പൊയ്കയിൽ അപ്പച്ചന്റെ രാഷ്ട്ര ഭാവന

Society

പൊയ്കയിൽ അപ്പച്ചന്റെ രാഷ്ട്ര ഭാവന


കേരളീയനവോത്ഥാനത്തിന്റെ മുഖ്യപ്രമേയം മതമൂല്യങ്ങളുടെ പരിഷ്‌കരണമായിരുന്നു. സത്യം, സമത്വം, മാനവികത തുടങ്ങിയ തികച്ചും (കോളനി)ആധുനികമായ ജീവിതമൂല്യങ്ങൾ മതങ്ങളിൽ ലീനമായുണ്ട് എന്ന (അ)ബോധം ഇന്ത്യൻ നവോത്ഥാനമെന്ന പോലെ കേരളീയനവോത്ഥാനവും സ്വകാര്യാഭിമാനമായി പുലർത്തിപ്പോന്നു. അതുകൊണ്ട്, മതത്തിന്റെ മേൽമൂടിയായി വർത്തിക്കുന്ന അഴുക്കുവസനങ്ങൾ നീക്കിയാൽ ആദിമവിശുദ്ധി കണ്ടെത്താമെന്നും അങ്ങനെ സനാതനമായ ആ വിശുദ്ധി വീണ്ടെടുക്കുന്നതിലൂടെ മനുഷ്യർ സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം(ദേശം എന്നുമാവാം) നിർമിക്കാമെന്നും നവോത്ഥാനചിന്തകൾ പൊതുവെ ഉറച്ചുവിശ്വസിച്ചുപോന്നു. ഗാന്ധിജി രാമരാജ്യസങ്കല്പം മുൻനിർത്തി സനാതനമതനവീകരണത്തിന് ശ്രമിച്ചത് ഈ (അ)ബോധം എത്രമേൽ ഗാഢമായിരുന്നുവെന്നു ഇന്ന് ബോധ്യപ്പെട്ടുവരുന്നുണ്ട്. ഈ സാമാന്യബോധത്തിനെതിരെ ബലിഷ്ഠമായി നിലയുറപ്പിച്ചതിനാൽ അംബേദ്ക്കർ സനാതനികളുടെയും ദേശീയപ്രസ്ഥാനത്തിന്റെയും മുഖ്യശത്രുവായി എന്നതും ചരിത്രം.

കരുണയും സഹാനുഭൂതിയും മൂല്യങ്ങളെന്ന നിലയിൽ മാനുഷികകമാണെങ്കിലും, സഹസ്രാബ്ദങ്ങൾ ചരിത്രത്തിൽ, വിഭവാധികാരമേഖലയിൽനിന്ന് നിയമങ്ങളും നാനാവിധ അധികാരപ്രരൂപങ്ങളും കൊണ്ട് ആട്ടിയകറ്റി, പ്രാകൃതവും കഠിനവുമായ അടിമജീവിതം അനുഭവിക്കാൻ കീഴൊതുക്കിയ ജനതയ്ക്ക് ആത്മാഭിമാനവും പൗരത്വവും നേടുന്നതിന് അവ ഉപകരിക്കുന്നില്ല. വിഭവാധികാരം ഭരണാധികാരത്തിന്റെ കൂടി ഫലശ്രുതിയാണ്. (ഇതുമൂലം ഹിന്ദുക്കളുടെ വിഭവം വിഭജിച്ചുപോകുമെന്നും അങ്ങനെ അവർക്ക് സാമൂഹ്യാധികാരം നഷ്ടപ്പെടുമെന്നും ഗാന്ധിജി ഭയന്നു. അംബേദ്ക്കർ ഹിന്ദുമതത്തിന്റെ ശത്രുവാണ് എന്ന് ഇന്നത്തെ ഹിന്ദുപരിവാരത്തിന് മാതൃകയാകുംവിധം ശബ്ദമുണ്ടാക്കുവാൻ ഗാന്ധിജി നിർബന്ധിതനായിത്തീർന്നത് അതുകൊണ്ടാണ് എന്നതും ഓർമിക്കുക).

ഇംഗ്ലീഷും വക്കീലും കോടതിയും നിയമസംഹിതകളും ഇവയുടെ ആന്തരചൈതന്യമായി വർത്തിക്കുന്ന യുക്തിയും ലോകവിമോചനത്തിന്റെ രൂപകങ്ങളായാണ് കോളനിസന്ദർഭത്തിൽ പ്രവർത്തിച്ചത്. അപരിഷ്‌കൃതരായ തദ്ദേശീയരെ പരിഷ്‌കരിച്ച് സംസ്‌കാരത്തിലേക്ക് നയിക്കുകയെന്ന ദൗത്യമായിരുന്നു കോളനീകരണം നിർവഹിച്ചത് എന്ന് അത് തദ്ദേശീയരെ അബോധത്തിൽ ബോധ്യപ്പെടുത്തി. (വാസ്തവത്തിൽ പരിഷ്‌കരണദൗത്യമെന്ന (സിവിലൈസിങ് മിഷൻ) നിലയിൽ ബ്രിട്ടീഷുകാർ ഇന്ത്യയിൽ ചെയ്തത് നിഷ്ഠുരമായ രക്തമൂറ്റലിനപ്പുറം മറ്റൊന്നുമായിരുന്നില്ലെന്ന് മാർക്‌സ് പിന്നീട് പറയുകയുണ്ടായി.) മെക്കാളെ ഇച്ഛിച്ചപോലെ, സാംസ്‌കാരികദല്ലാൾമാരുടെ വർഗത്തെ അതു പരുവപ്പെടുത്തിയെടുത്തു. യന്ത്രമായിത്തീർന്ന പുതുഹൈന്ദവത ഉണ്ടായിത്തീരുന്നതങ്ങനെയാണ്. ഇതാണ് ഗാന്ധിജിയിൽ അബോധമായി സാന്ദ്രീഭവിച്ചത്. ആ സംഹാരയന്ത്രത്താൽത്തന്നെ അദ്ദേഹം അവസാനിക്കാനിടവന്നതും അങ്ങനെയാണ്.


Related Articles