കാഫ്ക, കമ്യു, സാർത്ര് എന്നൊക്കെ കേൾക്കാനും മനസ്സിലാക്കാനും തുടങ്ങിയത് ഓർമ്മിക്കുന്നു. എഴുത്തിൽ പ്രത്യേകിച്ച് സാഹിത്യനിരൂപണത്തിൽ താല്പര്യം തോന്നിയ കാലം! മിക്കവാറും അതിന്റെ യാത്രാവഴികളിലായിരുന്നു. അസ്തിത്വം ഒരു ചർച്ചാവിഷയമായിത്തീർന്നിരുന്നു. അസ്തിത്വത്തിന്റെ പ്രോൽഘാടകരേയും അതിന്റെ വ്യാഖ്യാതാക്കളേയും പിന്തുടർന്ന് പോന്നത് അക്കാലത്ത് തെറ്റായി തോന്നിയില്ല. പാശ്ചാത്യരായ എഴുത്തുകാരുടെ രചനകളും ദർശനസമീപനങ്ങളും വിശദീകരിക്കപ്പെടുന്ന പ്രബന്ധങ്ങളും, നമ്മുടേതും അല്ലാത്തവരുടേതുമായ ഭാഷയിലുള്ളവ, കണ്ടെത്തി വായിക്കാൻ തുടങ്ങി. കെ.പി. അപ്പന്റെ ക്ഷോഭിക്കുന്നവരുടെ സുവിശേഷം എന്ന കൃതി വല്ലാതെ അസ്വാസ്ഥ്യപ്പെടുത്തിയ ഒന്നായിരുന്നു. വിമർശനത്തിന്റെ ഭാവിരൂപരേഖകൾ സങ്കൽപ്പിച്ചെടുക്കാനും, ദാർശനികമായ ചില ഉൾക്കാഴ്ചകളിലെത്താനും അതിലെ നിലപാടുകൾ പ്രേരണയായി. എന്നിട്ടും സാർത്ര് അകന്നുപോകുന്നത് എന്തുകൊണ്ട് എന്നും നിരീക്ഷിക്കാതിരുന്നില്ല.
സാർത്രിന്റെ ബീയിംഗ് ആന്റ് നതിംഗ്ലസ് (Being and Nothingless) എന്ന കൃതി വായിച്ചു തുടങ്ങിയിരുന്നു. അത് ദുർഗ്രഹമായി അനുഭവപ്പെട്ടു. അസ്തിത്വവും ഒന്നുമില്ലായ്മയും മനുഷ്യന്റെ നിലനില്പ്പുമായിരുന്നല്ലോ സാർത്രിന്റെ അന്വേഷണതത്ത്വങ്ങൾ. സാർത്ര് ഉദ്ദേശിച്ച രീതിയിൽ ആ ആശയങ്ങളെ ഗ്രഹിച്ചെടുക്കാനും അവയുടെ ശരിയായ അർത്ഥാശയങ്ങളിലെത്താനും എത്ര ശ്രമിച്ചിട്ടും കഴിഞ്ഞില്ല എന്നതാണ് വസ്തുത. ആ സന്ദർഭത്തിലാണ് കെ. രാഘവൻപിള്ളയുടെ 'സാർത്രിന്റെ അസ്തിത്വദർശനം' എന്ന കൃതി ശ്രദ്ധയിൽപെടുന്നത്. ആശയങ്ങളുടെ സമൃദ്ധികൊണ്ടും അതിന്റേതായ സങ്കീർണ്ണതകൾകൊണ്ടും ഒരു ശൂന്യതയിലെന്നെ തള്ളിവിട്ട സാർത്രിയൻ ദർശനങ്ങൾക്ക് ഒരു തെളിച്ചം രാഘവൻപിള്ളയുടെ കൃതി നല്കുന്നതായി തോന്നി. നവീനചിന്ത മുന്നോട്ടുവയ്ക്കുന്ന ശൂന്യതാബോധം എന്ന തത്ത്വചിന്താപ്രശ്നത്തോടൊപ്പം അയുക്തികത ഒരു അന്വേഷണവിഷയമാക്കേണ്ടതിന്റെ അനിവാര്യതയും ബോധ്യപ്പെട്ടു. അയുക്തികതയിലും ഒരു യുക്തിയില്ലേ എന്നതായിരുന്നു എന്റെ സംശയം. യുക്തിക്ക് ഇന്ത്യൻ തത്ത്വചിന്ത നല്കിയിട്ടുള്ള വിശദീകരണതന്ത്രവുമായി ബന്ധപ്പെടുത്തി ചില ആലോചനകൾ ഉണ്ടാവുകയും അതിന്റെ ഭാഗമായി 'അയുക്തികതയിലെ യുക്തിതന്ത്രം' എന്ന പേരിൽ ഒരു ലേഖനമെഴുതിയതും ഞാൻ ഓർമ്മിക്കുന്നു.
''നുരയും പതയും പോലെ ഉയർന്ന് ക്ഷണികഭാവങ്ങളിൽ ഊറിക്കിടക്കുന്ന മാനവശക്തിയെ തിരഞ്ഞു പിടിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ അസ്തിത്വം. മനുഷ്യദർശനത്തിനും അപ്പുറമുള്ള ഒരു വ്യവസ്ഥിതിയെ സങ്കല്പിച്ച് ജീവിതത്തിന്റെ ജ്ഞാനബോധത്തെ വെളിപ്പെടുത്തുക എന്ന ഒരു പ്രശ്നംകൂടി ഈ അസ്തിത്വത്തിൽ അന്തർഭവിച്ചിട്ടുണ്ട്. അതിന്റെ സാദ്ധ്യതകൾ കണ്ടെത്താൻ കഴിയുമ്പോൾ മാത്രമേ, 'ഞാൻ ഉണ്ട്' എന്നു പറയാനൊക്കുകയുള്ളൂ.''
