മാർക്സും ലോഹ്യയും

Society

മാർക്സും ലോഹ്യയും


ഇന്ത്യയിൽ സാമൂഹ്യ വിശകലനത്തിന് ജാതിയെ അടിസ്ഥാനപ്പെടുത്തിയ മറ്റൊരു പ്രമുഖ രാഷ്ട്രീയ ചിന്തകൻ ഡോ.റാം മനോഹർ ലോഹ്യയാണ്. ഡോ. അംബേദ്കർ ജാതിയുടെ ഉത്ഭവത്തിലും പ്രവർത്തന രീതിയിലും ഊന്നുമ്പോൾ ലോഹ്യ ജാതിയെ രാഷ്ട്രീയപരമായും അത് ഇന്ത്യൻ സമൂഹത്തിൽ ഉണ്ടാക്കിയ തിരിച്ചടികളുടെ അടിസ്ഥാനത്തിലും വിശദീകരിക്കാനാണ് ശ്രമിച്ചത്. സവർണ ജാതി കേന്ദ്രീകൃതമായ ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക ഘടനയെ അഴിച്ചുപണിയുക എന്ന ഉദ്ദേശ്യത്തിലൂന്നിയാണ് അദ്ദേഹം ജീവിതകാലം മുഴുവൻ പോരാടിയത്. 'ചലന രഹിതമായ വർഗമാണ് ജാതി, വർഗം ചലനാത്മകമായ ജാതിയും ' എന്ന പ്രശസ്തമായ പ്രസ്താവന ലോഹ്യ നടത്തിയത് ഇന്ത്യൻ സമൂഹത്തെ ക്കുറിച്ച് മാത്രമല്ല എല്ലാ സമൂഹങ്ങളെയും മുൻനിർത്തിയാണ്. മതമോ അസ്പൃശ്യതയോ ജാതിയുടെ സുപ്രധാന ഘടകമല്ലെന്നു നിരീക്ഷിക്കുക വഴി ലോഹ്യ ജാതിയെ മതചട്ടകൂടിനു പുറത്തുള്ള പാരമ്പര്യ സാമൂഹ്യ രൂപമായി കാണുകയാണ്. ഇന്ത്യയിലെ പോലെ മറ്റൊരിടത്തും ജാതി ഇത്രമാത്രം ഖനീഭവിച്ചിട്ടില്ലെങ്കിലും എല്ലാ സമൂഹങ്ങളും ജാതി ഉരുത്തിരിഞ്ഞു വരുന്ന ചരിത്രപരമായ സാഹചര്യങ്ങളെ നേരിടുന്നുണ്ട്. ലോഹ്യ വർഗം എന്ന പദം ഉപയോഗിക്കുന്നത് തീർത്തും സാമാന്യമായ അർത്ഥത്തിലല്ല. അസമത്വ ദൂരീകരണത്തിനു വേണ്ടിയുള്ള ആന്തരിക ചലനങ്ങൾ തുടരുന്നിടത്തോളം വർഗ ഘടനയും വർഗസമരങ്ങളും നിലനിൽക്കും എന്ന പ്രസ്താവനയിലൂടെ വർഗം എന്ന സംവംർഗത്തെ കുറെ കൂടി നിജപ്പെടുത്തുകയാണ്. അസമത്വങ്ങൾ, സാമൂഹികവും സാമ്പത്തികവും ലിംഗപരവും ഭൂപ്രദേശ പരവുമായ ഒട്ടേറെ രൂപങ്ങളിൽ പ്രദർശിതമാകുന്നുണ്ടെന്ന നിലയിൽ കേവലമായ സാമ്പത്തിക സംവംർഗം എന്ന നിലയിലല്ല ലോഹ്യ വർഗത്തെ കണ്ടിട്ടുള്ളത്. വർഗം ജാതിയായി ഖനീഭവിക്കുന്നതിനും ജാതി വർഗമായി അയയുന്നതിനും ഇടയിൽ നടക്കുന്ന ചലനങ്ങളെ മനുഷ്യസമൂഹത്തിന്റെ പുരോഗതിയുടെയും പിന്നോട്ടടിയുടെയും അടിത്തറയായി വിശകലനം ചെയ്യുകയായിരുന്നു അദ്ദേഹം. സമുദായങ്ങളുടെ ചരിത്രം വർഗസമരങ്ങളുടെ ചരിത്രമാണെന്ന മാർക്‌സിയൻ ചരിത്ര വികാസ സങ്കല്പത്തിൽ നിന്ന് വ്യത്യസ്തമായ മൗലീകമായ സങ്കല്പം ലോഹ്യ മുന്നോട്ട് വെച്ചിരുന്നു.

സമൂഹത്തിലെ വർഗങ്ങൾ മേലോട്ട് ഉയരുവാനുള്ള ചലനാത്മകത പ്രദർശിപ്പിക്കുകയും എന്നാൽ പുരോഗതി പ്രാപിക്കുവാനുള്ള സമരം വർഗങ്ങൾക്കിടയിൽ താങ്ങാനാവാത്ത വിധം ഉയരുകയും സമാനമായി ബാഹ്യസമൂഹങ്ങളിൽ നടക്കുന്ന ചലനങ്ങളുടെ സമ്മർദ്ദം ഏറുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ, കൈവരിച്ച അഭിവൃദ്ധി നിലനിർത്തുന്നതിനുള്ള അഭിവാഞ്ച സമൂഹത്തിൽ ശക്തമാകും. ഒരു തന്ത്രമെന്ന നിലയിൽ അതാത് കാലത്തിനും സമൂഹത്തിനും ഇണങ്ങുന്നതെന്ന് കരുതപ്പെടുന്ന സുസ്ഥിരവും ബുദ്ധിപൂർവ്വകവുമായ ഒരു വ്യവസ്ഥക്കു വേണ്ടിയുള്ള ത്വര ശക്തമാകുമ്പോൾ വർഗ നിർമ്മൂലനത്തിനു വേണ്ടിയുള്ള ചലനത്തിനിടയിൽ വർഗം നിശ്ചലമാകാൻ തുടങ്ങുകയും ജാതിയായി ഖനീഭവിക്കുന്നതിനുള്ള പ്രവണത കാണിക്കുകയും ചെയ്യുമെന്ന് ലോഹ്യ നിരീക്ഷിക്കുന്നു. ഈ ഘട്ടത്തിൽ വിവിധ ദിശകളിൽ കാര്യക്ഷമത നേടുന്നതിനുള്ള സമൂഹത്തിന്റെ ശ്രമങ്ങൾ അസ്തമിക്കുന്നു. വർഗങ്ങൾ ജാതിയായി ഒരുതരം സുഷുപ്താവസ്ഥയിലേക്ക് സ്വയം ഉൾവലിയുന്നു. ഇത് ക്രമേണ ഖനീഭവിച്ച് ഉറഞ്ഞു പോകുന്ന സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. അയഞ്ഞ സാമൂഹ്യക്രമത്തിൽ നിന്ന് ചലനങ്ങൾ നിലച്ച സാമൂഹ്യക്രമത്തിലേക്ക് സമൂഹം സ്വയം ക്രമീകരിക്കുന്ന പ്രതിഭാസമായി ജാതി ഉരുത്തിരിയുന്നതിനെ വിശദീകരിക്കാം എന്ന് ലോഹ്യ നിരീക്ഷിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ പരിമിതമായ ദിശയിൽ കാര്യക്ഷമത തേടുന്നതിനുള്ള പരിശ്രമത്തിൽ സമൂഹം ഏർപ്പെടുന്നു. പരിമിതമായ ദിശയിൽ മാത്രം കാര്യക്ഷമത തേടുന്ന വ്യവസ്ഥയാണ് ജാതിയെന്ന ലോഹ്യയുടെ നിരീക്ഷണം ശ്രദ്ധേയമായ ഒന്നാണ്. മേൽ വിവരിച്ച നിശ്ചലാവസ്ഥ അസഹനീയവും അന്ത:ഛിദ്രത്തിലേക്ക് നയിക്കുകയും ചെയ്യുമ്പോൾ തിരിച്ചുള്ള ചലനങ്ങൾ സമൂഹത്തിൽ പ്രത്യക്ഷപ്പെടുന്നു. ഈ ചലനങ്ങളെ തടയാനുള്ള ശ്രമങ്ങളും സമൂഹത്തിൽ ഉണ്ടാകും. അവയെ അതിജീവിച്ച് ചലനങ്ങൾ തുടരാനുള്ള ശേഷി സമൂഹം ആർജിക്കുമ്പോൾ ജാതിയുടെ സ്ഥാനത്ത് അയഞ്ഞ വർഗങ്ങൾ ഉടലെടുക്കും. പിന്നീട് ഉരുത്തിരിഞ്ഞു വരുന്ന വർഗങ്ങളും ജാതികളും രൂപത്തിലും സ്വഭാവത്തിലും മുൻ ഘട്ടങ്ങളിലുണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമാകാമെന്നും ലോഹ്യ നിരീക്ഷിക്കുന്നു.


Related Articles