എലോൺ മസ്‌ക് – കിറുക്കനോ ജീനിയസോ?

Society

എലോൺ മസ്‌ക് – കിറുക്കനോ ജീനിയസോ?


1963–ൽ സൃഷ്ടിക്കപ്പെട്ട ഒരു സൂപ്പർ ഹീറോ കഥാപാത്രമാണ് അയേൺ മാൻ. 2008–ൽ ടോണി സ്റ്റാർക്ക് എന്ന ആയുധവ്യാപാരിയെ അയേൺ മാൻ സ്യൂട്ടും ധരിപ്പിച്ചുകൊണ്ട് മാർവെൽ സ്റ്റുഡിയോസ് ആ കോമിക് കഥാപാത്രത്തിന് ഒരു ചലച്ചിത്രഭാഷ്യമൊരുക്കാൻ തുനിഞ്ഞിറങ്ങിയപ്പോൾ, അവർക്കു പ്രചോദനം ഉൾക്കൊള്ളാനായി വേണ്ടിയിരുന്നത് ഒരു ബില്യണർ ബിസിനസ്മാൻ, ഒരു ജീനിയസ് എൻജിനീയർ, ഉന്മാദിയായ ഒരു പരോപകാരി – ഈ മൂന്നു ഭാവങ്ങളും ഒരാളിൽ സമന്വയിക്കുന്ന ഒരു അസാധാരണ ജന്മത്തെയായിരുന്നു. അങ്ങനെ ആരെങ്കിലും ഈ ഭൂമുഖ​ത്തുണ്ടോ എന്നന്വേഷിച്ചുനടന്ന കഥാനായകൻ റോബർട്ട് ഡൗണി ജൂനിയർ ഒടുവിൽ ചെന്നു കയറുന്നത്, ടെസ്‌ല, സ്പേസ് എക്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിയായ എലോൺ മസ്‌കിന്റെ മടയിലാണ്. ഫോർബ്‌സ് മാസികയുടെ റിയൽ ടൈം ശതകോടീശ്വരൻമാരുടെ പട്ടികയിൽ 255.1 ബില്യൺ ഡോളറിന്റെ മൂല്യത്തോടെ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത് സാക്ഷാൽ എലോൺ മസ്ക് തന്നെ​യാണ്. ടൈം മാസിക 2021 –ലെ പേഴ്സൺ ഓഫ് ദ ഇയർ പുരസ്‌​കാരം നൽകി ആദരിച്ചിരിക്കുന്നതും അദ്ദേഹത്തെത്തന്നെ. ഒരു ബിസിനസുകാരൻ എന്ന നിലയ്ക്ക് നിരവധി കയറ്റിറക്കങ്ങൾ കണ്ട എലോൺ മസ്‌കിന്റെ ജീവിതം തുടർച്ചയായുണ്ടായ വിവാദങ്ങളുടെ പേരിലും മാധ്യമങ്ങളിൽ ഇടംപിടിച്ചുപോരുന്നുണ്ട്.

പ്രിട്ടോറിയയിലെ ഒരു അസംതൃപ്ത കുടുംബത്തിൽ വളർന്ന നിസ്സഹായനായ ബാലനിൽനിന്ന്, ഇന്റർനെറ്റ് ബൂമിന്റെ ചിറകിലേറി കോടികൾ വാരിക്കൂട്ടിയ കന്നിസംരംഭകനിലേക്കും തുടർന്ന് ടെസ്‌ല മോട്ടോർസ്, സ്‌പേസ് എക്സ് എന്നീ വൻകമ്പനികൾ കെട്ടിപ്പ​ടുത്ത ക്രാന്തദർശിയായ വ്യവസായിയിലേക്കും എലോൺ മസ്ക് നടത്തിയ പ്രയാണങ്ങളുടെ കഥ, അതുതേടിയുള്ള പ്രയാണങ്ങൾക്കിടയിൽ ചൊവ്വയിലെ മനുഷ്യകോളനികൾ, ഹൈപ്പർലൂപ്പെന്ന അതിവേഗ തീവണ്ടിപ്പാത തുടങ്ങി അയാൾ കാണുന്ന അന്തമില്ലാത്ത സ്വപ്നങ്ങളുടെ കഥ– അത് വല്ലാത്തൊരു കഥയാണ്.

നമ്മുടെ കഥ തുടങ്ങുന്നത് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ നഗരത്തിലാണ്. അവിടെവെച്ചാണ് എറൽ മസ്ക്–മെയ് ഹാൾഡേ​മാൻ ദമ്പതികളുടെ ജീവിതങ്ങൾ തമ്മിൽ സന്ധിക്കുന്നത്. എൻജിനീയറായ എറളും മോഡലും ഡയറ്റീഷ്യനും ആയിരുന്ന മേയും തമ്മിൽ ഡേറ്റ് ചെയ്യാൻ തീരുമാനിക്കുന്നത് 1970–ലാണ്. അധികം വൈകാതെ, ആവേശത്തിൽ എടുത്ത ഒരു തീരുമാനത്തിന്റെ പുറത്ത് അവർ രണ്ടുപേരും വിവാഹം കഴിക്കാൻ തീരുമാനി​ക്കുന്നു. അവർക്കു 1971 ജൂൺ 28–ന് ജനിക്കുന്ന ആദ്യത്തെ കുഞ്ഞാണ് എലോൺ മസ്ക്. വരും വർഷങ്ങളിൽ ആ ദമ്പതികൾക്ക് കിംബൽ എന്നുപേരുള്ള ഒരു ആൺകുഞ്ഞും ടോസ്‌ക എന്നൊരു പെൺകുഞ്ഞുംകൂടി ജനിക്കുന്നുണ്ട്. എറൾ മസ്ക് അന്ന് സ്വന്തം മേഖ​ലയിൽ വളരെയധികം വിജയം കണ്ടെത്തിയിരുന്ന ഒരു ഇലക്ട്രോമെക്കാനിക്കൽ എൻജിനീയർ ആയിരുന്നു. അക്കാലത്തെ പ്രിട്ടോ​റിയയിലെ പ്രധാനപ്പെട്ട പല കോൺട്രാക്ടുകളും അദ്ദേഹത്തിനാണു കിട്ടിയിരുന്നത്. അങ്ങനെ തൊട്ടതൊക്കെ പൊന്നാക്കുന്ന ഒരു എൻജിനീയർ, അയാൾക്കുവീട്ടിൽ അതിസുന്ദരിയും മോഡലു​മായ ഭാര്യ. പളുങ്കുപോലുള്ള മൂന്നു കുഞ്ഞുങ്ങൾ – ആനന്ദലബ്ധി​ക്കിനി എന്തുവേണം എന്നാണ് നിങ്ങൾ ആലോചിക്കുന്നത് എങ്കിൽ, യാഥാർഥ്യം പുറമേക്കുള്ള ഈ പളപളപ്പിന്റെ നേർവിപരീതമായിരുന്നു.


Related Articles