ജാതിയും വർഗ്ഗവും ആദിശങ്കരനും

Society

ജാതിയും വർഗ്ഗവും ആദിശങ്കരനും


2024 ഡിസംബർ ലക്കം "പച്ചക്കുതിര'യിൽ കെ.എം. സലിംകുമാർ എഴുതിയ "പാളിപ്പോയ ജാതി വർഗ സമന്വയങ്ങൾ' എന്ന ലേഖനം ജാതി, വർഗ്ഗ പ്രശ്‌നങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ജാതിയും വർഗവും പരസ്പരം ബന്ധമില്ലാത്തതാണെന്നും ഒരിക്കലും വെള്ളം കയറാത്ത അറകൾപോലെയാണെന്നും അദ്ദേഹം എഴുതുന്നു. ജാതി, വർഗം, വംശം, വർണ്ണം, ലിംഗം എന്നിവയെല്ലാം തനതാണെന്നും ഒന്നു മറ്റൊന്നുമായി ബന്ധമില്ലാത്തതും ഓരോന്നും സ്വയം പരിഹാരം കണ്ടെത്തുന്ന തനത് മണ്ഡലമാണെന്നും അദ്ദേഹം വാദിക്കുന്നു. ഇതിൽ ഏതെങ്കിലും ഒന്ന് ബാധകമായവർക്ക് മറ്റൊന്നും ബാധകമാവാത്ത സ്ഥിതിയിൽ ഒരു സമൂഹത്തിൽതന്നെയാണ് ഇത് നിലനിൽക്കുന്നതെന്നും ആ സമൂഹത്തിലെ അധികാരബന്ധങ്ങളും രാഷ്ട്രീയമണ്ഡലവും ഇതൊന്നിനും പൊതുവിൽ ബാധകമല്ലാത്ത സ്ഥിതിയിലാണെന്നും പറയുന്നു. സലിംകുമാർ ഉന്നയിക്കുന്ന മറ്റൊരു പ്രശ്‌നം മേല്പറഞ്ഞതുമായി ബന്ധപ്പെട്ട് ജാതിസ്വത്വത്തെ വർഗപ്രശ്നവുമായി കണ്ണിചേർത്ത് വിലയിരുത്തിയ സീഡിയൻ (SEEDIAN Socially Economically Educationally depressed Indian Ancient Nationality) ദേശീയ ദലിത് വിമോചന മുന്നണി (NDLF) എന്നീ പ്രസ്ഥാനങ്ങളുടെ നിലപാടിന്റെ അപ്രസക്തിയെപ്പറ്റിയാണ്. മേല്പറഞ്ഞ സംഘടനകൾ നടത്തിയ "ആദിശങ്കരനെ കത്തിച്ച' സമരത്തെപ്പറ്റി അവാസ്തവമായ വിലയിരുത്തലുകൾ അദ്ദേഹം നടത്തുന്നുണ്ട്. ഇതു സംബന്ധിച്ച ചില പരിശോധനകൾക്കും ജാതി, വർഗപ്രശ്‌നങ്ങളും വിശകലനംചെയ്യാനുമാണ് ഇവിടെ ശ്രമിക്കുന്നത്.

മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി പട്ടികജാതി വർഗ്ഗ, ദലിത് നേതൃത്വങ്ങളും ബുദ്ധിജീവികളും പ്രകടിപ്പിക്കുന്ന അവാസ്തവികമോ, അപക്വമോ ആയ നിലപാടുകൾ വർധിച്ചുവരികയാണ്. ഓരോ നേതൃത്വവും തങ്ങളുടെ സ്വത്വമണ്ഡലത്തിനുള്ളിൽ നിന്നുകൊണ്ട് പരസ്പരം വാളോങ്ങുന്ന ഗോത്രരാജാക്കന്മാരെയോ മധ്യകാലനാട്ടുരാജാക്കന്മാരെയോപോലെ അവകാശവാദങ്ങളും ആരോപണങ്ങളും നടത്തുന്നു. ഇതിന്റെ സമീപകാല ഉദാഹരണമാണ് സലിംകുമാറിന്റെ ലേഖനം. കെ.കെ. കൊച്ച് ആദിശങ്കരനെ കത്തിച്ച വൈപ്പിൻ സമരത്തിൽ പങ്കെടുത്തില്ലെന്നു പറയുന്നു. ശങ്കരനെ കത്തിച്ച പശ്ചാത്തലവും രാഷ്ട്രീയ ഉള്ളടക്കവും പറയാതെ ചില പ്രവർത്തകരുടെ നിർദ്ദേശം മാത്രമാണ് ഇതിനു പിന്നിലെന്ന് പറഞ്ഞുകൊണ്ട് പ്രശ്‌നത്തെ ലഘൂകരിച്ചുകാട്ടുന്നതും ഈ മനോഭാവമാണ്. ജിം സമരത്തിൽ അറസ്റ്റ് വരിച്ചു ജയിലിലടയ്ക്കപ്പെട്ടു എന്ന കെ.കെ.എസ് ദാസിന്റെ വാദവും (സ്വർഗത്തെ കടന്നാക്രമിച്ച ധീരന്മാർ എന്ന പുസ്തകത്തിൽ എഴുതിയത്) ഇദ്ദേഹത്തിന്റെതന്നെ, തങ്ങൾ കാർഷികവിപ്ലവം നടത്തി ഭരണകൂടത്തെ വെല്ലുവിളിച്ചുവെന്ന പ്രഖ്യാപനങ്ങളും അതേപോലെ ആവർത്തിക്കുകയാണ് സലിംകുമാർ. കെ.കെ.എസ്. അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജയിലിൽ അടയ്ക്കപ്പെട്ടിട്ടില്ല. തൃപ്പൂണിത്തുറ സബ് ജയിലിൽ കിടന്നിട്ടുള്ളത് എം.എൻ. രാവുണ്ണി, സി.പി. റഷീദ്, ജോൺ കെ. എരുമേലി, കനുൽ തുമരംപാറ, ലേഖകരിൽ ഒന്നാമനും-ലിസ്റ്റ് അപൂർണം) തുടങ്ങിയവരാണ്. ഫലത്തിൽ ദലിത് നേതൃത്വങ്ങൾക്കും ബുദ്ധിജീവികൾക്കുമിടയിലുള്ള അപക്വവും സങ്കുചിതവുമായ സമീപനങ്ങളെ വ്യക്തമാക്കുന്നതാണ് ഒട്ടും ആരോഗ്യകരവും സത്യസന്ധവുമല്ലാത്ത ഇത്തരം നിലപാടുകൾ. ഇത്തരം ആളുകളാണ് ദലിത് ഐക്യവും വിശാലമായ ഭരണഘടനാ ജനാധിപത്യത്തെക്കുറിച്ചുമൊക്കെ പറയുന്നത്.


Related Articles