പാചകപ്പുരയും പൗരത്വപ്പുരയും

Society

പാചകപ്പുരയും പൗരത്വപ്പുരയും


അംബേദ്കറുടെ ഏറ്റവും പ്രസിദ്ധ എഴുത്തുകളിൽ ഒന്നായ 'ജാതി ഉൻമൂലനം' എന്ന കൃതിയുടെ അവസാനഭാഗത്ത്, 'ഹിന്ദു സമൂഹം ഒരു ജാതിരഹിത സമൂഹമായി തീരുമ്പോൾ മാത്രമേ അത് സ്വയം പ്രതിരോധിക്കാൻ ശക്തമാവുകയുള്ളൂ. അത്തരം ആഭ്യന്തര ശക്തിയില്ലാതെ ഹിന്ദുക്കൾക്ക് സ്വരാജ് എന്നത് അടിമത്തത്തിലേക്ക് നയിക്കുന്ന പടവുമാത്രമായിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്.

ആന്തരികമായും ആഭ്യന്തരമായും കെട്ടുറപ്പും സാഹോദര്യവുമുള്ള ഒരു സമൂഹമായി ഹിന്ദുക്കൾ പുനസംഘടിച്ചാൽ മാത്രമേ അവർ നേടാൻ പോകുന്ന സ്വരാജ് അർഥപൂർണവും ജനോപകാരപ്രദവും ആകുകയുള്ളു എന്നാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്. സഹോദര്യത്തിലും സഹവർത്തിത്വത്തിലും അധിഷ്ഠിതമായ ഒരു സമൂഹമായി മാറുന്നതിന് ഇന്ത്യക്കാർക്ക് മുൻപിലുള്ള ഏറ്റവും വലിയ തടസ്സം ഹിന്ദു ജാതിവ്യവസ്ഥയാണ് എന്നാണ് അദ്ദേഹം പറഞ്ഞുവയ്ക്കുന്നത്. സാഹോദര്യമുള്ള സമൂഹമേ പരസ്പരം ബഹുമാനം പുലർത്തു എന്ന തിരിച്ചറിവിൽ നിന്നാണ് അംബേദ്കറുടെ സംഭവബഹുലമായ ജീവിതത്തെ കരുപ്പിടിപ്പിച്ച എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നടത്തപ്പെട്ടിട്ടുള്ളത്. ഭരണഘടനയുടെ ആമുഖത്തിലെ സഹോദര്യം എന്നത് വെറുമൊരു കിലുങ്ങുന്ന പദം മാത്രമായിരുന്നില്ല അംബേദ്കർക്ക്. ജാതികളേയും ജാതിവ്യവസ്ഥയെയും ഉണ്ടാക്കിയിട്ടുള്ളത് ഏതെങ്കിലും ദൈവമോ രാജാവോ നിയമകർത്താവോ അല്ലെന്നും നൂറ്റാണ്ടുകൾ നീണ്ട സാമൂഹ്യജീവിതത്തിന്റെ പരിണാമദശകളിലൂടെ രൂപംകൊള്ളുകയും മാറ്റത്തിന് വിധേയമാകുകയും വർത്തമാന പ്രയോഗരൂപങ്ങൾ ആർജ്ജിക്കുകയും ചെയ്ത ഒന്നാണത് എന്നായിരുന്നു അംബേദ്കറുടെ കാഴ്ചപ്പാട്. അതുകൊണ്ട്തന്നെ സമൂഹത്തിനകത്ത് ജാതിയെ ഉണ്ടാക്കുന്നതും നിലനിർത്തുന്നതുമായ പ്രയോഗങ്ങളെ ഇല്ലാതാക്കിയോ മയപ്പെടുത്തിയോ ജാതിവ്യവസ്ഥയുടെ വന്യതകളെ മെരുക്കാം എന്നദ്ദേഹം കരുതി. ജാതി ഇല്ലാതാക്കാൻ ഒരു വ്യക്തി എന്ന നിലയിൽ അശക്തൻ ആണെങ്കിലും ഒരു സമൂഹം എന്ന നിലയിൽ ജാതിവ്യവസ്ഥയെ വരുതിയിൽ കൊണ്ടുവരാൻ കഴിയും എന്ന അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വാസത്തിൽ നിന്നുമുണ്ടായ പ്രയോഗപദ്ധതികൾ ആണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനഘടന. ജാതിയും മതവുമൊക്കെ നിലനിൽക്കുമ്പോൾ തന്നെ സാധ്യമാകുന്ന സാമൂഹ്യതുല്യതയെ പറ്റിയും രാഷ്ട്രീയതുല്യതയെ പറ്റിയും സഹോദര്യത്തെപറ്റിയുമാണ് ഭരണഘടനയിലൂടെ അംബേദ്കർ ഇന്ത്യക്കാരോട് സംവദിച്ചത്.

ജാതിയും മതവും വർണ്ണവും വർഗ്ഗവും ലിംഗവും ലൈംഗികതയും അടിസ്ഥാനമാക്കി ആളുകളുടെ അസ്തിത്വത്തെ കള്ളികളിൽ ഉറപ്പിച്ചുനിർത്തിയ ഫ്യൂഡൽ മൂല്യബോധത്തിന്റെ അളവുകോലുകളെ സമ്പൂർണ്ണമായി നിഷേധിച്ചുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയിൽ നിയമത്തിന് മുൻപിൽ തുല്യതയും അവസരസമത്വവും ഉള്ള 'പൗരൻ' എന്ന സംവർഗ്ഗം ഉയർന്നുവന്നത്. തുല്യത എന്നത് ഇന്ത്യൻ സംസ്‌കാരത്തിന് അന്നുവരെ അന്യമായ ഒരു വികാരമായിരുന്നു. വർണ്ണസങ്കരം കൂടാതെ, ആരാലും തൊട്ടശുദ്ധരാകാതെ ജീവിക്കുക എന്നത് ഒരു സാമൂഹ്യഭ്രാന്ത് ആയി ആചരിച്ചുവന്ന ഒരു ജനതയ്ക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒന്നായിരുന്നു ഭരണഘടന മുന്നോട്ടുവെച്ച സാമൂഹ്യ ജീവിതത്തിലെ തുല്യത എന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെയിൽ പ്ലേഗ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ഇംഗ്ലിഷ് ഡോക്ടർമാർ രോഗം ബാധിച്ച ഇന്ത്യക്കാരെ സ്പർശിക്കുക എന്നത് അതിജീവനത്തിന് ഒഴിവാക്കാൻ കഴിയാത്ത കാര്യമായി മാറിയപ്പോൾ തങ്ങളുടെ ജീവനുള്ള ശരീരത്തെ മാത്രമല്ല രോഗത്താൽ മരണപ്പെട്ട ശരീരത്തിൽ പോലും ജാതിയുടെ 'ശുദ്ധിയും അശുദ്ധിയും' പാലിച്ചു മാത്രമേ വൈദ്യശാസ്ത്രം ഇടപെടാൻ പാടുള്ളൂ എന്നും പറഞ്ഞ് തെരുവിലിറങ്ങിയ ജാതിവാദികളുടെ മുൻപിലേക്കാണ് അംബേദ്കറും ഭരണഘടനയും തുല്യതയും വന്നത്.


Related Articles