പശുവും പന്നിയും മനുഷ്യവംശവും

Society

പശുവും പന്നിയും മനുഷ്യവംശവും


വിത്രപശുക്കൾ എന്നുമുതലാണ് ഹിന്ദുവിനെ ഉണർത്തിത്തുടങ്ങുന്നത്? ചരിത്രത്തിലെ പന്നികൾ എന്നുമുതലാണ് ജൂതന്റെയും മുസൽമാന്റെയും ഉറക്കംകെടുത്താൻ ആരംഭിച്ചത്?പശുവും പന്നിയും മനുഷ്യനും തമ്മിൽ ആദിമകാലം മുതൽ രൂപപ്പെട്ടുവന്ന ജീവികാസമ്പാദന സമവാക്യത്തെ കാലിക രാഷ്ട്രീയത്തിൽ കുടിയിരുത്തുമ്പോൾ സംഭവിക്കുന്ന മാറ്റങ്ങൾക്കു നൽകാവുന്ന വൈജ്ഞാനിക നരവംശശാസ്ത്ര പരിപ്രേക്ഷ്യം രസകരമായിരിക്കും. മെറ്റീരിയൽ സിമ്പോളിസത്തിന്റെ (ഭൗതികമായ പ്രതീകാത്മകത) സൂചകങ്ങൾ ആചാര അനുഷ്ഠാനങ്ങളായി വിശുദ്ധത കൽപ്പിക്കലിലും നിഷിദ്ധമാക്കലിലും പ്രവർത്തിച്ചു തുടങ്ങുന്നതെങ്ങനെയാണെന്നും സമകാലിക സാമൂഹ്യവ്യവഹാരത്തിൽ അതിന്റെ സ്വാധീനം എങ്ങനെ സംഭവിക്കുന്നു എന്നും മനസ്സിലാക്കുമ്പോൾ "കൗഹഗ്ഗും' പന്നിവർജ്ജനത്തിന്റെ മനഃശാസ്ത്രവും എങ്ങനെ ഉൾക്കൊള്ളാമെന്ന് വ്യക്തമാകും.

മനുഷ്യന്റെ ബുദ്ധിവികാസത്തിന് വൈജ്ഞാനികരംഗത്തെ ആന്ത്രപ്പോളജിസ്റ്റുകൾ അഞ്ചു ഘട്ടങ്ങളാണ് പൊതുവേ കൽപ്പിച്ചു നൽകുന്നത്. ഒന്നാമത്തേത് എപ്പിസോഡിക്ക് കാലഘട്ടം. ഉത്തേജനങ്ങളോട് പ്രതികരിക്കുന്ന ഈ ആദ്യഘട്ടത്തിനുശേഷം മൈമറ്റിക് ഘട്ടത്തിൽ അനുകരണങ്ങൾക്കായിരുന്നു പ്രാമുഖ്യം. പിന്നീട് സംഭവിക്കുന്ന മിത്തിക്ക് ഘട്ടത്തിൽ ഭാഷാവികാസം സാധ്യമായതു കാണാം. ആംഗ്യങ്ങൾക്കപ്പുറമുള്ള സംസാരത്തിന്റെ ആദ്യഘട്ടം വികാസം പ്രാപിച്ചത് ഇക്കാലത്താണ്. തുടർന്നാണ് മെറ്റീരിയൽ സിമ്പോളിക് ഘട്ടം വരുന്നത്. എഴുത്തെന്ന ബുദ്ധിവികാസം സാധ്യമാകുന്നത് തിയററ്റിക് ഘട്ടത്തിലാണ്. ആചാരങ്ങളിലെ സങ്കീർണ്ണതകൾ പുതിയതലത്തിലേക്കു പ്രവേശിക്കുന്നതോടെ നിയമങ്ങളുടെ രൂപത്തിൽ അവ കൈമാറ്റപ്പെടുന്നു.

ആദ്യകാല മതരൂപങ്ങൾ നിയതമായ സ്വഭാവത്തോടുകൂടിയവയല്ല. സമ്മർദ്ദങ്ങൾ ലഘൂകരിക്കാനുള്ള എളുപ്പമാർഗ്ഗങ്ങളാണ് അവർക്കാവശ്യമുണ്ടായിരുന്നത്. മെറ്റീരിയൽ സിമ്പോളിക് ഘട്ടമാണ് പശുവിനും പന്നിക്കുമെല്ലാം ആചാരരൂപങ്ങളിൽ ഇടംകൊടുത്തത്. കാരണം പശുവും പന്നിയുമെല്ലാം ആദ്യകാല ജീവികാസമ്പാദനത്തിന്റെ പ്രതീകങ്ങളായിരുന്നല്ലോ. സമ്മർദ്ദങ്ങളെ ലഘൂകരിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ബലിയായി രൂപാന്തരപ്പെടുന്നത്. സ്ഥിരവാസം ആചാരങ്ങളെ സങ്കീർണ്ണമാക്കിയതോടെ പ്രൊഫഷണൽ സ്വഭാവമുള്ള പുരോഹിതൻമാരും ആരാധനാലയങ്ങളും രൂപപ്പെട്ടു. നിയതമായ രൂപഭാവങ്ങൾ ആചാരങ്ങൾക്കു കൈവന്നു തുടങ്ങുന്നതു തൊട്ട് സാമൂഹികവൃത്തങ്ങളുടെ സ്വഭാവവും മാറിത്തുടങ്ങി. പുതിയ സോഷ്യൽബോണ്ടുകൾ ഭരണവർഗ്ഗത്തിന്റെ ചുമതലകളുടെ വ്യാപ്തി വർദ്ധിപ്പിച്ചു. ഒരു സോഷ്യൽബോണ്ടിൽ നിൽക്കുന്നതിന് നിയമങ്ങൾ കർശനമായി പാലിച്ചേ പറ്റൂ. ഭരണാധികാരിയുടെ നിയന്ത്രണത്തിൽ അതാത് സർക്കിളുകളുടെ ശക്തിയും വലിപ്പവും കൂടിക്കൂടി വന്നു. കൃഷിയുടെ വ്യാപനമാണ് ഇതിനു മുഖ്യ കാരണമായത്. തങ്ങളുടെ അധികാരം നിലനിർത്തേണ്ടതും വ്യാപിപ്പിക്കേണ്ടതും പുരോഹിതന്റെയും രാജാവിന്റെയും താത്പര്യമാണെന്നതിൽനിന്ന് സോഷ്യൽബോണ്ടിന്റെ കെട്ടുറപ്പ് വർദ്ധിപ്പിക്കേണ്ട മതചിഹ്നങ്ങളും ആചാരരീതികളും പിറവിയെടുക്കും. വിശുദ്ധിയും അശുദ്ധിയും തീരുമാനിക്കപ്പെടുന്നത് ഈയൊരവസ്ഥയിൽനിന്നാണ്.


Related Articles