സാഹോദര്യത്തിന്റെ പ്രത്യയശാസ്ത്ര വഴി

Society

സാഹോദര്യത്തിന്റെ പ്രത്യയശാസ്ത്ര വഴി


വംശീയമായി ഒറ്റപ്പെട്ട്, മറ്റൊരു പൊതുസമൂഹത്തിന്റെ ഏകപക്ഷീയ മർദ്ദനത്താൽ വധിക്കപ്പെട്ട അട്ടപ്പാടിയിലെ ആദിവാസി യുവാവായിരുന്ന മധുവിന്റെ കൊലപാതകം ഇന്ത്യൻ രാഷ്ട്രീയം നിരന്തരം അനിവാര്യമാക്കുന്ന ഒരു പ്രത്യയശാസ്ത്രാവബോധത്തെയാണ് അവശേഷിപ്പിച്ചിട്ടുള്ളത്. മുഖ്യധാരയുടെ പ്രബലരാഷ്ട്രീയ സംഘടനകളും അതിലെ മാധ്യസ്ഥനിലകളും അടിസ്ഥാനപരമായി ഒരു ശ്രേണീഘടനയെ നിലനിർത്തുന്നുണ്ട്. അത് ഇന്നും അപരിഹാര്യമായി തുടരുന്ന വിവേചനത്തിന്റെ സാമൂഹിക/സാംസ്‌കാരിക/രാഷ്ട്രീയ സ്വഭാവത്തെ വ്യക്തമാക്കുന്നതാണ്. ഇങ്ങനെയൊരു രാഷ്ട്രീയാനുഭവത്തെയാണ് അംബേദ്ക്കർ നിരന്തരം അഭിസംബോധനചെയ്തിരുന്നതും പരിഹരിക്കാൻ ശ്രമിച്ചതും. മനുഷ്യന്റെ മൂല്യം സ്വയം സിദ്ധവും സ്വയം സ്പഷ്ടവുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് അംബേദ്ക്കർ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം ഉയർത്തിപ്പിടിച്ചത് സ്വാതന്ത്ര്യത്തിലൂടെയും സ്വയം പര്യാപ്തതയിലൂടെയും ഉയിർകൊള്ളുന്ന ഒരു ജനതയുടെ വിമോചനമായിരുന്നു. അത് ഇന്നും പ്രസക്തമായി തുടരുന്നു. ആദിവാസി സമൂഹത്തെക്കൂടി രാഷ്ട്രീയമായി നയിക്കാൻ കഴിയാത്തവിധം ബൃഹത്തായ ഉത്തരവാദിത്തങ്ങളായിരുന്നു അന്ന് അംബേദ്ക്കർ വഹിച്ചിരുന്നത് എങ്കിലും ഏതൊരു മർദ്ദിത സമൂഹത്തിനും മാതൃകയായ വിമോചനാത്മകമായ ജ്ഞാനപദ്ധതിയെയാണ് അംബേദ്ക്കറിൽ ദർശിക്കാനാവുക. ഭരണകൂടത്തിന്റെയും അതിന്റെ രേഖീയ അധികാര പ്രയോഗങ്ങളുടെയും അടിസ്ഥാനത്തിൽ വികസിക്കപ്പെട്ട 'പ്രത്യയശാസ്ത്രം' എന്ന രാഷ്ട്രീയ പരികല്പനയെ പറഞ്ഞു പഴകിയ വഴികളിലൂടെയല്ലാതെ അപഗ്രഥിക്കേണ്ടുന്നതിന്റെ പശ്ചാത്തലമാണ് മുൻചൊന്ന രാഷ്ട്രീയ സന്ദർഭങ്ങളോരോന്നും. അതിൽ അംബേദ്ക്കർ ദർശനങ്ങൾ നൽകുന്ന ദിശാസൂചകത്വം സവിശേഷമായൊരു രാഷ്ട്രീയ പ്രയോഗമായി ഇനിയും വികസിക്കേണ്ടതുണ്ട്. അനുഭവങ്ങളിൽ അപരങ്ങളായി തന്നെ നിൽക്കുന്ന രാഷ്ട്രീയ നിർവാഹക സംഘങ്ങളെയും അവയുടെ മാധ്യസ്ഥനിലകളിലെ അപരിഹാര്യമായ മേൽകീഴ്ബന്ധങ്ങളെയും നിരാകരിച്ചുകൊണ്ട് സ്വയമേവ ഉയിർക്കുന്ന അധഃസ്ഥിത ജനതയുടെ സൂക്ഷമരാഷ്ട്രീയത്തിന്റെ പ്രാഗ്‌രൂപങ്ങളായിട്ടാണ് പ്രത്യയശാസ്ത്ര വിമർശനങ്ങളെ ഇവിടെ വികസിപ്പിക്കാൻ ശ്രമിക്കുന്നത്.

അംബേദ്ക്കറിന്റെ പ്രത്യയശാസ്ത്രസ്വരൂപം

ഇന്നും, ഇന്നലെകളിലുമായി തുടരുന്ന, ക്രമികമായ അധികാരബന്ധങ്ങൾ നിലനിൽക്കുന്ന ഒരു സാമൂഹിക/ജീവിതവ്യവസ്ഥക്കകത്തുനിന്നും മറ്റൊരു ജീവിതം സാധ്യമാണെന്ന ഭാവിസൂചകത്വം ഉൾക്കൊള്ളുന്ന സങ്കല്പനമാണ് ഒരർത്ഥത്തിൽ പ്രത്യയശാസ്ത്രം. സ്ഥിതമായ പരിതോവസ്ഥകളെ അപനിർമ്മിക്കുകയെന്ന ചലനാത്മകമായ വിമർശാവബോധമായും അതിനെ പരിചയപ്പെടാം. മാർക്‌സിയൻ ചിന്തകളിലൂടെ വ്യവഹരിച്ച് ജ്ഞാനമാതൃകയെന്ന നിലയിൽ പാശ്ചാത്യമായൊരു പ്രഭവ/പ്രചാരസ്ഥാനമാണ് പ്രത്യയശാസ്ത്രമെന്ന സങ്കല്പനത്തിനുള്ളത്. സാർവ്വലൗകികമായ മനുഷ്യജീവിതത്തോട് രാഷ്ട്രീയമായി ബന്ധപ്പെട്ടുകിടക്കുന്ന പരികല്പനയായ പ്രത്യയശാസ്ത്രം അതേ ആശയത്തിലുള്ള പൗരസ്ത്യമോ, പാശ്ചാത്യേതരമോ ആയ ജ്ഞാനപാരമ്പര്യങ്ങളോട് വിനിമയസമ്പർക്കങ്ങൾ പുലർത്തുന്നത് വിജ്ഞാനപ്രദവും ഗുണകരവുമാണെന്ന് കരുതുന്നു. ബുദ്ധധർമ്മത്തിലൂടെ ബോധപരവും സാമൂഹികവുമായ വിപ്ലവം വിഭാവനം ചെയ്യുന്ന അംബേദ്ക്കറൈറ്റ് ആശയങ്ങളുടെ പ്രത്യയശാസ്ത്രസ്വരൂപത്തിന് മേൽപറഞ്ഞ വിനിമയസാധ്യത ഏറെയുണ്ട്. മാർക്‌സിയൻ ചിന്താപദ്ധതികളെയും ബുദ്ധമതത്തെയും ആഴത്തിൽ പഠിച്ചിട്ടുള്ള അംബേദ്ക്കറിന്റെ വിമർശനങ്ങൾ സവിശേഷമായൊരു മാതൃകാവിചാരത്തെ (Paradism shift) സ്വാഗതം ചെയ്യുന്നു.


Related Articles