വാർത്താമുറിയിലെ ജാതിപാചകം

Society

വാർത്താമുറിയിലെ ജാതിപാചകം


നാഗരാജു കോപ്പുല എന്ന പേര് അധികമാളുകൾ കേട്ടിരിക്കാനിടയില്ല. ഈ പത്രപ്രവർത്തകന് ഒരു പ്രത്യേകതയുണ്ട്. ഇംഗ്ലിഷ് പത്രത്തിൽ ജേണലിസ്റ്റ് ആയ അപൂർവം ദലിത് യുവാക്കളിലൊരാളാണ് അദ്ദേഹം. ആദ്യത്തെ ദലിത് ഇംഗ്ലിഷ് പത്രപ്രവർത്തകൻ എന്നുപോലും ചിലരെല്ലാം അവകാശപ്പെടുന്നുണ്ട്. പക്ഷേ, അത് ചോദ്യം ചെയ്യപ്പെട്ടേക്കാം. അതവിടെ നിൽക്കട്ടെ. നാഗരാജു ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഏപ്രിലിൽ മരണമടഞ്ഞു. മരണശേഷം പലരും ചോദിച്ചു; നാഗരാജുവിനെ കൊന്നത് കാൻസറോ ജാതിവിവേചനമോ?

ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്സിലെ നല്ല പത്രപ്രവർത്തകരിൽ ഒരാളായിരുന്നു നാഗരാജു. ആന്ധ്രാപ്രദേശിലെ ഖമ്മം ജില്ലയിലെ ഭദ്രാചലത്തിനടുത്ത് സരപാക ഗ്രാമത്തിൽ നിന്നുള്ള ഈ യുവാവിന്റെ പത്രപ്രവർത്തന കഴിവുകളെയും സംഭാവനകളെയും അദ്ദേഹം പ്രവർത്തിച്ച പത്രം പുകഴ്ത്തി, മരണാനന്തരം. നാഗരാജു ദരിദ്ര കുടുംബത്തിൽ നിന്നാണ് വന്നത് എന്ന് പ്രത്യേകം പറയേണ്ടതില്ല. നിർമാണത്തൊഴിലാളിയായും ഐസ്‌ക്രീം വില്പ്പനക്കാരനായും പ്രവർത്തിച്ചാണ് വിദ്യാഭ്യാസം നേടിയത്. ചിത്രരചനയിലും മിടുക്കനായ അദ്ദേഹം കടകളുടെ ബോർഡ് എഴുതിയും പണമുണ്ടാക്കി. അസാമാന്യമായ ഇച്ഛാശക്തിയും ലക്ഷ്യബോധവും ഉള്ളതുകൊണ്ടുമാത്രമാണ് അദ്ദേഹത്തിന് ബംഗളൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ പോയി പഠിക്കാനായത്.

നാഗരാജുവിനോളം വിദ്യാഭ്യാസവും അറിവും കഴിവും ഉള്ള ഒരു ദലിത് യുവാവ് പത്രപ്രവർത്തനത്തിലേക്കുതന്നെ വരണമെന്നില്ല. സുഖജീവിതം ഉറപ്പ് നൽകുന്ന സർക്കാർ ജോലി കിട്ടാൻ ഒരു പ്രയാസവുമില്ല. പിരിയുന്നതുവരെ തൊഴിലും വർഷംതോറും വർദ്ധിക്കുന്ന ശമ്പളവും സുരക്ഷിതം. പിരിഞ്ഞാൽ മരണം വരെ പെൻഷനും. അതും അനന്തമായി വർദ്ധിച്ചുകൊണ്ടേയിരിക്കും. പക്ഷേ, നാഗരാജു തിരഞ്ഞെടുത്തത് പത്രപ്രവർത്തനമാണ്. ആ 'തെറ്റായ' തീരുമാനത്തിന് അദ്ദേഹം വലിയ വില കൊടുത്തു. അദ്ദേഹത്തിന് പത്രസ്ഥാപനത്തിൽ കരാർ നിയമനമേ ലഭിച്ചുള്ളൂ. ജാതിവിവേചനം നാഗരാജു അനുഭവിച്ചിരുന്നുവെന്ന് ചില സഹപ്രവർത്തകർതന്നെ ആരോപിച്ചിരുന്നു. എന്നിട്ടും അദ്ദേഹം പിടിച്ചുനിന്നു. രോഗബാധിതനായപ്പോൾ സ്ഥിതി ഗുരുതരമായി. ജോലി നഷ്ടപ്പെട്ടു. ശരിയായ ചികിത്സ പോലും ലഭിച്ചിരുന്നില്ല. അർബുദരോഗത്തിനല്ല, രോഗനിർണയം തെറ്റിയതിനാൽ ക്ഷയരോഗത്തിനുള്ള ചികിത്സയാണ് ആസ്പത്രിയിൽനിന്നു ലഭിച്ചത്.


Related Articles