നമ്മുടെ സമ്പദ്ഘടനയുടെ കരുത്ത് സൂക്ഷിക്കുന്ന സ്ഥാപനമാണ് റിസർവ് ബാങ്ക്. ഇന്ത്യയുടെ കേന്ദ്രബാങ്ക്. കറൻസി അച്ചടിക്കാനുംവിതരണം ചെയ്യാനും അതുമായി ബന്ധപ്പെട്ട നയരൂപീകരണത്തിനും ഉത്തരവാദപ്പെട്ട പൊതുസ്ഥാപനം. നവലിബറൽ നയങ്ങൾ നാട്ടുനടപ്പാകുമ്പോൾ റിസർവ്വ് ബാങ്കിനെ അപ്രസക്തമാക്കാൻ ആഗോള ഫിനാൻസ് മൂലധനവും സാമ്രാജ്യത്വശക്തികളും നടപടികൾ തുടരും. ആഗോളഫിനാൻസ് മൂലധനത്തിന്റെ സ്വതന്ത്രമായ പ്രയാണത്തിന് തടസ്സം നിൽക്കുന്ന എല്ലാറ്റിനേയും തകർക്കുക എന്നതാണ് അവരുടെ രീതി. ഇന്ന് ഇന്ത്യയിലും റിസർവ് ബാങ്കിനെ മറികടക്കാൻ ചില സമിതികൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. റിസർവ് ബാങ്കിനെ പാടേ മറന്നുകൊണ്ട് ഒരു ജനാധിപത്യ രാജ്യത്തിലെ ഗൗരവമേറിയ സാമ്പത്തിക പ്രശ്നങ്ങൾ തീരുമാനിക്കാൻ ചില വ്യക്തികളെയാണ് ചുമതലപ്പെടുത്തുന്നത്.
ലോകരാജ്യങ്ങളിലെ കേന്ദ്രബാങ്കുകളിൽ പേരും പെരുമയും നേടിയ കേന്ദ്രബാങ്കാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മറ്റ് രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾക്ക് മാതൃകയായ ആർ ബി ഐ 2016 നവംബർ 8ന്റെ കറൻസി നിരോധന പ്രഖ്യാപനത്തിലൂടെ സംശയത്തിന്റെ നിഴലിലാണ്. റിസർവ് ബാങ്കിന്റെ നിയമങ്ങൾ പാടേ മറികടന്നുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കറൻസി ലഭ്യതയുമായി ബന്ധപ്പെട്ട് ഒരു തയ്യാറെടുപ്പും നടത്താതെ കോടിക്കണക്കിന് ജനങ്ങളുടെ ദൈനംദിനജീവിതം താറുമാറാക്കിയതിൽനിന്നും റിസർവ് ബാങ്കിനും ഒഴിഞ്ഞുമാറാൻ കഴിയില്ല. കറൻസി ക്ഷാമം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും അതിരൂക്ഷമായി തുടരുകയാണ്. രണ്ടായിരത്തിന്റെ നോട്ട് കൈയിൽ കിട്ടിയവർ ചില്ലറ കിട്ടാതെ അലയുന്നു. സമസ്ത മേഖലകളും തളരുകയാണ്. സാമ്പത്തിക വളർച്ച താഴോട്ട്. ആവശ്യമുള്ള കറൻസി എന്ന് ലഭിക്കും എന്ന കാര്യത്തിൽ റിസർവ് ബാങ്കും മന്ത്രാലയങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
കറൻസി അച്ചടിക്കാൻ ഇന്ത്യയിൽ നാല് പ്രസ്സുകളാണുള്ളത്. Dewas (മധ്യപ്രദേശ്), Nashik (മഹാരാഷ്ട്ര), Salboni (പശ്ചിമബംഗാൾ) Mysuru (കർണാടക). നാല് പ്രസുകളുടെയും കപ്പാസിറ്റി ഒരു വർഷം 2670 കോടി നോട്ടുകളാണ്. അതായത് ഒരു ദിവസം അച്ചടിക്കാൻ പറ്റുന്നത് 7.4 കോടി നോട്ടുകൾ (RBI 2016 Annual Report)സാധാരണ ഈ പ്രസുകൾ ദിവസം രണ്ട് ഷിഫ്ട് ആണ് പ്രവർത്തിക്കുക. രണ്ട് ഷിഫ്ടിനു പകരം മൂന്ന് ഷിഫ്ടും (24 മണിക്കൂർ) പ്രവർത്തിപ്പിച്ചാൽ ദിവസം 11.1 കോടി നോട്ടുകൾ അച്ചടിക്കാൻ സാധിക്കും. വലിയ നോട്ടുകൾ അച്ചടിക്കാനുള്ള യന്ത്രസാമഗ്രികൾ എല്ലാ പ്രസുകളിലും ലഭ്യമല്ല.
