ഇന്ത്യൻ കലാചരിത്രത്തിൽ എ ന്നും അനുസ്മരിക്കപ്പെടുന്ന ഉന്നതശീർഷനായ അപൂർവ്വപ്രതിഭയാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 10-നു നമ്മെ വിട്ടുപിരിഞ്ഞ അച്യുതൻ രാമചന്ദ്രൻ നായർ (1935-2024) എന്ന എ. രാമചന്ദ്രൻ. അരനൂറ്റാണ്ടിലേറെ നീണ്ടുനിന്ന അതിപ്രശസ്തവും സമ്പന്നവുമായ സർഗ്ഗജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. 89-ാം വയസ്സിൽ മരണം. ഏതാണ്ടു പൂർണ്ണജീവിതം പൂർത്തിയാക്കി എന്നു നിസ്സംശയം പറയാം. രോഗാതുരമായ ഏതാനും ചിലമാസങ്ങൾ ശാരീരികവിഷമം സൃഷ്ടിച്ചു. എന്നാൽ, 'അനായാസേനമരണം' എന്ന ആഗ്രഹം– ചെമ്പൈവൈദ്യനാഥഭാഗവതരാണ് ആ ശൈലി പ്രസിദ്ധമാക്കിയത്–പ്രാവർത്തികമാക്കിക്കൊണ്ടാണ്എ.ആർ. കാലത്തിന്റെ ചിത്രപടങ്ങൾക്കു പിന്നിലേക്കു പിൻവാങ്ങിയത്.
സ്വന്തമായ ഒരു ദൃശ്യഭാഷ വികസിപ്പിച്ചെടുത്ത എ.ആർ. സാമൂഹികബന്ധങ്ങളുടെയുംസാംസ്കാരികസഞ്ചാരങ്ങളുടെയും ഒരുസമുച്ചയമാണ്. ജീവിതത്തിന്റെ മഹാഭാഗവും ജന്മനാടായ കേരളത്തിനു പുറത്തുജീവിച്ച എ.ആറിന്റെ ഉള്ളിന്റെ ഉള്ളിൽ മലയാളനാടിന്റെ സവിശേഷതകൾ ഏതാണ്ട് സമ്പൂർണ്ണമായി എന്നും സ്പന്ദിച്ചിരുന്നു. കുഞ്ചൻനമ്പ്യാരും വൈക്കം മുഹമ്മദ് ബഷീറും അതിൽ പ്രധാനമായിരുന്നു. കുമാരനാശാനും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും ജി. ശങ്കരക്കുറുപ്പും സുഗതകുമാരിയും ഒ.എൻ.വി. കുറുപ്പും എൻ. മോഹനനും മറ്റും പലതലങ്ങളിൽ എ.ആറിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു.
