ഇസ്‌ലാമിസ്റ്റുകളുടെ കമ്മ്യൂണിസ്റ്റ് പുണ്യവാളൻ

Society

ഇസ്‌ലാമിസ്റ്റുകളുടെ കമ്മ്യൂണിസ്റ്റ് പുണ്യവാളൻ


2006 ജൂൺ 18-ന് കെയ്‌റോനഗരം അസാധാരണമായൊരു വിലാപയാത്രയുടെ ദൃശ്യത്തിന് സാക്ഷ്യം വഹിച്ചു. ഉമർ മുക്‌റിം മസ്ജിദിൽ പ്രാർത്ഥന നിർവഹിക്കപ്പെട്ടശേഷം വൻജനാവലിയുടെ അകമ്പടിയോടെ ഒരു മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 'ഒക്‌ടോബർ 6 ശ്മശാന'ത്തിലേക്ക് നീങ്ങുകയാണ്. മരിച്ച വ്യക്തിയുടെ സ്വർഗ്ഗപ്രവേശനത്തിനായി അനേകായിരങ്ങളുടെ പ്രാർത്ഥന ഏറ്റുവാങ്ങി മൃതദേഹം വഹിക്കുന്ന മഞ്ചം പള്ളിയിൽനിന്നു പുറത്തേക്കു നീങ്ങിയതും 'കമ്മ്യൂണിസ്റ്റ് വിപ്ലവം നീണാൾ വാഴട്ടെ' എന്ന മുദ്രാവാക്യം അനേകം കണ്ഠങ്ങളിൽനിന്ന് അത്യുച്ചത്തിൽ മുഴങ്ങി. സാധാരണ മുസ്‌ലിം മൃതദേഹം വഹിച്ചുകൊണ്ടു നീങ്ങുന്ന വിലാപയാത്രയിൽ ദൈവത്തിന്റെ ഏകത്വം പ്രഖ്യാപിക്കുന്ന ''ലാ ഇലാഹ ഇല്ലല്ലാഹ്'' എന്ന മന്ദസ്ഥായിയിലുള്ള ജപമന്ത്രമാണ് ഉരുവിടാറുള്ളത്. ആ സ്ഥാനത്ത് ശവമഞ്ചം വഹിക്കുന്നവർ 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്നർത്ഥമുള്ള 'ആശകിഫാഹശ്ശുയൂഇയ്യീൻ' എന്ന മുദ്രാവാക്യം വിളിച്ചത് പള്ളിയിൽ പരേതനുവേണ്ടി പ്രാർത്ഥിച്ചവരുടെ അതേ ആത്മാർത്ഥതയോടുകൂടിത്തന്നെയായിരുന്നു. പരേതന്റെ ഇടത് ചിന്താധാരയിൽപ്പെട്ട അഭിഭാഷകശിഷ്യന്മാരായിരുന്നു അവർ. ജീവിതത്തിൽ ഒട്ടനേകംസന്ദർഭങ്ങളിൽ പരേതൻതന്നെ അവർക്ക് വിളിച്ചുകൊടുത്ത മുദ്രാവാക്യമായിരുന്നു അത്. ആ മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിനുവേണ്ടിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതംതന്നെ. 'ഒക്‌ടോബർ 6 ശ്മശാന'ത്തിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം ആറടിമണ്ണിലേക്ക് താഴ്ത്തിവച്ചപ്പോൾ അദ്ദേഹത്തെ സ്‌നേഹിച്ച അനേകാമായിരം വിശ്വാസികളുടെ പ്രാർത്ഥനകൾ അദ്ദേഹത്തോട് എന്നെന്നും കൂറുപുലർത്തിയ ഇടതുപക്ഷ ചിന്താഗതിക്കാരുടെ വിപ്ലവമുദ്രാവാക്യങ്ങളെ ആലിംഗനം ചെയ്തു.

വിപ്ലവമുദ്രാവാക്യങ്ങളാൽ അന്തരീക്ഷം മുഖരിതമായ ആ വിലാപയാത്രയുടെ മുൻനിരയിൽ അന്നത്തെ മുസ്‌ലിം ബ്രദർഹുഡ് സുപ്രിമോ ആയ ഡോ. മഹ്ദീ ആകിഫ് മുതൽ ഹുസ്‌നിമുബാറക്കിന്റെ ഭരണകക്ഷിയായിരുന്ന നാഷണൽ പാർട്ടിയുടെ നേതാക്കൾവരെ, റാഡിക്കൽ ഇടതുപക്ഷക്കാർ മുതൽ ആത്യന്തിക വലതുപക്ഷക്കാർവരെ എല്ലാ ചിന്താധാരയിലുംപെട്ടവർ പങ്കെടുത്തിരുന്നുവെന്നതാണു മറ്റൊരു സവിശേഷത.

നിസ്വനായി മരിച്ച ബൂർഷ്വാസി


Related Articles