കണ്ണൂർ ജില്ലയിലെ തൊക്കിലങ്ങാടി കാനറാ ബാങ്ക് മാനേജർ കെ. എസ്. സ്വപ്ന (40) ബാങ്കിനകത്തു തൂങ്ങി മരിച്ചു. പൊതുസമൂഹത്തിനും ബാങ്ക് മേലധികാരികൾക്കും നേരെ ഒരു പാട് ചോദ്യങ്ങൾ എറിഞ്ഞാണ് സ്വപ്ന ബാങ്കിനകത്തു തന്നെ ജീവിതം അവസാനിപ്പിച്ചത്. വിധവയും രണ്ടുകുട്ടികളുടെ മാതാവും. സഹപ്രവർത്തകർക്കും ബാങ്ക് ഇടപാടുകാർക്കും ഏറെ പ്രിയപ്പെട്ടവൾ. കാനറാ ബാങ്കിൽ മുമ്പും ആത്മഹത്യകൾ ഉണ്ടായിരുന്നു. ജോലിസമ്മർദം, മേലുദ്യോഗസ്ഥരുടെ ഭീഷണി. ബാങ്ക് ജീവനക്കാർ എല്ലാം സഹിക്കുകയാണ്. ഈ സംഭവത്തിൽ മനുഷ്യാവകാശകമ്മീഷൻ ഇടപെട്ടിട്ടുണ്ട്. ഇനി ഒരു ആത്മഹത്യ ഇല്ലാതാക്കാൻ ഇത്തരം ഇടപെടലുകൾ സഹായിക്കും എന്ന് പ്രതീക്ഷിക്കാം.
ജീവിക്കാൻ ഒരു ജോലി. ആഗ്രഹിച്ച ജോലി കിട്ടിയില്ലെങ്കിൽ കിട്ടിയ ജോലി ആത്മാർഥമായി തുടരുക.അങ്ങിനെയാണ് പലരും ബാങ്കിൽ എത്തുന്നത്. ഞാൻ എൺപതുകളിൽ ബാങ്കിൽ ജോലിക്ക് ചേർന്ന വ്യക്തിയാണ്. അന്ന് ബാങ്കുകൾ ജനങ്ങൾക്ക് ഒരു അത്താണിയായിരുന്നു. ബാങ്കിലിരുന്ന് ജോലി ചെയ്യുമ്പോൾ ജനങ്ങളെ സഹായിക്കുകയാണ് എന്ന സംതൃപ്തി ധാരാളം അനുഭവിച്ചു. ഏതു പ്രദേശത്തും അന്ന് ബാങ്ക് ഒരു പ്രധാന ഇടം ആയിരുന്നു. ഏതു വീട്ടിൽ എന്തു ചടങ്ങു നടന്നാലും ബാങ്കുകാർ ക്ഷണിക്കപ്പെടും. ബാങ്കിനും ജീവനക്കാർക്കും അംഗീകാരം ലഭിച്ച നാളുകൾ. ബാങ്ക് ജീവനക്കാരും ബാങ്ക് ഇടപാടുകാരും തമ്മിൽ ഇഴയടുപ്പമുള്ള ബന്ധം. കിണർ കുഴിക്കാൻ ലോൺ വാങ്ങി കിണർ കുഴിച്ചു വെള്ളം പഞ്ചസാര ഇട്ട് ആദ്യം ബാങ്കിൽ കൊണ്ടുത്തന്നവരുണ്ട്.
1991 മുതൽ നമ്മുടെ രാജ്യത്തു ഉദാരവൽക്കരണ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. ബാങ്കിങ് പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചു. കണക്കെഴുത്ത് രീതികൾ മാറി. ചെറിയ ചെറിയ വായ്പകൾ അപ്രത്യക്ഷമായി. പകരം വൻകിട വായ്പകൾ. സാധാരണ ഇടപാടുകാർ പാടെ അവഗണിക്കപ്പെട്ടു. ബാങ്കുകളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ ദൃശ്യമായി. ഇടപാടുകാരും ജീവനക്കാരും എത്തിയത് എട്ടുമുട്ടലിന്റെ വക്കത്ത്. ബാങ്കുകൾ സാമൂഹ്യ സേവനം നിർത്തി ലാഭം ലക്ഷ്യമാക്കി പ്രയാണം തുടർന്നു. ബാങ്കുകൾ തമ്മിൽ അശാസ്ത്രീയ മത്സരം വളർന്നു. നിക്ഷേപം സ്വീകരിക്കുക, വായ്പ നൽകുക എന്ന പ്രാഥമിക ലക്ഷ്യങ്ങൾ മാറ്റിവെച്ച് ലാഭം കിട്ടുന്ന ഉത്പന്നങ്ങളുടെ പിറകെ ബാങ്കുകൾ സഞ്ചരിച്ചു.
