1905-ൽ കൊച്ചി രാജ്യത്ത് കുറിയേടത്ത് താത്രിയുടെ പേരിൽ നടത്തിയ സ്മാർത്തവിചാരണയിലെ 'പുരുഷവിചാരം' എന്ന പുതിയ ഏർപ്പാട്, രാജാവ് കനിഞ്ഞനുവദിച്ചതാണ് എന്ന പറച്ചിൽ കഴമ്പില്ലാത്തതാണ്. സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം അദ്ദേഹം ചോദിച്ചുവാങ്ങിയ നിയമോപദേശമാണ് ആ പരിഷ്കരണത്തിനു പ്രേരകമായത്.
തൊട്ടുമുമ്പ് മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ദിവാൻ ബഹദൂർ സർ വി. ഭാഷ്യം അയ്യങ്കാരുടെ അഭിപ്രായമാകാം രാജർഷി രാമവർമ്മയെ ചലിപ്പിച്ചത്. നാട്ടിൽ ഉയർന്നുവന്ന എതിർ ശബ്ദങ്ങൾ അതിനു കളമൊരുക്കും മുൻപേ മറ്റൊരു സ്മാർത്തവിചാരം കോടതിയിൽ രാജാവിനെ സമ്മർദത്തിലാക്കിയിരുന്നു. കുറിയേത്ത് താത്രിയുടെ സമീപപട്ടണമായ കുന്നംകുളങ്ങരയുടെ അടുത്തുള്ള താഴക്കുളം ഇല്ലത്തിലെ ശ്രീദേവിയാണ് ആ സ്മാർത്തവിചാര പീഡിത. അവർ പിഴച്ചുപോയെന്നു 'ദാസിവിചാര' റിപ്പോർട്ട് കിട്ടിയപ്പോൾ രാജാവ് സ്മാർത്ത വിചാരത്തിന് ഉത്തരവിട്ടു; സ്മാർത്തൻ, അകക്കോയ്മ, പുറക്കോയ്മ, മീമാംസകർ എന്നിവരെ നിയമിച്ചു. ഇതിനെക്കുറിച്ചുള്ളതെന്നു കരുതാവുന്ന ഒരു കുറിപ്പ് രാജാവിന്റെ 18-3-1901 തിങ്കളാഴ്ചയിലെ ഡയറിയിലുണ്ട്. Attended to the preliminary ceremonies of a suspected adulta(e)ry case brought against Namboory window of Kunnamkulam District' (D-4, Regional Archives Ernakulam).അങ്ങനെയെങ്കിൽ, 15 പേരുമായി ശ്രീദേവി അവിഹിതവേഴ്ച നടത്തിയെന്ന് രണ്ടേകാൽ കൊല്ലം നീണ്ട വിചാരണയ്ക്കുശേഷമാണു സ്മാർത്തവിചാരക്കാർ സ്ഥിരീകരിച്ചത്. 'സാധന'ത്തെ തൃപ്പൂണിത്തുറയിലേക്കു കൊണ്ടുവന്നു 'സ്വരൂപം ചൊല്ലി' (ഭ്രഷ്ടയാക്കി). വിചാരത്തിന്റെ മുഴുവൻ നടപടികളും സ്മാർത്തൻ വിശദീകരിച്ചു. ഭ്രഷ്ടരാക്കപ്പെടുന്ന വേഴ്ചക്കാരുടെ പേരുകൾ ഒരു പട്ടർ വിളിച്ചു പറഞ്ഞു. (അതാണ് ആചാരം). സാധനവും 15 പുരുഷന്മാരുമാണു കുറ്റക്കാർ. അന്ന് (22.6.1903) രാജാവ് ഡയറിയിൽ കുറിച്ചു: "[at Thrippoonithura] Disposed of the adulto(e)ry case against the Thazakulam Antharjanam in the usual ceremonial way. The ceremonies occupied from 7.30 to 9 p.m. Retired to bed at 11' (D-6, RAE). പിറ്റേന്നത്തെ ഡയറിയിൽ Returned to this place (Ernakulam) at 9 a.m. Gave presents to the persons who took part in the inquiry into the case of adulta(e)ry in the Thazakulam Illom at 11' (D-6, RAE).
ആറാം നാൾ കോട്ടയത്തെ മലയാള മനോരമയിൽ (27.6. 1903) വന്ന വിമർശനം പി. ഭാസ്കരനുണ്ണിയുടെ 'സ്മാർത്തവിചാരം' എന്ന പഠനഗ്രന്ഥത്തിലുണ്ട്: - ''കൊച്ചി സംസ്ഥാനത്തു കുന്നംകുളങ്ങരയ്ക്കു സമീപമുള്ള ഒരില്ലത്തിലെ വിധവയായ ഒരന്തർജ്ജനത്തിനു വ്യഭിചാരദോഷമുണ്ടെന്ന് അറിവു കിട്ടിയതിനാൽ അവരെ തൃപ്പൂണിത്തുറ വരുത്തി വലിയ തമ്പുരാൻ തിരുമനസ്സിലെ മേൽനോട്ടത്തിൽ വൈദികന്മാർ ദോഷവിചാരം ചെയ്തതിൽ ആക്ഷേപം യഥാർത്ഥമെന്നു തെളിയിക്കുകയും 'സാധന'ത്തിനെ കൈകൊട്ടി പുറത്താക്കുകയും ഉടനെ പട്ടാളക്കാരുടെ അകമ്പടിയോടുകൂടി ചാലക്കുടിയിൽ കൊണ്ടുപോയി അവിടത്തെ പുഴയുടെ തീരത്ത് ഒരു വിജനസ്ഥലത്ത് ആരോടും യാതൊരു സംസർഗ്ഗത്തിനും ഇടയാകാത്ത വിധത്തിൽ സർക്കാരു ചെലവിന്മേൽ താമസിപ്പിക്കണമെന്ന് കല്പനയാകുകയും ചെയ്തിരിക്കുന്നു. ഈ സാധനം കുലധർമ്മത്തിനു വിരോധമായി പ്രവർത്തിച്ചെന്ന് സ്വന്തസമ്മതത്താലും വൈദികന്മാരുടെ ശ്ര(ാ)ദ്ധാപൂർവ്വമായ വിചാരത്താലും തെളിഞ്ഞിരിക്കകൊണ്ട് ഇവർക്കു ലഭിച്ച ഈ ജീവപര്യന്തമായ തടവുശിക്ഷയെക്കുറിച്ച് ദുഃഖിക്കുന്നവർ അധികം ഉണ്ടായിരിക്കുകയില്ല. എന്നാൽ ഇവരോടുകൂടി പത്തു പതിനാറുപേർക്കു ചേർച്ചയുണ്ടായിട്ടുണ്ടെന്ന് ഇവർ പറയുകയും അതനുസരിച്ച് ഈ പതിനാറുപേർക്കും ഭ്രഷ്ട് കല്പിക്കുകയും ഇവരിലാരും ക്ഷേത്രങ്ങളിൽ പ്രവേശിക്കാതെയും കുളം മുതലായവ തൊടാതെയും സൂക്ഷിക്കുന്നതിന് പേഷ്കാരന്മാർക്ക് ഉത്തരവയയ്ക്കുകയും ചെയ്തിരിക്കുന്നു. ഈവക ദോഷവിചാരങ്ങളിൽ ഇരുകക്ഷികളുടെയും വാദങ്ങൾ കേൾക്കുക എന്നുള്ളത് 'കീഴ്മര്യാദയ്ക്കു' ചേർന്നതല്ലായ്കയാൽ ഈ സംഗതിയിലും കീഴ്മര്യാദയെ ലംഘിച്ചിട്ടില്ല. ഇതു കുറേ സങ്കടവും അന്യായവും അല്ലേ എന്നു ശങ്കിക്കുന്നു. സൽസ്വഭാവലേശമില്ലാത്ത ഈ സാധനത്തിനു സംഗതിവശാൽ വല്ല മാന്യന്മാരോടും ദ്വേഷം ഉണ്ടാകയോ അല്ലെങ്കിൽ വല്ലവരുടേയും പ്രേരണയിൽ വല്ല മാന്യന്മാരുടെയും പേര് അവരെക്കൊണ്ടു പറയിപ്പിക്കുകയും ചെയ്യാൻ അത്ര പ്രയാസമുണ്ടെന്നു തോന്നുന്നില്ല. ഭ്രഷ്ടാക്കപ്പെട്ട ഈ പതിനാറുപേരിൽ നമ്പൂതിരിമാർ മുതൽ ക്ഷുരകൻവരെയുള്ള ജാതികൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവരിൽ പലരും നല്ല മാന്യന്മാരും ഗൃഹസ്ഥന്മാരും ചിലർ സർക്കാർ ഉദ്യോഗസ്ഥന്മാരുമാണ്. ഇവർക്കു ലഭിച്ചിരിക്കുന്ന ശിക്ഷ പ്രായശ്ചിത്തമോ മറ്റോകൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ല. ഇവർ ഭാര്യാപുത്രന്മാരിൽനിന്ന് എന്നു വേണ്ട ഹിന്ദുസമുദായത്തിൽനിന്നുതന്നെ തീരെ ഒഴിഞ്ഞുനില്ക്കണമെന്നു വന്നിരിക്കുന്നതു മഹാകഷ്ടമായിട്ടുള്ള ഒരു സംഗതിയാണെന്നു വിശേഷിച്ചും പറയണമെന്നില്ല.'' (S.P.C.S. കോട്ടയം, 2000 ജൂലൈ, pp 169-170).
