സഹാറൻപൂർ എന്ന ഇന്ത്യനവസ്ഥ

Society

സഹാറൻപൂർ എന്ന ഇന്ത്യനവസ്ഥ


വർണജാതി വ്യവസ്ഥയിൽ അടിയുറച്ച ഇന്ത്യൻ സാമൂഹികവ്യവസ്ഥിതിയിൽ ഉള്ളടങ്ങിയിരിക്കുന്ന ദലിതർക്കെതിരേയുള്ള അതിക്രമത്തിന്റെ മറനീക്കിയുള്ള പ്രകടനമാണ് ഉത്തർപ്രദേശിലെ സഹാറൻപൂർ (Saharanpur ) ജില്ലയിലെ ഷാബിർപുർ (Shabbirpur, ചന്ദ്രപൂർ (chandrapur) എന്നീ വില്ലേജുകളിലെ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. ചില കമ്മ്യൂണിസ്റ്റ് പാർട്ടികൾ വിപ്ലവപരിപാടികളുടെ ഭാഗമായി പറയാറുള്ളതുപോലെ (തീർത്തും വ്യത്യസ്തമായത്) 'ഗ്രാമനേതൃത്തിലുള്ള വളയൽ' സവർണജാത്യാധികാരം എത്രയോകാലമായി കീഴാളബഹുജനങ്ങൾക്കെതിരായി ഇന്ത്യയിൽ നടപ്പിലാക്കി വരുന്നുണ്ട്. ഇതിന്റെ ഉത്തമദൃഷ്ടാന്തമാണ് മൂവായിരത്തിലധികം വരുന്ന ഉയർന്ന ജാതിക്കാർ (രജപുത്രതാക്കൂർ) ദലിത് പ്രദേശങ്ങൾ ഉപരോധിച്ച് അറുപതുകളിലധികം ദലിതരുടെ വീടുകൾ അഗ്‌നിക്കിരയാക്കികൊണ്ട് വീട്ടുസാധനങ്ങൾ അടക്കമുള്ള എല്ലാ വസ്തുവകകളും നശിപ്പിച്ചുകൊണ്ടു നടത്തിയ അതിക്രമണങ്ങൾ.

വളരെ മുന്നൊരുക്കത്തോടുകൂടിയാണ് ജാത്യാധികാരം ദലിതർക്കുമേൽ കഴിഞ്ഞ മൂന്നുവർഷത്തിലധികമായി ഇന്ത്യയിലെ പല ഭാഗങ്ങളിൽ അതിക്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. കൂടുതൽ അതിക്രമങ്ങൾ ഭയന്ന് ഗ്രാമവാസികളായ ദലിതരിൽ പലരും മറ്റു സ്ഥലങ്ങളിലുള്ള ബന്ധുവീടുകളിലേക്കും 'അജ്ഞാതമായ പ്രദേശങ്ങളിലേക്കും' പലായനം തുടങ്ങിക്കഴിഞ്ഞു. ഹീനമായ രീതിയിലുള്ള അതിക്രമം അരങ്ങേറി ദിവസങ്ങൾ കഴിഞ്ഞിട്ടും ഭരണകൂടവും നിയമസംവിധാനങ്ങളും കാര്യമായ ഇടപെടലുകൾ ഒന്നും ഇതുവരെ നടത്തിയിട്ടില്ല. താക്കൂർ വിഭാഗങ്ങൾ ആധിപത്യം പുലർത്തുന്ന ഗ്രാമത്തിൽ അതിക്രമത്തിന്റെ ഇരകളാണെങ്കിൽകൂടി ഭരണകൂടവും പോലീസും തങ്ങളെ കൂടുതൽ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നാണ് പ്രദേശത്തെ ദലിതജനങ്ങൾ അഭിപ്രായപ്പെടുന്നത്. അക്രമത്തിനു ശേഷം കാര്യമായ അന്വേഷണം ഒന്നും നടത്താതെയാണ് ആദ്യഘട്ടത്തിൽ അന്വേഷണച്ചുമതല വഹിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥൻ, ദലിതർ ആണ് കല്ലേറ് നടത്തി അതിക്രമങ്ങൾക്ക് തുടക്കമിട്ടതെന്നു മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടത്.

സഹാറൻപൂർ ജാതിക്കലാപത്തിന്റെ ഒരു ദൃശ്യം
സഹാറൻപൂർ ജാതിക്കലാപത്തിന്റെ ഒരു ദൃശ്യം

Related Articles