യിസ്രായേൽപുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തുചെയ്യാൻ പോകുന്നുവെന്ന് സൂക്ഷിച്ചുകൊൾവിൻ. ഈ നാളുകൾക്കുമുമ്പേ തദാസ് എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചെന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നിച്ചിതറി ഒന്നുമല്ലാതാവുകയും ചെയ്തു. അവന്റെശേഷം ഗലീലയക്കാരനായ യൂദാ ചാർത്തലിന്റെ കാലത്ത് എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു. അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി. ആകയാൽ ഈ മനുഷ്യരെ വിട്ട് ഒഴിഞ്ഞുകൊൾവാൻ ഞാൻ നിങ്ങളോടു പറയുന്നു. (ബൈബിൾ: അപ്പോസ്തലപ്രവൃത്തികൾ)
ചെങ്ങറസമരത്തിന്റെ ആദ്യനാളുകളിലൊരു മഴക്കാലത്താണു ഞാൻ സമരഭൂമിയിലെത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വാർത്താധിഷ്ഠിതപരിപാടിയായിരുന്ന കേരളാസ്‌കാനിന്റെ ഒരദ്ധ്യായം ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകരായ ഐ. ഗോപിനാഥിനോടും ജോൺസൺ ജോണിനോടുമൊപ്പമായിരുന്നു സന്ദർശനം. സമരത്തിന് ആദ്യമായി പിന്തുണ നല്കിയ ഡൈനാമിക് ആക്ഷന്റെ അന്തരിച്ച എം.ജെ. ജോസഫ് അച്ചനുമായിട്ടായിരുന്നു അഭിമുഖത്തിന്റെ തുടക്കം. ഒരു കീഴാളജനതയുടെ അതിജീവനപോരാട്ടത്തോടുള്ള ഹൃദയംഗമമായ പക്ഷപാതിത്വം തുറന്നുപറഞ്ഞ അദ്ദേഹം, വിമർശനപരമായി, സമരനേതാവായ ളാഹഗോപാലൻ വൻതോതിൽ പണപ്പിരിവ് നടത്തുന്നുണ്ടെന്നും പറയുകയുണ്ടായി. തുടർന്നുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയും സംഭാഷണവും കോന്നി എം.എൽ.എ. ആയിരുന്ന അടൂർ പ്രകാശുമായിട്ടായിരുന്നു. പിന്നീടാണ് ഞങ്ങൾ സമരഭൂമിയിലെത്തുന്നത്. അപ്പോൾ സമരം നയിച്ചുകൊണ്ടിരുന്നത്, സാധുജനവിമോചനസംയുക്തവേദിയുടെ സെക്രട്ടറിയും ബിരുദാനന്തരബിരുദവുമുള്ള തട്ടയിൽ സരസ്വതിയെന്ന, മെല്ലിച്ച അനാരോഗ്യവതിയായ മധ്യവയസ്‌കയായിരുന്നു. അവരോടും സമരക്കാരായ നിരവധിപേരോടും സംസാരിക്കുക മാത്രമല്ല, സമരഭൂമിയുടെ നിരവധി ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഘം ഒടുവിൽ സന്ദർശിച്ചത് ളാഹഗോപാലനെയാണ്.
പത്തനംതിട്ടയിലുള്ള, സാധുജനവിമോചന സംയുക്തവേദിയുടെ ഓഫീസിൽവച്ചു ളാഹഗോപാലൻ നടത്തിയ സുദീർഘ സംഭാഷണത്തിലുടനീളം ചെങ്ങറസമരത്തിന്റെ സാമൂഹ്യവും സംഘടനാപരമായ പ്രശ്‌നങ്ങളാണവതരിപ്പിച്ചത്. ആ സംഭാഷണത്തെ മുറിച്ചുകൊണ്ട്, സമരത്തിനായെത്തുന്നവരിൽനിന്നും വ്യാപകമായി പണപ്പിരിവ് നടത്തുന്നതായ ആരോപണമുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി ഇപ്രകാരമായിരുന്നു, 'റബ്ബർമരങ്ങൾ ഒടിഞ്ഞുവീണ് ഏതുസമയവും അപകടങ്ങളുണ്ടാകും. അപകടങ്ങൾക്കിരയാകുന്നവരെ ആശുപത്രിയിലെത്തിക്കണം. മഴക്കാലത്തു പരിമിതമായ തോതിലെങ്കിലും ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യേണ്ടതുണ്ട്. അതിനുവേണ്ടിയാണ് 400 രൂപാവീതം ഓരോരുത്തരിൽനിന്നും വാങ്ങുന്നത്.' ഡോ. എം.ബി. മനോജും ഡോ. ഒ.കെ. സന്തോഷും കേട്ടെഴുതിയ ചെങ്ങറയുടെ ആത്മകഥാഖ്യാനമായ സെലീന പ്രക്കാനത്തിന്റെ 'ചെങ്ങറസമരവും എന്റെ ജീവിതവും' (പ്രസാധനം: ഡി.സി. ബുക്‌സ്) എന്ന കൃതിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത് ഓഫീസ് രേഖകൾപ്രകാരം സമരത്തിൽ പങ്കെടുത്തത് 7000 കുടുംബങ്ങളാണ്. ഈയടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻഫീസായി സാധുജനവിമോചനസംയുക്തവേദിക്കു ലഭിച്ചത് 28 ലക്ഷം രൂപയാണ്.
