ജനറേഷൻ Z: നിശബ്ദമാക്കാൻ കഴിയാത്ത തലമുറ

Society

ജനറേഷൻ Z: നിശബ്ദമാക്കാൻ കഴിയാത്ത തലമുറ


ഡിജിറ്റൽ ഇടങ്ങളിൽ നിന്ന് തെരുവുകളിലേക്ക് പടർന്ന ഒരു യുവജന പ്രക്ഷോഭം, അധികാരത്തെ വിറളി പിടിപ്പിച്ച കഥ.

2025 സെപ്റ്റംബർ മാസം... നേപ്പാളിൽ അന്നുവരെ ആരും കാണാത്തൊരു കാഴ്ചയായിരുന്നു അത്. ഒരു ചെറുത്തുനിൽപ്പ്. അതിന്റെ തുടക്കം സ്മാർട്ട്ഫോണുകളും ഹാഷ്ടാഗുകളുമായിരുന്നു. എന്നാൽ അതിവേഗമത് തെരുവുകളിലേക്ക് പടർന്നു. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, എക്‌സ് എന്നിവ ഉൾപ്പെടെയുള്ള 26 പ്രധാന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സർക്കാർ നിരോധിച്ചപ്പോഴാണ് പ്രതിഷേധങ്ങൾക്ക് തുടക്കമായത്. വിദ്യാർത്ഥികളായിരുന്നു മുന്നിൽ. അവർക്കത് സാങ്കേതികമായ ഒരു ബുദ്ധിമുട്ട് മാത്രമായിരുന്നില്ല, മറിച്ച് അവരുടെ വ്യക്തിത്വത്തിനും സ്വാതന്ത്ര്യത്തിനും ജീവിതരീതിക്കും നേരെയുള്ള കടന്നുകയറ്റമായിരുന്നു. ഡിജിറ്റൽ ഇടങ്ങൾ അവരുടെ കളിസ്ഥലങ്ങളാണ്, പഠനമുറികളാണ്, തൊഴിലിടങ്ങളാണ്, രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങൾക്കുള്ള വേദികൾ പോലുമാണ്. ഇതവർക്ക് നിഷേധിക്കാനുള്ള ശ്രമം അവരിൽ ദേഷ്യം നിറച്ചു, അതോടൊപ്പം ധൈര്യവും. മണിക്കൂറുകൾക്കുള്ളിൽ കാഠ്മണ്ഡുവിലെ തെരുവുകൾ അഴിമതിക്കും സ്വജനപക്ഷപാതത്തിനും സെൻസർഷിപ്പിനുമെതിരെ ശബ്ദമുയർത്തുന്ന യുവജനതയെക്കൊണ്ട് നിറഞ്ഞു. “സോഷ്യൽ മീഡിയയല്ല, അഴിമതിയാണ് നിർത്തേണ്ടത്” എന്നതുപോലുള്ള മുദ്രാവാക്യങ്ങൾ പ്ലക്കാർഡുകളിൽ നിറഞ്ഞു. സർക്കാർ നിരോധിക്കാതെ വിട്ട ഒരേയൊരു പ്ലാറ്റ്‌ഫോമായ ടിക് ടോക് പ്രതിഷേധങ്ങളുടെ തത്സമയ സംപ്രേക്ഷണം നടത്തുന്നതിനും രാഷ്ട്രീയ ഹാസ്യങ്ങൾ പ്രചരിപ്പിക്കുന്നതിനും ഒരു പ്രധാന ഇടമായി മാറി.

നേപ്പാളിലെ പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഈ പ്രക്ഷോഭം. അവർക്ക് നേതാക്കന്മാരുണ്ടായിരുന്നില്ല. സ്‌കൂൾ യൂണിഫോമുകൾ പ്രതിഷേധത്തിന്റെ പ്രതീകങ്ങളായി മാറി. മീമുകൾ രാഷ്ട്രീയ ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടു. ഡിജിറ്റൽ ലോകത്തെ രോഷം യഥാർത്ഥ ലോകത്തെ ജനകീയ മുന്നേറ്റമായി രൂപാന്തരപ്പെട്ടു. കണ്ണീർവാതകവും ജലപീരങ്കികളും റബ്ബർ ബുള്ളറ്റുകളും ചിലപ്പോൾ വെടിയുണ്ടകൾ പോലും ഉപയോഗിച്ചാണ് സർക്കാർ ഇതിനെ നേരിട്ടത്. സംഘർഷത്തിൽ 19 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ യുവജനതയുടെ ചെറുത്തുനിൽപ്പിന് മുന്നിൽ സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. നിരോധനം പിൻവലിച്ചു, അന്വേഷണത്തിന് ഉത്തരവിട്ടു, തുടർന്നുണ്ടായ സമ്മർദം ഒടുവിൽ പ്രധാനമന്ത്രി ഒലിയുടെ രാജിയിലേക്ക് നയിച്ചു. ആപ്പുകളെക്കുറിച്ചുള്ള പ്രതിഷേധമെന്ന നിലയിൽ തുടങ്ങിയ ഈ പ്രക്ഷോഭം ഒരു തലമുറയുടെ തന്നെ ഉണർവായി മാറി.


Related Articles