"Science was commandeered to prove the biological inferiority of the Negro. Even philosophical logic was manipulated an Aristotlian syllogism: All men are made in the image of God. God, as everyone knows, is not a Negro; Therefore, the Negro is not a man.'
– Martin Luther King
അമേരിക്കൻഗാന്ധി എന്നറിയപ്പെട്ടിരുന്ന മാർട്ടിൻ ലൂഥർ കിങ് തിരുവനന്തപുരം സന്ദർശിച്ചത് കേരളം രൂപീകരിക്കപ്പെട്ട പതിറ്റാണ്ടിലായിരുന്നു. അദ്ദേഹത്തിനപ്പോൾ കേരളത്തിലെ ദലിത് കുട്ടികൾ പഠിക്കുന്നൊരു വിദ്യാലയം കാണാനാഗ്രഹം തോന്നി. കൗതുകം നിറഞ്ഞ രാഷ്ട്രീയമാറ്റങ്ങളിലൂടെ കേരളം കടന്നുപൊയ്ക്കൊണ്ടിരുന്ന കാലമായിരുന്നു അത്. സങ്കല്പത്തിൽ മാത്രം ബ്രഹ്മമുണ്ടായിരുന്നൊരു ആശയ–ആദിശങ്കരനെ ഭൂതകാലത്തിൽ ഉപേക്ഷിച്ച്, അല്പം വിക്കുള്ളൊരു ഭൗതികശങ്കരനെ ജനാധിപത്യത്തിലൂടെ തെരഞ്ഞെടുത്തു കൊണ്ട് കേരളം ആധുനികതയുടെ കാഹളങ്ങൾക്കു ചെവികൊടുത്തു കഴിഞ്ഞിരുന്നു. അങ്ങനെയൊരു ആത്മവിശ്വാസപ്പതിറ്റാണ്ടിലായിരുന്നു ലൂഥർ കിങ്ങിന്റെ വിദ്യാലയ സന്ദർശനമെങ്കിലും കുട്ടികൾക്കു മുൻപിൽ സ്കൂളിന്റെ പ്രിൻസിപ്പാൾ അദ്ദേഹത്തെ പരിചയപ്പെടുത്തിയതിങ്ങനെയാണ്: “Young people, I would like to present to you a fellow untouchable from the United States of America.” മനുഷ്യവംശത്തിന്റെ രണ്ടസംബദ്ധപ്രശ്ങ്ങൾ: ജാതിയും വംശീയതയും ഒരു കുറ്റിയും കൊളുത്തുംപോലെ പരസ്പരപൂരകമായി അർത്ഥം കണ്ടുപിടിക്കുന്നത് ആ പരിചയപ്പെടുത്തൽ കേട്ടുനിൽക്കവേ ലൂഥർ അറിഞ്ഞു. ഏതായാലും, ഇന്ത്യൻ ജാതിവിവേചനവും ആഫ്രിക്കൻ വേരുകളുള്ള അമേരിക്കക്കാരുടെ നിസ്സഹായതയും താരതമ്യപ്പെടുത്തുന്ന ഇസബെൽ വിൽക്കിൻസിന്റെ "CASTE' എന്ന "ബെസ്റ്റ് സെല്ലർ' പുസ്തകത്തിന്റെ ആദ്യ അധ്യായങ്ങളിലൊന്നാകാൻ തക്കവണ്ണം സാന്ദ്രതയുണ്ടായിരുന്നു ലൂഥർ കിങ്ങിന്റെ തിരുവനന്തപുരം അനുഭവത്തിന്.1
