കറുപ്പിന്റെ സാമൂഹ്യപാഠം

Society

കറുപ്പിന്റെ സാമൂഹ്യപാഠം


അങ്ങനെയൊരു ചോരയുടെ (വി)സ്മൃതിയാണ് ആ മൺതറയിൽ പതിയിരിക്കുന്നത്. യുദ്ധത്തിന്റെയോ ലഹളയുടെയോ വിപ്ലവത്തിന്റെയോ അല്ല. സ്വയമോ നിർബന്ധിതമായോ നടന്ന മനുഷ്യബലിയുടെ പാടുകളാണത്. ക്ഷാമവും പ്രകൃതിക്ഷോഭവും ദൈവകോപമായി കണക്കാക്കിയിരുന്ന അടുത്ത കാലം വരെയും വടക്ക് കിഴക്കൻ ഇന്ത്യയിലെ ഈ ആരാധനാകേന്ദ്രങ്ങൾ കുരുതിക്കായി സൂക്ഷിക്കപ്പെട്ടിരുന്നു. ചില കാളീക്ഷേത്രങ്ങളിൽ ഇന്നുമുണ്ട് കർമ്മങ്ങൾ, മറ്റൊരു രൂപത്തിൽ. മലയുടെ ചെരിവിലെ കടകളിൽനിന്നും ഭക്തർക്ക് ചെറിയ പ്രായം മാത്രമുള്ള ആടുകളെ തെരെഞ്ഞെടുക്കാം. കെട്ടി വലിച്ച് അവയെ മുകളിൽ കൊണ്ടെത്തിക്കും. ചെമ്പരത്തിയുടെ മാല ചാർത്തും. പിന്നെ പ്രത്യേകം തയ്യാറാക്കിയ തറയിൽ നിർത്തി, നിരനിരയായി കശാപ്പ് ചെയ്ത് ചോരയൊഴുക്കും. രക്തദാഹികളായ ശക്തികൾ സംപ്രീതരായി ഭക്തർക്ക് അനുഗ്രഹം ചൊരിയും. ബലിയുടെ ഈ ദൗർഭാഗ്യതകളിൽ പ്രകടമായ ഒന്നുണ്ട്. തിരഞ്ഞെടുക്കേണ്ട ആടുകൾ കറുത്ത നിറമുള്ളവ മാത്രം.

മിൻസ്‌ട്രേൽസ്

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അടിമകളായ 'കറുത്ത വംശജരുടെ' പല തനത് കലാപ്രകടനങ്ങളും വടക്കേ അമേരിക്കയിൽ കൗതുകമായിരുന്നു. എന്നാൽ അത് പരസ്യമായി അവതരിപ്പിക്കുന്നതിന് അവർക്ക് അവകാശമില്ല. പകരം 'വെളുത്ത വംശജർ' ദേഹത്ത് കറുത്ത നിറമടിച്ചും കറുത്ത മുഖം മൂടികൾ വച്ചും അടിമകളുടെ കലാരൂപങ്ങൾ അനുകരിച്ച് അവതരിപ്പിക്കും. മിൻസ്‌ട്രെൽസ്‌പോലുള്ള ഇത്തരം ദൃശ്യാവതരണ സംഘങ്ങൾ ഇരുണ്ട നിറമുള്ളവരെ ഒന്ന് കളിയാക്കുക കൂടിയായപ്പോൾ പരിപാടികൾക്ക് ലഹരിയും കാഴ്ചക്കാരും കൂടി. വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകംവരെ ഈ കലാപ്രകടനം തഴച്ച് വളർന്നു. തങ്ങളുടെ കല മറ്റുള്ളവർ വില്പന ചെയ്യുമ്പോഴും ആസ്വദിക്കുമ്പോഴും അത് സ്വയം പ്രദർശിപ്പിക്കുവാൻപോലും അസാധ്യമായ ദുർവിധിയായിരുന്നു യഥാർത്ഥ ബൗദ്ധിക അവകാശികളായ ഇരുണ്ട നിറമുള്ള അടിമകൾക്കുണ്ടായിരുന്നത്. കൊക്കിന് കാക്കയായി അഭിനയിക്കുവാനെങ്കിലും സാധ്യമാണ്. കാക്ക കുളിച്ചാൽ പക്ഷേ, കൊക്കാകുമോ എന്ന പഴഞ്ചൊല്ലുകൾ വെറുതെയല്ല.


Related Articles