ചില സംപ്രത്യയങ്ങൾ അങ്ങനെയാണ്, ഒരു കൂടാരംപോലെ അവ പ്രവർത്തിക്കും. പരസ്പര ബന്ധമുള്ളതോ അല്ലാത്തതോ ആയ എന്തിനെയും കൂടാരം ഉൾക്കൊള്ളുമല്ലോ. മനുഷ്യനോടൊപ്പം പറവയും മത്സ്യവും വന്യമൃഗങ്ങളും സർക്കസ്സ് കൂടാരത്തിൽ ഒരുമിച്ചു കഴിയുന്നത് കണ്ടിട്ടില്ലേ. അതുപോലെ ചില സംപ്രത്യയങ്ങൾ അതുണ്ടായ കാലഘട്ടത്തിന്റെ സംത്രാസങ്ങളെ സമഗ്രമായി സ്വാംശീകരിക്കാറുണ്ട്. ഉത്തരാധുനികത എന്ന പ്രയോഗമെടുക്കാം. ആധുനികതയ്ക്കുശേഷമുണ്ടായത് എന്ന വാച്യാർത്ഥത്തിനപ്പുറം ഈ പദച്ചേരുവ വിനിമയം ചെയ്തിട്ടള്ള ആശയതലങ്ങൾ അസംഖ്യമാണ്. ഉത്തരാധുനികമെന്ന പ്രയോഗത്തിനുശേഷം ഇവ്വിധം കൂടാരസദൃശമായ സംപ്രത്യയമായി നാം ഇന്ന് ഉപയോഗിക്കുന്ന പദമാണ് സത്യാനന്തരകാലം (Post -Truth Era).
രാഷ്ട്രീയ-മാധ്യമരംഗങ്ങളിലെ അധികാരകിടമത്സരങ്ങളിൽ ബോധപൂർവ്വം ഒഴിവാക്കപ്പെടുന്ന നേരിന്റെയും വസ്തുതകളുടെയും യാഥാർത്ഥ്യത്തിന്റെയും നില അന്വേഷിച്ച ചിന്തകർ പുതിയ കാലത്തിന് നൽകിയ പേരാണ് സത്യാനന്തരകാലം. 1992 ൽ സ്റ്റേവ് ടെസിക് (Stojan Steve Tesich)) എന്ന സേർബ്യൻ-അമേരിക്കൻ എഴുത്തുകാരനാണ് ഈ പദം ആദ്യമായുപയോഗിക്കുന്നത്. 2016 ലെ അമേരിക്കൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് കാലത്ത് ഈ വാക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടു. അമേരിക്കൻ പ്രസിഡണ്ട് തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ച 2016 ആഗസ്ത് മാസം മുതൽ വോട്ടെടുപ്പിന്റെ തലേന്ന് വരെ സ്ഥാനാർത്ഥികൾ തമ്മിൽ നടത്തിയ സംവാദങ്ങൾ പിന്നീട് വസ്തുതാപരമായി പരിശോധിക്കപ്പെട്ടപ്പോൾ 217 അസത്യങ്ങളാണ് അവയിൽ കണ്ടെത്തിയത്. അതിൽ 79 ശതമാനം അസത്യങ്ങൾ ഡൊണാൾഡ് ട്രംബും 21 ശതമാനം ഹിലാരി ക്ലിന്റനുമാണ് പ്രചരിപ്പിച്ചത്. യൂണിവിഷൻ ഡിജിറ്റൽ ന്യൂസിന്റെ മാനേജിങ് എഡിറ്ററായ ബോർജ എച്ചവേറിയ ((Borja Echeverria) ഒരാഴ്ച്ചയ്ക്കകം രണ്ട് സ്ഥാനാർത്ഥികളും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാർട്ടികൾ പ്രചരിപ്പിച്ച കള്ളങ്ങൾ കൃത്യമായി പുറത്തുവിട്ടു. അതിനുശേഷം ഇത് മറ്റ് മാധ്യമങ്ങൾ ഏറ്റെടുക്കുകയും അധികാരത്തലേറാൻ വേണ്ടി ബോധപൂർവ്വം നടത്തിയ ഈ നുണപ്രചരണത്തെക്കുറിക്കാൻ പോസ്റ്റ് ട്രൂത്ത് എന്ന സംപ്രത്യയം അവർ ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് ഈ പദച്ചേരുവയ്ക്ക് വലിയ പ്രചാരമുണ്ടായി. അതുകൊണ്ടുതന്നെ ആ വർഷത്തെ ഓക്സ്ഫോർഡ് ഡിക്ഷ്ണറിയുടെ 'ഇന്റർ നാഷണൽ വേർഡ് ഓഫ് ദ ഇയർ' പുരസ്കാരം സത്യാനനന്തരകാലം എന്ന പദത്തിനായിരുന്നു. ഓക്സ്ഫോർഡ് ഡിക്ഷ്ണറി ഈ പുതിയ പദത്തെ നിർവ്വചിക്കുന്നതിങ്ങനെയാണ്- വസ്തുതാപരമായ വിവരങ്ങളേക്കാൾ വികാരങ്ങളും വ്യക്തിവിശ്വാസങ്ങളും പൊതുജനാഭിപ്രായത്തെ നിർണ്ണയിക്കുന്ന സാഹചര്യവുമായി ബന്ധപ്പെട്ടതോ അല്ലെങ്കിൽ അതിനെക്കുറിക്കാനുപയോഗിക്കുന്നതോ ആയത്. (Relating to or denoting circumstances in which objective facts are less influential in shaping public opinion than appeals to emotion and personal belief ).
വസ്തുനിഷ്ഠമായ യഥാർത്ഥ വസ്തുതകൾ, ആവശ്യങ്ങൾ എന്നിവയേക്കാൾ താൽക്കാലിക വികാരങ്ങൾക്കും വിശ്വാസങ്ങൾക്കും പ്രാധാന്യം കൽപ്പിക്കുന്ന ഒരു വലിയ സമൂഹത്തെയാണ് ട്രംബും ഹിലാരിയും അഭിസംബോധന ചെയ്തത്. കൂടുതൽ മിടുക്ക് ട്രംബ് കാണിച്ചതിനാൽ അദ്ദേഹം ജയിച്ചു. ഇത് കാലഘട്ടത്തിന്റെ ഒരു വഴിത്തിരിവായി പാശ്ചാത്യ ചിന്തകർ കാണുന്നു. അമേരിക്കയിൽ മാത്രമല്ല സത്യാനന്തരയുക്തികൾ പ്രസക്തമാവുന്നത്. അതേവർഷം ഇംഗ്ലണ്ടിലും സമാനമായ അവസ്ഥയുണ്ടായി. യൂറോപ്യൻ യൂണിയനിൽനിന്ന് ബ്രിട്ടൻ പുറത്തുകടക്കാൻ ആഗ്രഹിച്ചവർ, അങ്ങനെ പുറത്തുകടന്നാൽ തങ്ങൾക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് ബ്രക്സിറ്റ് റഫറണ്ടത്തിന് മുമ്പ് ജനങ്ങളുടെ മുന്നിൽ ചില വിവരങ്ങൾ അവതരിപ്പിച്ച് അവരെ വിശ്വാസത്തിലെടുത്തിരുന്നു. എന്നാൽ അവർ അവതരിപ്പിച്ച വിവരങ്ങളെല്ലാം കളവായിരുന്നു എന്ന് പിന്നീടാണ് ജനങ്ങൾ അറിയുന്നത്. യൂറോപ്യൻ യൂനിയനിൽനിന്ന് പുറത്തുകടന്നാൽ ബ്രിട്ടന് ഉണ്ടാവാനിടയുള്ള സാമ്പത്തികപ്രയാസങ്ങളെക്കുറിച്ച് വസ്തുതാപരമായ വിവരങ്ങൾ നിരത്തി അക്കാലത്ത് പലരും മുന്നറിയിപ്പ് നൽകിയിരുന്നു. ഒ.ഇ.സി.ഡി (Organisation for Economic Co-operation and Development) യുടെ പബ്ലിക് അഫയേർസ് ആന്റ് കമ്മ്യൂണിക്കേഷൻ ഡയറക്റ്ററായ ആന്റണി ഗൂച്ച് (Anthony Gooch) ഈ വിഷയത്തിൽ തങ്ങൾ നൽകിയ വസ്തുതാപരമായ റിപ്പോർട്ട് സെൻസേഷണൽ മാധ്യമങ്ങൾ തള്ളിക്കളഞ്ഞതിനെക്കുറിച്ച് പറയുന്നുണ്ട്.
