2021 ലാണ് റോസി തമ്പി എനിക്ക് റബ്ബോനി എന്ന നോവൽ അയച്ചുതരുന്നത്. വായിച്ചിട്ട് ഒരു കുറിപ്പെഴുതാൻ എൻ്റെ അലസത കാരണം കഴിഞ്ഞില്ല. പലരും പലപ്പോഴായി അയച്ചു തന്ന കൃതികളെകുറിച്ച് ഇങ്ങനെ മടിയുടെ പിടിമുറുക്കത്തിൽ എഴുതാതെ വിട്ടുപോയിട്ടുള്ള കുറ്റബോധ മുണ്ടെനിക്ക് പലപ്പോഴും. അതേക്കുറിച്ച് എഴുതിയില്ലെങ്കിലും അവ വായിക്കാതിരുന്നിട്ടില്ല. സാവകാശം വായിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ പെസഹാ ദിവസം, സന്ധ്യാ നേരം, പള്ളിയുടെ തൊട്ടടുത്ത റോഡിലൂടെ കുരിശിൽ മരിച്ച കർത്താവിൻ്റെ ശവശരീരം കബറിൽ കിടത്തി മരണമണിയടിച്ച് നഗരി കാട്ടിയപ്പോൾ ഞാൻ റോസി തമ്പിയുടെ, എന്നെ ഏറെ ഇഷ്ടപ്പെടുത്തിയ ആ നോവലിലെ കഥാപാത്രങ്ങളെ ഓർത്തു.
സത്യവേദപുസ്തകത്തിൽ നീതിമാനെ ഒറ്റിക്കൊടുത്ത് 30 വെള്ളിക്കാശ് വാങ്ങിയ യൂദാസിനെയും ഓർത്തു. ഗുരുവിനെ ഒറ്റികൊന്ന കുറ്റബോധത്താൽ മരത്തിൽ കെട്ടി ഞാന്ന് അവൻ മരിച്ചതോർത്തു. അതുപോലെ വ്യഭിചാരക്കുറ്റത്തിന് പിടിക്കപ്പെട്ട പാപിനിയായ മഗദലനക്കാരി മറിയയെ ഓർത്തു. എൻ്റെ മനസ്സ് അന്നേരം വല്ലാതെ കലങ്ങി.
