ഇന്ത്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യസമരം എന്ന് അറിയപ്പെടുന്ന സൈനികപ്രക്ഷോഭം നടന്ന അതേ വർഷമാണ് ബംഗാൾ, ബോംബെ, മദ്രാസ് തുടങ്ങിയ നഗരങ്ങളിൽ ലണ്ടൻ മാതൃകയിൽ സർവകലാശാലകൾ സ്ഥാപിക്കപ്പെടുന്നതും; 1857-ൽ. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണസമിതി പ്രസിഡന്റായിരുന്ന സർ ചാൾസ് വുഡിന്റെ നിർദ്ദേശങ്ങളുടെ തുടർച്ചയാണ് ഈ സ്ഥാപനങ്ങൾ. 'പ്രയോജനപ്രദമായ വിദ്യാഭ്യാസത്തിൽനിന്ന് ഉദ്ഭൂതമാകുന്ന, ധാർമ്മികവും ഭൗതികവും അതിവിപുലവുമായ അനുഗ്രഹം ഇന്ത്യയിലെ നാട്ടുകാർക്കും ലഭ്യമാകുന്നതിന് ഉപകരണമായി ഭവിക്കുകയെന്നത് നമ്മിൽ നിക്ഷിപ്തമായ പവിത്രമായ കർത്തവ്യമാണെന്ന്' വിവരിക്കുന്ന വുഡ്, പൂർവദേശത്തിലെ അറിവിന്റെ ഭാഗമായ ശാസ്ത്രവും തത്ത്വശാസ്ത്രവും വമ്പിച്ച അബദ്ധങ്ങൾ നിറഞ്ഞതാണെന്നും കമ്പനിഭരണാധികാരികൾക്ക് കൂടുതൽ വിശ്വാസ്യതയോടെ ചുമതലകൾ ഏൽപ്പിച്ചു കൊടുക്കുന്നതിനു പറ്റിയ സേവകന്മാരെ സൃഷ്ടിക്കാൻ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണമെന്നും അതിൽ എഴുതിവച്ചിട്ടുണ്ട്.
പാരമ്പര്യമതവിശ്വാസത്തെ മുറിപ്പെടുത്തുന്ന ഒരു പ്രചരണത്തെ ഇന്ധനമാക്കി അധിനിവേശശക്തിയ്ക്കെതിരേയുള്ള പ്രക്ഷോഭം, ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കുള്ള ആദ്യത്തെ ചുവടുവയ്പിന്റെ അവസരത്തിൽതന്നെ ഉയർന്നതിൽ അസ്വാഭാവികമായി ഒന്നുമില്ല. ഇന്ത്യയുടെ ആധുനികീകരണത്തിലേക്കുള്ള ചരിത്രസന്ദർഭങ്ങളിലെല്ലാം ഏറിയോ കുറഞ്ഞോ യാഥാസ്ഥിതികതയും പാരമ്പര്യവിശ്വാസവും പുരോഗമനതാത്പര്യങ്ങളും വിമോചനാഭിലാഷങ്ങളുംപോലെ പരസ്പരം പോരടിക്കുന്ന വൈരുദ്ധ്യങ്ങൾ കൂടിക്കലരുന്നത് പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യക്കാരെ ബുദ്ധിയിലും ധാർമ്മികബോധത്തിലും ബ്രിട്ടീഷ് ആക്കിത്തീർക്കാൻ സ്ഥാപിക്കപ്പെട്ട കൽക്കട്ടാ സർവകലാശാലയിൽനിന്ന് ആദ്യബിരുദം നേടിയവരിൽ ഒരാളായ ബങ്കിം ചന്ദ്ര ചാറ്റർജിയാണ് പിന്നീട് സന്ന്യാസിമാരുടെ വിപ്ലവം വിഭാവന ചെയ്തതും 'വന്ദേ മാതരം' എഴുതിയതും എന്നുകൂടി ഓർമ്മിക്കുക. വിദ്യാഭ്യാസപരിഷ്കരണത്തിനായി ബ്രിട്ടീഷുകാരും മിഷണറിമാരും നാട്ടുഭരണാധികാരികളും ചേർന്നു നടത്തിയ രാഷ്ട്രീയ സാംസ്കാരിക സാമ്പത്തിക മൂലധനനിക്ഷേപങ്ങളെ ആധുനികീകരണപ്രക്രിയയ്ക്കുള്ളിലെ വിരുദ്ധഘടകങ്ങളും ചേർന്നാണ് സ്വാധീനിച്ചിട്ടുള്ളത്. പാഠ്യപദ്ധതിരൂപീകരണങ്ങളെയും വിദ്യാഭ്യാസ ഘടനാനിർണ്ണയങ്ങളെയുമൊക്കെ സംബന്ധിക്കുന്ന പൊതുധാരണകൾക്കുള്ളിൽ അവ പുറമേക്ക് കാണാനാവാതെ നിലകൊള്ളുകയും ചെയ്യുന്നു.
ബ്രിട്ടീഷുകാർ ഇന്ത്യയിൽ സ്ഥാപിച്ച സർവകലാശാലകളിൽ ചേർന്നു പഠിക്കാൻ രണ്ടു വർഷത്തെ എഫ് എ (ഫൈനൽ എക്സാമിനേഷൻ ഇൻ ആർട്സ്) കോഴ്സ് വിദ്യാർത്ഥികൾ പൂർത്തിയാക്കണം എന്ന വ്യവസ്ഥയുണ്ടായിരുന്നു. പരമ്പരാഗതവും അല്ലാത്തതുമായ പഠനസമ്പ്രദായങ്ങളിലൂടെ കടന്നുവന്ന ഇന്ത്യൻവിദ്യാർഥികളെ പാശ്ചാത്യമാതൃകയിലുള്ള സർവകലാശാലകളിലെ പാഠ്യക്രമത്തിന് യോജിച്ചവിധം മാറ്റിയെടുക്കാനുള്ള മധ്യവർത്തി കോഴ്സായിട്ടാണിത് വിഭാവന ചെയ്തിരുന്നത്. തദ്ദേശീയമായ 'പ്രാകൃത' സമൂഹത്തിന് യൂറോപ്യൻ മട്ടിലുള്ള പരിഷ്കൃതസമൂഹത്തിലേക്കുള്ള മോചനപാത ആധുനികവിദ്യാഭ്യാസത്തിലൂടെ മാത്രമാണെന്ന ഉത്തമവിശ്വാസം വ്യാപകമായി ആവേശിച്ചിരുന്ന കാലത്ത് കോളേജുകൾക്കും സ്കൂളുകൾക്കും ഇടയിൽ സ്ഥാപിക്കപ്പെട്ട ഈ കോഴ്സുകളുടെ രൂപകല്പനയിൽ അറിഞ്ഞോ അറിയാതെയോ കടന്നുകൂടിയിട്ടുള്ളത്, അന്നത്തെ ഇടത്തട്ട് സമൂഹത്തിന്റെ നിഴലുകൾതന്നെയായിരുന്നില്ലേ? നിലവിലുണ്ടായിരുന്ന സമൂഹത്തിന്റെ പ്രായോഗികരൂപകങ്ങളായിരുന്നു അവ എന്നർത്ഥം.
