ലോകത്തിനു മുമ്പാകെ ഭാരതം സമർപ്പിച്ച ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളിലൊന്നായി കൗടില്യൻ എഴുതിയ 'അർത്ഥശാസ്ത്രം' അറിയപ്പെടുന്നു. എന്നും എവിടെയും ഏതു സമൂഹവും അധികാരത്തിന്റെയും അധികാരം സൃഷ്ടിച്ച നിയമാവലിയുടെയും ചട്ടക്കൂടിനുള്ളിൽ സഞ്ചരിക്കുന്നുയെന്ന യാഥാർത്ഥ്യം, മനുഷ്യവതിയായ ഭൂമിയുടെ ലബ്ധിക്കും പാലനത്തിനും ഉപായമായിട്ടുള്ള ശാസ്ത്രമായ അർത്ഥശാസ്ത്രത്തെ എന്തിനും മേലെ പ്രതിഷ്ഠിക്കുന്നു. അർത്ഥശാസ്ത്രം ഒരു പുരാതന ഗ്രന്ഥമാണ്. പുരാതനസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ ഗ്രന്ഥം. അത് മനുഷ്യവർഗ്ഗത്തിന്റെ അധികാരശബ്ദവും അവയുടെ പ്രയോഗവുമാണ്. അതുകൊണ്ടുതന്നെ, അത് എഴുതിയ കാലത്തിന്റെ പ്രതിഫലനമാവുമ്പോഴും, മനുഷ്യസമൂഹത്തിന്റെ കാലാതീതമായ ആവശ്യങ്ങളുടെയും അവയുടെ പ്രയോഗസാധ്യതകളുടെയും കൃത്യമായ വിലയിരുത്തലും അതിൽ കാണാൻ കഴിയും. ആ അർത്ഥത്തിൽ അർത്ഥശാസ്ത്രത്തിന് കാലാതീതമായ പ്രസക്തിയുണ്ട്.
ഇന്ത്യയിൽ ആദ്യമായി സാമ്രാജ്യത്വഭരണത്തെ സ്ഥാപിച്ച മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പ്രധാനമന്ത്രിയെന്ന സ്ഥാനത്തു മാത്രമൊതുങ്ങി നിൽക്കുന്ന വ്യക്തിയല്ല കൗടില്യൻ. മൗര്യസാമ്രാജ്യസ്ഥാപനത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായ കൗടില്യൻ സാമ്രാജ്യത്വത്തിന്റെ നിലനില്പും വളർച്ചയും ലക്ഷ്യമാക്കുന്ന ഉത്തരവാദിത്വവും നിർവഹിച്ച വ്യക്തിയാണ്. അതിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അർത്ഥശാസ്ത്രം എഴുതുന്നത്. അർത്ഥശാസ്ത്രം സാമ്രാജ്യത്വത്തിന്റെ ഭരണഘടനയാണ്. സാമ്രാജ്യത്വത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും ആധാരമായ യാന്ത്രികമായ അധികാരകേന്ദ്രീകരണം, സമ്പത്ത്, ചൂഷണാധിഷ്ഠിത ബലപ്രയോഗം എന്നീ ഘടകങ്ങളും അവയുടെ പ്രവർത്തന സാധ്യതയ്ക്കുവേണ്ടിയുള്ള സാമൂഹികസംരക്ഷണവും അടിസ്ഥാന ശിലകളാക്കി നിർമ്മിക്കപ്പെട്ടതാണ്. സമൂഹത്തിലെ ഏതൊരു വിഷയത്തെയും ആ വീക്ഷണത്തിലൂടെയാണ് അർത്ഥശാസ്ത്രം സമീപിക്കുന്നത്. സ്ത്രീയെന്ന വിഷയത്തിലും അതാണ് സംഭവിച്ചത്.
സ്ത്രീയെ, അവളുടെ ജീവിതത്തെ, വിലയിരുത്തുന്നത്-അവളെ നിലനിർത്തുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്ന്-തികച്ചും യാന്ത്രികവും സാമ്പത്തികവും ചൂഷണപരവുമായ ശാസ്ത്രാധിഷ്ഠിത ചട്ടക്കൂടിനുള്ളിലൂടെ കൗടില്യൻ കാണുമ്പോൾ അതിൽ അല്പവും കാല്പനികത സംഭവിക്കുന്നില്ല. അതുമാത്രമല്ല, അധികാരത്തിന്റെ പരുക്കൻ സ്പർശനം അവയിലുടനീളം പ്രതിഫലിക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ യാന്ത്രികത എങ്ങനെയാണ് സ്ത്രീയെ സമീപിക്കുന്നതെന്ന് കൗടില്യൻ കാണിച്ചുതരുന്നു. സാമ്രാജ്യത്വത്തെ സ്വാഭാവികനിർമ്മിതിയായി തുറന്നു വെക്കുകയല്ല ചെയ്തത്. കൃത്യതയാർന്ന ചിന്തയുടെ ബലപ്രയോഗവും ആ ബലപ്രയോഗത്തിൽ രൂപപ്പെടുന്ന കൃത്യതയാർന്ന പ്രവൃത്തിയും ചേർന്നുള്ള ബോധപൂർവ്വമായ നിർമ്മിതി. അത് ധാരാളം അടഞ്ഞ വാതിലുകൾക്കുള്ളിലാണ് നിർമ്മിക്കപ്പെട്ടത്. അവിടെ രാജാവും പ്രജയും സ്ത്രീയും പുരുഷനും വസ്തുവും വസ്തുതകളും വ്യക്തതയുള്ള വൃത്തത്തിനുള്ളിലെ യാന്ത്രികരൂപങ്ങളായിട്ടാണ് നിലനിൽക്കുന്നത്.
