പശ്ചിമഘട്ട മേഖലയിലെ മാവോയിസ്റ്റ് സായുധ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന പശ്ചിമഘട്ട പ്രത്യേക സോണൽ കമ്മിറ്റി ഈ പ്രദേശത്തെജനകീയ പ്രശ്‌നങ്ങളെ രാഷ്ട്രീയവും സൈനികവുമായി തുറന്നു കാണിക്കുക എന്ന കാഴ്ചപ്പാടോടെ നവംബർ മുതൽ മൂന്നു മാസം നീളുന്ന രാഷട്രീയ-സൈനിക ക്യാമ്പയിൻ (Politico-Military Campaign - PMC) സംഘടിപ്പിക്കുകയുണ്ടായി. ഇതിന്റെഭാഗമായി നഗരപ്രദേശത്ത് ജനദ്രോഹപരമായ കോർപറേറ്റുകൾക്കും ചൂഷക ബഹുരാഷ്ട്ര കുത്തകകൾക്കും നേരേയും ആദിവാസി-വനമേഖലകളിൽ ആദിവാസികളെ നിരന്തരം ദ്രോഹിക്കുന്ന വനം വകുപ്പിനും ആദിവാസി ഭൂമി തട്ടിയെടുക്കുന്ന ടൂറിസം-റിസോർട്ട്-റിയൽ എസ്റ്റേറ്റ് മാഫിയകൾക്കും പശ്ചിമഘട്ടത്തെ കാർന്നു തിന്നുന്ന ഖനന-ക്വാറി മാഫിയകൾക്കും നേരേയും പ്രതീകാത്മകമായ സൈനിക ആക്ഷനുകൾ നടത്തിയിരുന്നു. ഈ വിഷയങ്ങളിലെല്ലാം ദീർഘകാലമായി വ്യവസ്ഥാപിത, നിയമവിധേയ സമരങ്ങൾ നടന്നു വരികയും അവയൊന്നും ലക്ഷ്യം കാണാതെ പരാജയപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സായുധ സമരത്തിന്റെ ബദൽ സാധ്യതയെ ജനങ്ങൾക്കു മുന്നിൽ തുറന്നിടുന്നതിനായി ഈ സമരമാർഗ്ഗം ഉപയോഗിച്ചത്.
മാവോയിസ്റ്റുകൾ മുന്നോട്ടുവെക്കുന്ന സാമൂഹിക രാഷട്രീയ പ്രശ്‌നങ്ങൾ വൻതോതിൽ ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിന് ഈ സമരങ്ങൾ ഉപയുക്തമായി. ഇതിനിടയിൽ വയനാട്ടിലെ കുഞ്ഞോം പ്രദേശത്ത് ജനകീയ വിമോചന ഗറില്ലാ സേനയും (പി.എൽ.ജി.എ) തണ്ടർബോൾട്ടും മുഖാമുഖം വരികയും ഇത് ഒരു ഏറ്റുമുട്ടലിൽ കലാശിക്കുകയും ചെയ്തു. ഇതെല്ലാംഭരണകൂടത്തെ വിറളിപിടിപ്പിക്കുകയും ഏതു വിധേനയും ഈ മുന്നേറ്റം അടിച്ചമർത്താനായി മുന്നിട്ടിറങ്ങുന്നതിന് കാരണമാകുകയും ചെയ്തു. സായുധ പോലീസ് സേനയുടെയും തണ്ടർബോൾട്ട് പ്രത്യേക കമാന്റോ സംഘത്തിന്റെയും നേതൃത്വത്തിലുള്ള കോമ്പിങ്ങും വ്യാപകമായ നിരീക്ഷണ-രഹസ്യാന്വേഷണ ശൃംഖലകളും റെയ്ഡും സംശയം തോന്നുന്നവരുടെയെല്ലാം അറസ്റ്റും ചോദ്യം ചെയ്യലുകളും എല്ലാമായി മാവോയിസ്റ്റ്‌വേട്ട പൊടിപൊടിക്കുകയാണ്. എന്നാൽ കാടിളക്കിയുള്ള ഈ വൻവേട്ടയ്ക്ക് ഭരണപക്ഷത്തുള്ളവരുടെപോലും പിന്തുണ ഉറപ്പിക്കാൻ ആഭ്യന്തരമന്ത്രിക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് ഇതിന്റെ പേരിൽ നടക്കുന്ന നൂറുകണക്കിന് കോടികളുടെ അഴിമതിക്കും വൻതോതിലുള്ള സൈനികവത്കരണത്തിനുമെതിരേ ഗവണ്മെന്റ് ചീഫ് വിപ്പ് പി.സി ജോർജ് തന്നെ രംഗത്തു വന്നതിലൂടെ വ്യക്തമാകുന്നു.
