സ്വാതന്ത്ര്യത്തിലേക്കുള്ള പെയ്തിറങ്ങലാണ് എനിക്ക് പ്രണയം. അകം നനഞ്ഞു കുതിരുന്ന ഒരു മുഴുമഴക്കാലം. പെയ്യുമ്പോൾ, തോർച്ചയിൽ, നിറയലിൽ, ഒഴിയലിൽ ഏതോ ഒരുമാത്ര നമ്മൾ നമ്മെ തിരിച്ചറിയുന്നു. പൂർണത അനുഭവിക്കുന്നു. പരസ്പരം ചേർത്തു പിടിക്കുന്നു. എനിക്ക് മാത്രം ഭൂമിയിൽ ഒരു മഴ പെയ്യുന്നു. അകനനവിൽ കുളിരുന്നു.
ചിന്തകളും സ്വപ്നങ്ങളും അന്ത:സംഘർഷങ്ങളും പങ്കുവെക്കുവാനുതകുന്ന നല്ലൊരു കേൾവിക്കാരനെ ആഗ്രഹിച്ച, ഇരുപതുകളുടെ സംഘർഷകാലം. സ്വയം നഷ്ടപ്പെട്ട് നീറിനീറി ജീവിച്ചിരുന്ന കാലം. ചുറ്റുമുള്ള അസ്വാതന്ത്ര്യങ്ങൾ തിരിച്ചറിഞ്ഞ് വീഴ്ചയിൽ നിന്ന് കരകയറി സ്വന്തം ശരികളിൽ ഉറച്ചു വിശ്വസിക്കാൻ തുടങ്ങിയ കാലം. മതത്തിന്റെ പിടിമുറുക്കങ്ങളിൽ നിന്ന് സ്വയം മോചിതയാവുക എന്ന തിരഞ്ഞെടുപ്പിലേക്കെത്തിയ സന്ദിഗ്ധഘട്ടം.
സ്വാതന്ത്ര്യത്തോടെ നിലനിൽക്കാൻ പാടുപെടുന്നതിനിടയിൽ എപ്പോഴോ വീണുകിട്ടിയ നല്ലൊരു കേൾവിക്കാരനായിരുന്നു എനിക്കയാൾ. മുൻവിധികൾ മുറിഞ്ഞു വീഴുന്ന ജീവിതത്തിലെ ഒരു ആകസ്മികനിമിഷം എന്നു പറയുന്നതാവും കൂടുതൽ ശരി. എല്ലാ കാര്യത്തിലും അയാൾക്ക് അയാളുടേതായ അഭിപ്രായങ്ങളും നിലപാടുകളുമുണ്ടായിരുന്നു. അതയാളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കി.
