വർണ്ണവ്യവസ്ഥയും സംവരണവ്യവസ്ഥയും

Society

വർണ്ണവ്യവസ്ഥയും സംവരണവ്യവസ്ഥയും


പഴയ അയിത്തജാതികളില്‍ നിന്നും ക്രിസ്ത്യന്‍ ഇസ്‌ലാം മതത്തിലേക്കുപോയവർ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നത് ‘പട്ടികജാതി സംവരണംവഴി ജോലി നേടാന്‍’ ആകരുത് എന്ന ഒരു സുപ്രീംകോടതിവിധി ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഒരാള്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നത് ആ മതത്തിന്‍റെ ആത്മീയമൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചുകൊണ്ടും അവ സ്വജീവിതത്തില്‍ പാലിച്ചുകൊണ്ടും ആകണം അല്ലാതെ കേവലം പട്ടികജാതി സംവരണംവഴി ജോലിക്കായി ആകരുത് എന്ന് കോടതി പറയുന്നു. ജ്ഞാനസ്നാനം ചെയ്ത് ക്രിസ്തുമതം സ്വീകരിച്ച ആളുകള്‍ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുന്നത് ആഘോഷമായോ ആര്യസമാജം നിർദ്ദേശിക്കുന്ന ചടങ്ങുകള്‍ അനുസരിച്ചോ ആകണം എന്നും കോടതി പറയുന്നു. ഇതോടൊപ്പം കോടതി പറയുന്ന രണ്ടു പ്രസക്തമായ കാര്യങ്ങള്‍ ഒന്ന് ഒരാളുടെ മതവിശ്വാസത്തിന്‍റെ തീവ്രതയോ സത്യസന്ധതയോ അളക്കാന്‍ കോടതിക്കു കഴിയില്ല എന്നാല്‍ മതപരിവര്‍ത്തനത്തിനുള്ള കാരണം അതിന്‍റെ പശ്ചാത്തലം ഒക്കെ വസ്തുനിഷ്ഠമായി കോടതിക്ക് കണ്ടെത്താന്‍ കഴിയും എന്നതാണ്. ഇവിടെ ആദ്യം നമുക്ക് "മതപരിവര്‍ത്തനം’ എന്ന പ്രയോഗത്തെ ഒന്ന് ഇഴകീറി പരിശോധിക്കാം. 

ഇന്ന് ഹിന്ദുമതക്കാര്‍ എന്ന് വിളിക്കപ്പെടുന്ന ആളുകള്‍ പരസ്പരം അയിത്തവും അസ്പൃശ്യതയും പുലര്‍ത്തുന്ന ജാതികളുടെ കൂട്ടങ്ങള്‍ ആയിട്ടായിരുന്നു നൂറ്റാണ്ടുകളായി ഇവിടെ ജീവിച്ചിരുന്നത്. വര്‍ണ്ണ സിദ്ധാന്തപ്രകാരം, വിരാട് പുരുഷന്‍റെ മുഖത്തുനിന്നും ബ്രാഹ്മണരും കൈകളില്‍നിന്നും ക്ഷത്രിയരും തുടകളില്‍നിന്നും വൈശ്യരും പാദങ്ങളില്‍നിന്നും ശൂദ്രരും പിറന്നു എന്നാണ് സങ്കല്പം. വര്‍ണ്ണവ്യവസ്ഥ അനുസരിച്ച് എല്ലാവരും ആദ്യം ജനിക്കുക ശൂദ്രന്‍ ആയിട്ടായിരിക്കും. സ്വവര്‍ണ്ണ ധര്‍മ്മം കൃത്യമായി അനുഷ്ഠിക്കുകവഴി അടുത്ത ജന്മങ്ങളില്‍ അയാള്‍ യഥാക്രമം വൈശ്യനായും ക്ഷത്രിയനായും ഒടുവില്‍ ബ്രാഹ്മണനായും പുനര്‍ജനിക്കുന്നു. ബ്രാഹ്മണവര്‍ണ്ണത്തിന് വിധിക്കപ്പെട്ട വര്‍ണ്ണധര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിച്ച് ഒടുവില്‍ അയാള്‍ ബ്രഹ്മത്തില്‍ ലയിക്കുന്നു. നമ്മള്‍ ജനിക്കുന്ന വര്‍ണ്ണം ഏതാണോ അതിന് ശാസ്ത്രങ്ങളില്‍ പറഞ്ഞിട്ടുള്ള കര്‍ത്തവ്യങ്ങള്‍ അണുവിട തെറ്റാതെ അനുഷ്ഠിക്കുക എന്നതാണ് വര്‍ണ്ണവ്യവസ്ഥയുടെ, ജാതി വ്യവസ്ഥയുടെ മര്‍മ്മം എന്നത്. ഇങ്ങനെ ജീവിക്കാതിരുന്നാല്‍ അടുത്ത ജന്മം വീണ്ടും നമ്മള്‍ ശൂദ്രര്‍ ആയി പുനര്‍ജനിക്കുകയും മറ്റുള്ളവരുടെ ആട്ടും തുപ്പും ഏറ്റ് ജീവിക്കേണ്ടിവരികയും ചെയ്യും. വര്‍ണ്ണവ്യവസ്ഥയുടെ അടിസ്ഥാനം ജാതികള്‍ക്കിടയിലെ സാമൂഹ്യപദവിയിലുള്ള ഏറ്റക്കുറച്ചിലുകള്‍ ആണ്. അതായത് ഓരോ ജാതിയും മറ്റു ജാതികളോട് പുലര്‍ത്തുന്ന അയിത്തവും അസ്പൃശ്യതയും ആണ് വര്‍ണ്ണ വ്യവസ്ഥയുടെ അടിത്തറ എന്നത്. അയിത്തവും അസ്പൃശ്യതയും പൂര്‍ണ്ണമായി ഇല്ലാതായിക്കഴിഞ്ഞാല്‍ ആ നിമിഷം ജാതിവ്യവസ്ഥയും വര്‍ണ്ണവ്യവസ്ഥയും ഇല്ലാതാകും. 


Related Articles