ഇപ്പോൾ നാട്ടിൽ നടക്കുന്ന പുക്കാറുകൾ സൃഷ്ടിക്കുന്ന വലിയ പ്രശ്‌നം കൂടെക്കൂടെ ആർക്കും ഒന്നും തിരിയാതെയായി വരുന്നു എന്നതാണ്. ഇപ്പോൾ പാസ്സാക്കിയ പൗരത്വഭേദഗതിനിയമത്തെപ്പറ്റി സാമാന്യമായി ഇവിടെ പറഞ്ഞുകേൾക്കുന്നത്: മുസ്‌ലിങ്ങളെ മുഴുവൻ പൗരത്വം നിഷേധിച്ച് ഇന്ത്യയിൽനിന്ന് പുറത്താക്കും. അവർ ഏതെങ്കിലും മുസ്‌ലിം രാജ്യത്തേക്ക് പൊയ്‌ക്കൊള്ളട്ടെ, ഇന്ത്യ ഹിന്ദുക്കളുടെ രാജ്യമാണ്. ഇനി മുസ്‌ലിങ്ങൾക്ക് ഇവിടെ താമസിക്കണം എന്നാണെങ്കിൽ പൗരാവകാശങ്ങളില്ലാത്ത രണ്ടാംതരം പൗരന്മാരായി ഭൂരിപക്ഷ സമുദായത്തിന്റെ അടിമകളായി കഴിയേണ്ടി വരും.
ഇത്രയും തുറന്ന് എല്ലാവരും പറയുന്നില്ല. എങ്കിലും ഇതിലേക്ക് എത്തുന്ന മട്ടിലുള്ള പ്രചാരവേലകളുണ്ട്. ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്‌ലിങ്ങൾക്കിടയിൽ ശകലം പരിഭ്രാന്തിയുണ്ട്. നിർഭാഗ്യവശാൽ ഈ പരിഭ്രാന്തി ഇപ്പോൾതന്നെ ഇവിടെ സമുദായങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
ആദ്യമായി തിരിച്ചറിയേണ്ടത് ആരുടെയെങ്കിലും പൗരത്വം എടുത്തുകളയാനുള്ള ഒരു വകുപ്പും ഇപ്പോൾ നിലവിൽ വന്ന (2019) നിയമത്തിൽ ഇല്ല എന്നതാണ്. ആർക്കെങ്കിലും പൗരത്വം നിഷേധിക്കുന്നതിനെ സംബന്ധിച്ചല്ല, ചില കൂട്ടർക്ക് പൗരത്വം നൽകുന്നതിനെ സംബന്ധിച്ചാണ് പുതിയ നിയമം.
