ഇന്ന് ഭൗതികമായി സ്ഥലം, കാലം, ദേശം, വർണം, വർഗം തുടങ്ങിയവ അത്രമേൽ പ്രസക്തമല്ലാതായിത്തീരുന്നു. പകരം സ്വത്വം ഒരു സാംസ്‌കാരിക ഗൃഹാതുരത്വവും അവസ്ഥയും ആയിത്തീരുന്നു. ഒരാൾ ഏത് സാമൂഹിക കൂട്ടായ്മയുമായി ഐക്യപ്പെടുന്നുവൊ അതായിമാറുന്നു (പ്രദീപൻ പാമ്പിരികുന്നിന്റെ "ദളിത് സൗന്ദര്യശാസ്ത്രം' എന്ന പുസ്തകത്തിലെ 'വ്യക്തി, സ്വത്വം, കർത്തൃത്വം - ഒരു ദലിത് വിചാരം' എന്ന അധ്യായത്തിൽ നിന്ന്.)
സമകാലിക കേരളം നേരിടുന്ന മുഖ്യ പ്രതിസന്ധികളിൽ ഒന്നായി "മസ്തിഷ്‌ക ചോർച്ചയെ' (Brain drain) അവതരിപ്പിച്ചുകൊണ്ടുള്ള സി.പി.ഐ.(എം)നേതാവ് എ. വിജയരാഘവന്റെ പ്രസംഗം ഈയടുത്ത് (ഫെബ്രുവരി 2023) വളരെയധികം ചർച്ച ചെയ്യപ്പെടുകയുണ്ടായി. ഇതേത്തുടർന്ന് കേരളത്തിൽ നിന്ന് വികസിത രാജ്യങ്ങളിലേക്കുള്ള യുവാക്കളുടെ ഒഴുക്കിനെ തടയുന്നതിന്റെ ഭാഗമായി റിക്രൂട്ടിംഗ് ഏജൻസികളെ നിയന്ത്രിക്കാൻ പര്യാപ്തമായ നിയമനിർമാണം നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾ സർക്കാരിന്റെ പരിഗണയിലുണ്ടെന്നും കുടിയേറ്റത്തിന്റെ കാര്യകാരണങ്ങൾ പഠിക്കുന്നതിനായി സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദു നിയമസഭയിൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ ഇതേ സംബന്ധിക്കുന്ന ഗൗരവതരവും വിമർശനാത്മകവുമായ ചർച്ചകൾ ദേശീയതലത്തിൽ നേരത്തേതന്നെ തുടക്കം കുറിച്ചിരുന്നു. Nov 28, 2022 INDIA TODAY ONLINE ൽ 'As brain drain of Kerala youth continues, is the state turning into an old age home?' എന്ന തലക്കെട്ടോടെ പുറത്തുവന്ന വിവേക് രാജഗോപാലിന്റെ ലേഖനം ഇതിനുള്ള ഒരുദാഹരണമാണ്. കേരളത്തിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് നടന്നിട്ടുള്ളതും നടന്നുകൊണ്ടിരിക്കുന്നതുമായ കൂട്ടപ്പലായനങ്ങളുടെ സ്വഭാവവും അവയുടെ കാര്യകാരണങ്ങളും വിശദീകരിക്കുന്നതാണ് പ്രസ്തുത ലേഖനം.
എഴുപതുകളുടെ ആദ്യത്തിൽ തുടങ്ങിയതും ഇന്നും തുടരുന്നതുമായ, 'Gulf Boom' എന്ന് ആദ്യകാലത്ത് വിശേഷിക്കപ്പെട്ടിരുന്ന അറേബ്യൻ നാടുകളിലേക്കുള്ള കുടിയേറ്റത്തെ ക്കുറിച്ചാണ് ലേഖനത്തിന്റെ ആദ്യഭാഗങ്ങളിൽ പരാമർശിക്കുന്നത്. ഇത് കേരളം എന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക പുരോഗതിയിൽ വളരെ വലിയ പങ്കുവഹിച്ചതായ ഒന്നാണ് എന്നും ലേഖനം പറയുന്നു. (നക്‌സൽ സംഘടനകൾ കേരള സമൂഹത്തിൽ നടത്തിക്കൊണ്ടിരുന്ന സാംസ്‌കാരിക-ബൗദ്ധിക മുന്നേറ്റങ്ങളുടെ "കുലംകുത്തി'കളായാണ് സി. ആർ പരമേശ്വരനെപ്പോലുള്ള രാഷ്ട്രീയ നിരീക്ഷകർ ഗൾഫ്കുടിയേറ്റക്കാരെ ചരിത്രപരമായി നോക്കിക്കാണുന്നത്.) ഇതേ കാലഘട്ടത്തെ "ചെറുതെങ്കിലും ധീരമായ മാനസിക ജീവിതം' എന്ന് വിശേഷിപ്പിക്കുന്ന കുരീപ്പുഴ ശ്രീകുമാറിന്റെ "തോക്കിന്റെ വഴി' എന്ന കവിതയാകട്ടെ എണ്ണപ്പണത്തിന് (Oil Money) പുറകെ പാഞ്ഞ ഇവരെ, "തോറ്റ തോഴന്മാർ കടൽ കടന്ന് കാഞ്ചനം കൊയ്യാൻ പറന്നുപോയി' എന്ന വരിയിലൂടെയാണ് അടയാളപ്പെടുത്തുന്നത്. തൊഴിൽ തേടി പുറത്ത് പോവുകയും ശമ്പളത്തിന്റെ/കൂലിയുടെ വലിയൊരു ഭാഗം നാട്ടിലേക്ക് അയക്കുകയും ചെയ്യുന്ന ഈ വിഭാഗം അന്നും ഇന്നും കേരളത്തിന്റെ നട്ടെല്ലാണ് എന്നതിൽ തർക്കമില്ല. എന്നാൽ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിട്ട് പോകുന്ന വർത്തമാനകാല തലമുറയുടെ ലക്ഷ്യവും പശ്ചാത്തലവും തികച്ചും വ്യത്യസ്തമാണ്.
