നാരായണ ഗുരുവിന്റെ മൗലികത സംക്ഷേപിച്ച്, പി.കെ.ബാലകൃഷ്ണൻ നടത്തുന്ന ഒരു നിരീക്ഷണം സൂക്ഷ്മഗഭീരമാണ്. കേൾക്കുക: “മഹാസമുദ്രത്തിന്റെ ഹൃദയത്തിലേക്ക് മരണത്തെ തെല്ലും കൂസാതെ വഞ്ചിയിറക്കുന്ന ധീരനായ മീൻപിടുത്തക്കാരൻ, ബ്രാഹ്മണന്റെ അരികെക്കൂടി വഴിനടക്കുന്നതോർക്കാൻകൂടി ധൈര്യപ്പെടാത്തതെന്ത്? പരമ്പരാഗതമായി കയറിക്കൂടിയ അപകർഷതാബോധംകൊണ്ടുതന്നെ! ആ അപകർഷതാബോധത്തിന് പിറകെ വന്നുകൂടിയ ബുദ്ധിപരമായ സാക്ഷാൽ അപകർഷതമൂലവും. അതിനുള്ള പരിഹാരമാർഗങ്ങളാണ് സ്വാമി ജീവിതകാലം മുഴുവനും തേടിയത്. അതിനുവേണ്ടി ക്ഷേത്രങ്ങളും മതവും സംഘടനയും വിദ്യാലയങ്ങളും വ്യവസായങ്ങളും ഉപയോഗപ്പെടുത്തി. അസ്സൽ മനുഷ്യർക്കുവേണ്ടി അവരുടെ നിത്യജീവിതത്തിൽ അദ്ദേഹം ചെയ്ത സേവനങ്ങൾക്ക് മതത്തിന്റെ അവലംബം വേണമെന്ന് നിർബന്ധമില്ലെന്നും'' അദ്ദേഹം പറയുന്നു. മതമല്ല ഗുരുവിന്റെ കർമമേഖലയെന്നു സാരം. മനുഷ്യരെ ആത്മവിശ്വാസവും ആത്മബോധവുമുള്ളവരാക്കുകയായിരുന്നു ഗുരുവിന്റെ സകല പ്രവൃത്തികളുടെയും ആത്യന്തികഫലം. ആത്മവിശ്വാസം മനുഷ്യരെ ആത്മശില്പികളാക്കിത്തീർക്കുന്ന ഗതികോർജമാണെന്നും ആയിരത്താണ്ടുകളായി ഇന്ത്യയിൽ മനുഷ്യരുടെ ഈ ആത്മനിർമാണസിദ്ധി തകർത്തത് സനാതനധർമം എന്ന വർണ്ണധർമമായിരുന്നുവെന്നും ഗുരുവിനറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഗുരു സ്വജീവിതത്തിൽ ഹിന്ദുമതത്തെ ഒരു മതമേ ആയി പരിഗണിച്ചില്ല. എന്നല്ല; ജീവിതത്തിലുടനീളം ഈ വർണധർമത്തിന്റെ അടിത്തറതകർക്കുന്ന പ്രവർത്തനങ്ങളിൽ നിശ്ചയദാർഢ്യത്തോടെ മുഴുകുകയുമായിരുന്നു. സഹസ്രാബ്ദങ്ങളായി, വിശുദ്ധമെന്ന് സനാതനധർമം ഉറപ്പിച്ചവയെയെമ്പാടും അശുദ്ധീകരിക്കുകയായിരുന്നു ആ പ്രവൃത്തികളുടെ ഫലം. പിന്നീട് അംബേദ്ക്കറിൽ ഇതിന്റെ തുടർച്ച കാണാം.
ഈ യുഗനിർമാണത്തിന്റെ ആഴമറിയണമെങ്കിൽ അദ്ദേഹം സ്ഥാപിച്ച ക്ഷേത്രങ്ങളും അതിന്റെ അനുക്രമവും സ്വഭാവലക്ഷ്യങ്ങളും അറിയണം. ഗുരുവിൽനിന്ന് കേൾക്കുക: “ക്ഷേത്രത്തിന്റെ നാലുപുറവും ഒരു പൂന്തോട്ടം ഉണ്ടാകണം. നല്ല വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ച് അതിനുചുറ്റും തറകൾ കെട്ടണം. അപ്പേൾ ജനങ്ങൾക്ക് വന്നിരുന്ന് കാറ്റുകൊള്ളാം...എല്ലാ ക്ഷേത്രങ്ങളിലും വായനശാലകൾ ഉണ്ടായിരിക്കണം. എല്ലാ മതഗ്രന്ഥങ്ങളും ശേഖരിച്ച് പഠിപ്പിക്കണം''. ഇനി, പ്രതിഷ്ഠകളുടെ സ്വഭാവവും അനുക്രമവുമോ? കാരമുക്ക് ശ്രീചിദംബരക്ഷേത്രത്തിലെ ദീപപ്രതിഷ്ഠ (1921), മുരുക്കുംപുഴ കാളകണ്ഠേശ്വരക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച പ്രഭ (1921), വെച്ചൂർ ഉല്ലലക്ഷേത്രത്തിലെ കണ്ണാടിപ്രതിഷ്ഠ(1927), കളവങ്കോടം ക്ഷേത്രത്തിലെ നിലക്കണ്ണാടിപ്രതിഷ്ഠ (1927) എന്നീ പ്രതിഷ്ഠകൾ ശ്രദ്ധിക്കുക. ഇതിനൊരു പരിവർത്തനത്തിന്റെ ചരിത്രമുണ്ട്. ക്ഷേത്രപ്രതിഷ്ഠകൾക്കു പിന്നിൽ മേൽസൂചിപ്പിച്ച ലക്ഷ്യങ്ങൾ സാന്ദ്രമായുണ്ട്. ചാത്തൻ> ശിവൻ> വിഷ്ണു >സുബ്രഹ്മണ്യൻ> ദീപം> മുദ്രാവാക്യം> കണ്ണാടി എന്നതാണ് ആ പ്രതിഷ്ഠയുടെ അനുക്രമം. ഇത് മനുഷ്യരിലേക്ക് തന്നെ സഞ്ചരിക്കുന്നു. ദൈവത്തിൽ നിന്ന് ആര്യദേവതകളെ മായ്ച്ചെഴുതി മനുഷ്യനിലേക്ക്. മതാതീതവും പൗരസമൂഹോന്മുഖവുമാണത്. അതാണതിന്റെ ലക്ഷ്യം; അതുതന്നെ വഴിയും. ഈ വിധം മനുഷ്യോന്മുഖസഞ്ചാരം സനാതനമതത്തിലെവിടെയും നാം കാണില്ല. അത് ആപാദചൂഢം ജാതിവെറിയുടെ സ്വരൂപമത്രേ.
