1979 മുതലാണ് ഇറാനിലെ സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കുന്നത്. തലയും മുടിയും കഴുത്തും മറയ്ക്കുന്നത് ഇറാനിലെ സ്ത്രീകൾക്ക് നിർബന്ധമാണ്. ഹിജാബ് ധരിക്കാനോ ധരിക്കാതിരിക്കാനോ ഉള്ള സ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂട നിയമങ്ങൾക്കെതിരേ ആ രാജ്യത്തിലെ സ്ത്രീകൾ പലപ്പോഴായി പ്രതിഷേധിച്ചത് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇറാനിൽ പർദ്ദ നിർബന്ധമാക്കിയതിനെതിരെയും സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയും ഉള്ള സമരത്തിന് 43 വർഷത്തെ ചരിത്രമുണ്ട്.
1941 മുതൽ 1979 വരെ ഇറാൻ ഭരിച്ചത് ഷാ രാജാവായ മുഹമ്മദ് റെസ ഷാ പഹലവിയായിരുന്നു. അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യം വിയോജിപ്പുകളെ അടിച്ചമർത്തുകയും രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്തു. എന്നാൽ ഒരു പരിധിവരെ സാംസ്‌കാരിക സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് പാശ്ചാത്യാധിഷ്ഠിത മതേതര നവീകരണം സ്വീകരിക്കാൻ അദ്ദേഹം രാജ്യത്തെ പ്രേരിപ്പിച്ചു. റെസ ഷാ പഹലവിയുടെ ഭരണത്തിന് കീഴിൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥയും വിദ്യാഭ്യാസ അവസരങ്ങളും വികസിച്ചു. എന്നിരുന്നാലും 1930 കളിൽ അദ്ദേഹം മൂടുപടം നിരോധിക്കുകയും ശിരോവസ്ത്രം ബലമായി നീക്കംചെയ്യാൻ പോലീസിനോട് ഉത്തരവിടുകയും ചെയ്തു. ഹിജാബ് പിന്നോക്കവസ്ഥയുടെ അടയാളമായി റെസ ഷാ പഹലവി കണക്കാക്കിയിരുന്നു. അതിനാൽ പാശ്ചാത്യവസ്ത്രങ്ങൾ ധരിക്കുന്നതിന് ഷാ ജനങ്ങളെ പ്രേരിപ്പിച്ചു. ആ കാലഘട്ടത്തിൽ പല സ്ത്രീകളും വർഷങ്ങളോളം പുറത്തിറങ്ങാതെ അവരുടെ വീടുകളിൽ കഴിയുകയോ രാത്രി മാത്രം പുറത്തിറങ്ങുകയോ ഉണ്ടായി. പിന്നീട് നിരോധനം നടപ്പിലാക്കുന്നത് ലഘൂകരിക്കപ്പെട്ടു. എന്നാൽ റെസ ഷാ പഹലവിയുടെ വർദ്ധിച്ചു വന്ന സേച്ഛാധിപത്യ നടപടികൾ വിപ്ലവത്തിന് കളമൊരുക്കി.
1979 ഫെബ്രുവരി 11ന് ഇസ്ലാമിക് വിപ്ലവത്തിനുശേഷം ഗവൺമെന്റിന് പകരം ഒരു ഇസ്ലാമിക് റിപ്പബ്ലിക് നിലവിൽ വന്നു. അത് ഇന്നും തുടരുന്നു. 1979 ലെ ഇസ്ലാമികവിപ്ലവം ഇറാനിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നു. സ്ത്രീകളുടെ വസ്ത്രധാരണരീതി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. 1980 കളുടെ തുടക്കത്തിൽ പുതിയ ഇസ്ലാമിക് അധികാരികൾ എല്ലാ സ്ത്രീകളും ഹിജാബ് ധരിക്കണം എന്ന നിബന്ധന ഏർപ്പെടുത്തി. അക്കാലത്ത് ഇറാൻ ഭരിച്ചിരുന്നത് ആയത്തുള്ള റുഹേല്ല ഖൊമേനി ആയിരുന്നു. ഇറാനിൽ എല്ലാ സ്ത്രീകളും പർദ്ദ ധരിക്കണമെന്ന് അദ്ദേഹം ഉത്തരവിട്ടു. ഈ കാര്യത്തിൽ മതം ഏതെന്ന് പോലും പരിഗണിച്ചിരുന്നില്ല. 1979 മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആയിരക്കണക്കിന് സ്ത്രീകൾ ഈ നിയമത്തിനെതിരെ പ്രതിഷേധിച്ചു. സ്ത്രീകളുടെ മൂടുപടം നിർബന്ധമാക്കിക്കൊണ്ടുള്ള ആയത്തുള്ള ഖൊമേനിയുടെ ഉത്തരവിനെതിരെ സ്ത്രീകൾ അണിനിരന്നു. സ്ത്രീകൾ തുടർച്ചയായി തെരുവിലിറങ്ങി. സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ രാജ്യദ്രോഹികളായും വേശ്യകളായും സാമ്രാജ്യത്വ അനുകൂലികളായും മുദ്രകുത്തി. സ്ത്രീകൾ തെരുവിൽ ആക്രമിക്കപ്പെട്ടു. ഇറാനിയൻ ഭരണാധികാരികളെ എതിർക്കുക എന്നതിലേക്ക് സ്ത്രീകൾ എത്തിയത് അവർതന്നെ മുന്നോട്ട്‌വെച്ച തിരഞ്ഞെടുപ്പ്‌സ്വാതന്ത്ര്യം എന്ന ആശയത്തിന് വേണ്ടിയുള്ള ചെറുത്തുനിൽപ്പായിരുന്നു. ഇസ്ലാമിക വിപ്ലവം എന്നറിയപ്പെടുന്ന 1979 ഇറാനിയൻ വിപ്ലവം ഇറാന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിരുന്നെങ്കിലും റെസ ഷാ പഹലവിയുടെ സ്വേച്ഛാധിപത്യ രാജവാഴ്ചയ്ക്ക് പകരം ആയത്തുള്ള ഖൊമേനി എന്ന മറ്റൊരു സേച്ഛാധിപതി അധികാരത്തിൽ വന്നതോടെ സ്ത്രീകളുടെ ദുരന്തം ഇരട്ടിച്ചു എന്നതാണ് വാസ്തവം. സ്ത്രീകളുടെ തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തൽ രണ്ട് ഭരണകാലത്തും ഉണ്ടായി. ആയത്തുള്ള ഖൊമേനിയുടെ ഭരണകാലത്ത് പർദ്ദ ധരിക്കൽ നിർബന്ധമായിരുന്നെങ്കിൽ റെസ ഷാ പഹലവിയുടെ ഭരണകാലത്ത് ശിരോവസ്ത്രം ഉപേക്ഷിക്കാൻ സ്ത്രീകൾക്ക് നിർബന്ധിതരായി. ഹിജാബ് ധരിക്കാനും ധരിക്കാതിരിക്കാനുമള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം ഇറാനിലെ സ്ത്രീകൾ എക്കാലത്തും അനുഭവിച്ചു. അതിനെതിരെ അവർ വളരെ ശക്തമായി ഇപ്പോഴും പ്രതികരിക്കുന്നുണ്ട്.
