"A university stands for humanism. For tolerance, for reason, for the adventure of ideas and for the search of truth. It stands for the onward march of the human race towards ever higher objectives. If the universities discharge their duties adequately, then it is well with the Nation and the people.''
-Jawaharlal Nehru
വർത്തമാനകാല ഇന്ത്യയിലെ അസഹിഷ്ണുതാരാഷ്ട്രീയത്തിന്റെ ഏറ്റവും ഒടുവിലത്തെ സൂചനകളിലൊന്നായി ജവഹർലാൽ നെഹ്‌റു സർവ്വകലാശാല(ജെ.എൻ.യു)യിലെ 'ദേശവിരുദ്ധ' പ്രവർത്തനങ്ങളെക്കുറിച്ചുള്ള സംഘപരിവാർ-ഭരണകൂടവ്യവഹാരങ്ങളെ വിലയിരുത്താവുന്നതാണ്. ഹൈദരബാദ് സർവ്വകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ (ജാതി പ്രത്യയശാസ്ത്രത്തിലൂടെ സർവ്വകലാശാലയും ഭരണകൂടവും സ്ഥാപനവത്കരിച്ചത്) സൃഷ്ടിച്ച ജാതിവിരുദ്ധ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും ദലിത് ബഹുജൻ പൗരസമൂഹമുന്നേറ്റങ്ങളെയും തടയാൻ ഹിന്ദു വലതുപക്ഷത്ത് ലഭിച്ച തന്ത്രപരമായ ആയുധമാണ് ജെ.എൻ.യുവിനുമേൽ ആരോപിക്കപ്പെടുന്ന 'രാഷ്ട്രവിരുദ്ധ' പ്രവർത്തനങ്ങൾ അഥവാ സംഘപരിവാറിന്റെ 'സ്വഭാവസർട്ടിഫിക്കറ്റ്.' സർവ്വകലാശാല യൂണിയൻ പ്രസിഡന്റും ബീഹാറിൽനിന്നുള്ള ഗവേഷകവിദ്യാർത്ഥിയുമായ കനയ്യ കുമാറിനെ 'രാജ്യദ്രോഹക്കുറ്റം' (sedition) ആരോപിച്ച് തീഹാർ ജയിലിൽ അടച്ചു. 'രാജ്യദ്രോഹകുറ്റ'ത്തിൽ പങ്കാളികളാണെന്ന് പറയപ്പെടുന്ന മറ്റ് വിദ്യാർത്ഥികൾക്കായി രാജ്യത്തിന്റെ നാനാഭാഗത്തേക്കും ഭരണകൂടം അന്വേഷണങ്ങൾ വ്യാപിപ്പിച്ചിരിക്കുന്നു.
നിയമവാഴ്ചയുടെ അട്ടിമറി
