ചേകനൂർ മൗലവി എന്ന മൗലവി അബുൽ ഹസന്റെ സാന്നിദ്ധ്യം കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗത്ത് ഇല്ലാതായിട്ട് ഈ ജൂലൈ മാസത്തിൽ ഇരുപതുവർഷം തികഞ്ഞു. 1993 ജൂലൈ മാസത്തിലായിരുന്നു മൗലവിയുടെ തിരോധാനം.
മൗലവി തന്റെ ജീവിതത്തിൽ നടത്തിയ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, അദ്ദേഹം ഇല്ലാത്ത ഇരുപതുവർഷത്തെ കേരളീയ മുസ്ലിം സാംസ്കാരിക ജീവിതത്തെക്കുറിച്ചും ഇസ്ലാമിന്റെ വിവിധ ശാഖകൾക്കും കൈവഴികൾക്കുമിടയിൽ ചേകനൂർ ദർശനങ്ങളുടെ സ്ഥാനത്തെക്കുറിച്ചുമുള്ള ഒരു ആലോചനയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
ചേകനൂരിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന ചർച്ചകൾ പക്ഷപാതരഹിതമായിരുന്നില്ല. ചേകനൂർ പക്ഷത്തെയോ ചേകനൂർ വിരുദ്ധപക്ഷത്തെയോ പ്രതിനിധാനം ചെയ്യുകയെന്നതിലുപരി കാര്യങ്ങൾ വസ്തുനിഷ്ഠമായി പൊതുവെ വിശകലനംചെയ്യപ്പെട്ടിട്ടില്ല. ഇതൊരു വസ്തുനിഷ്ഠവിശകലനമായതുകൊണ്ടുതന്നെ ഇതിലെ നിഗമനങ്ങൾ ചേകനൂരിന്റെ അനുയായികൾക്കോ ശത്രുക്കൾക്കോ പൂർണ്ണമായും സ്വീകാര്യമാവണമെന്നില്ല.
ഇസ്ലാം എന്ന ജീവിതപദ്ധതി അഥവാ ലോകവീക്ഷണം കഴിഞ്ഞ പതിനാലു നൂറ്റാണ്ടായി ആഗോളതലത്തിൽ ദാർശനികരംഗത്ത് നല്കിക്കൊണ്ടിരിക്കുന്ന സംഭാവനകളിൽ ചേകനൂരിന്റെ വീക്ഷണങ്ങൾ എവിടെ നില്‍ക്കുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.
