടി, ബഹുജൻസമാജ് പാർട്ടി, ബീഹാറിലെ ജനതാദൾ (യു) ജനതാദൾ (എസ്) എന്നിങ്ങനെ ദലിത്-പിന്നോക്ക സാമുദായികപാർട്ടികൾക്കേറ്റ തിരിച്ചടികളാണ്. ഈ പാർട്ടികൾ മുഖ്യമായും ആശ്രയിച്ചത്, സ്വന്തം സാമുദായിക വോട്ടുകളോടൊപ്പം മുസ്‌ലിം വോട്ടുകളെയാണ്. എന്നാൽ, ദലിത്- പിന്നോക്ക വോട്ടുകൾ സംഘപരിവാറിന്റെ ആസൂത്രിത പ്രവർത്തനങ്ങളിലൂടെ ഭിന്നിച്ച് മതാധിഷ്ഠിതമായി ബി.ജെ.പി. യിലേക്കു ചാഞ്ഞപ്പോൾ, മുസ്‌ലിം വോട്ടുകൾ വിവിധ പ്രസ്ഥാനങ്ങൾക്കനുകൂലമായി ചിതറിയതുമാണ് മുൻചൊന്ന പ്രസ്ഥാനങ്ങളുടെ പരാജയത്തിന്നടിസ്ഥാനമായത്.

മുമ്പൊരിക്കലുമില്ലാത്തതും ദേശീയ ശ്രദ്ധയാകർഷിച്ചതുമായ തെരഞ്ഞെടുപ്പിന്റെ സാമുദായിക പക്ഷപാതിത്വത്തെക്കുറിച്ചു നല്ലൊരു ചിത്രം ലഭിക്കുന്നത് യു.പിയിൽനിന്നുമാണ്. ആ സംസ്ഥാനത്തെ 80 ലോക്‌സഭാസീറ്റുകളിൽ 71 ഉം നേടാൻ കഴിഞ്ഞത് ബി.ജെ.പി.ക്കാണ്. അതേസമയം, തെരഞ്ഞെടുപ്പുഫലം മറ്റൊരുകാര്യം വ്യക്തമാക്കുന്നുണ്ട്. ജാതിപാർട്ടികളെന്നു മുദ്രയടിക്കപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ സാമുദായികാടിത്തറ ഇളക്കാൻ ബി.ജെ.പിയ്ക്കു നേടാൻ കഴിഞ്ഞിട്ടില്ലെന്നുള്ളതാണ് ശ്രദ്ധേയമായിട്ടുള്ളത്. ഉദാഹരണത്തിന്, 2009 ലെ തെരഞ്ഞെടുപ്പിൽ ബ്രാഹ്‌മണ- ഭൂമിഹാർ സമുദായങ്ങളുടെ പിന്തുണയോടെ ബി.എസ്.പിയ്ക്കു നേടാൻ കഴിഞ്ഞത് 27.5 ശതമാനം വോട്ടുകളാണ്. 2014-ൽ സവർണസമുദായങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടിട്ടും ബി.എസ്.പിക്കു 19.6 ശതമാനം വോട്ട് നേടാൻ കഴിഞ്ഞിട്ടുണ്ട്. അഖിലേന്ത്യാതലത്തിൽ ബി.ജെ.പി.ക്കു ലഭിച്ചിരിക്കുന്നത് 31 ശതമാനം വോട്ട് മാത്രമാണ്. ഇത് ചൂണ്ടിക്കാട്ടുന്നത് രാജ്യത്തിലെ മൂന്നിൽ രണ്ടിലേറെ ജനങ്ങൾ ബി.ജെ.പിയെ അംഗീകരിക്കുന്നില്ലെന്നാണ്. തന്മൂലം, ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ കേന്ദ്രഗവൺമെന്റിന് രാഷ്ട്രീയസ്വയം സേവക്‌സംഘി (ആർ.എസ്.എസ്) ന്റെ തീവ്രഹിന്ദുത്വ അജണ്ട കളായ രാമക്ഷേത്രം നിർമ്മിക്കുക, ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കുക, ഏകീകൃത സിവിൽകോഡ് നടപ്പാക്കുക എന്നിവ എളുപ്പത്തിൽ നടപ്പാക്കാനാവില്ല. ചെയ്യാൻ കഴിയുന്നത്, ഗുജറാത്തിലെ നരേന്ദ്രമോദി ഭരണത്തിലെന്നപോലെ സാമുദായിക മതസംഘർഷങ്ങൾ സൃഷ്ടിക്കുകയും, ദേശസുരക്ഷയുടെയും വികസനത്തിന്റെയും പേരിൽ ന്യൂനപക്ഷ ഹിംസകളും, ജനകീയ പ്രതിരോധങ്ങളെ അടിച്ചമർത്തുകയുമാണ്. ഇത്തരം ഹിംസകളിലൂടെ സ്വദേശിയും വിദേശിയുമായ കോർപ്പറേറ്റു മൂലധനത്തിന്റെ സുരക്ഷിതസ്ഥലിയെന്ന വികസനനയമാണ് നടപ്പാക്കപ്പെടുക. ഈയൊരു രാഷ്ട്രീയ ഭൂമികയിൽനിന്നുമായിരിക്കണം ഏകീകൃത സിവിൽ കോഡിനെക്കുറിച്ചുള്ള സംവാദത്തിന്നാരംഭം കുറിക്കേണ്ടത്.

കെ.കെ. കൊച്ച്
കെ.കെ. കൊച്ച്

Related Articles