കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ നടന്ന ഏറ്റവും സജീവവുമായ സംവാദം സദ്ഗുരു ജഗ്ഗി വാസുദേവും മാധ്യമ പ്രവർത്തകനായ ശശികുമാറും തമ്മിലുള്ളതായിരിക്കണം. ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തിനു ശേഷം നടന്ന സംവാദം കേൾക്കാൻ നൂറുകണക്കിന് പേർ എത്തിയിരുന്നു. ആത്മീയത, ആൾദൈവങ്ങൾ, ഇന്ത്യൻ സംസ്കാരം, മതത്തിന്റെ കോർപ്പറേറ്റ്വത്കരണം തുടങ്ങിയ വിവിധ വിഷയങ്ങളിലൂടെ സംവാദം മുന്നേറി. ചിലപ്പോഴൊക്കെ പരസ്പരം ആക്രമിച്ചും, നിലപാടുകൾ തുറന്നുപറഞ്ഞും.
1957 സെപ്റ്റംബർ 3-ന് മൈസൂരിൽ ജനിച്ച ജഗ്ഗി വാസുദേവ് ഇന്ത്യൻ യോഗിയാണ്. അദ്ദേഹം സ്ഥാപിച്ച ഇഷാ ഫൗണ്ടേഷൻ ഇന്ത്യ, അമേരിക്ക ഇംഗ്ളണ്ട്, സിംഗപ്പൂർ കാനഡ, മലേഷ്യ, ഉഗാണ്ട, ആസ്ട്രേലിയ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ യോഗാ പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. കോയമ്പത്തൂരാണ് മുഖ്യകേന്ദ്രം. 'ആനന്ദ ലഹരി','ഇന്നർ എൻജിനീയറിങ്' എന്നിവയാണ് പ്രധാന കൃതികൾ. മികച്ച പ്രഭാഷകനുമാണ്.
മാധ്യമപ്രവർത്തകൻ, മാധ്യമ വിദഗ്ധൻ, അഭിനേതാവ്, ചലച്ചിത്ര സംവിധായകൻ,അധ്യാപകൻ എന്നിങ്ങനെ വിവിധ നിലകളിൽ പ്രശസ്തനാണ് ശശികുമാർ. 1952 ഫെബ്രുവരി 23-ന് കൊടുങ്ങല്ലൂരിനടുത്ത് കരുപ്പടന്നയിൽ ജനനം. ബോംബെ, കൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ കുട്ടിക്കാലം. ചെന്നൈ ലയോള കോളജിൽനിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും. 1984 മുതൽ 86 വരെ ഹിന്ദുവിന്റെയും, ഫ്രണ്ട്ലൈനിന്റെയും ആദ്യ പശ്ചിമേഷ്യാലേഖകനായി പ്രവർത്തനം. ദൂരദർശനിലൂടെ ദൃശ്യമാധ്യമരംഗത്തേക്ക്. പിന്നീട് പി.ടി.ഐ. യുടെ ചീഫ് പ്രൊഡ്യൂസറും ജനറൽ മാനേജറുമായി. 1992-ൽ ഏഷ്യാനെറ്റ് സംരംഭവുമായി രംഗത്ത്. ഹിന്ദിയിൽ 'കായ തരൺ' എന്ന ചിത്രം സംവിധാനം ചെയ്തു. ചെന്നൈയിൽ ഏഷ്യൻ കോളജ് ഓഫ് ജേർണലിസത്തിന്റെ ചെയർമാൻ.
