പ്രീ നഴ്‌സറി മുതല്‍ 12-ാം ക്ലാസ് വരെ സമ്പൂര്‍ണ സ്‌കൂള്‍ വിദ്യാഭ്യാസ പ്രക്രിയയുടെ ഘടന, ഉള്ളടക്കം, ഭരണനിര്‍വഹണം എന്നിവ തീരുമാനിക്കുന്നതില്‍ മൂന്നാമത്തെയും അവസാനത്തെയും ഇടപെടലിന് അവസരമൊരുക്കി ലോകബാങ്കുമായി മാനവ വിഭവ ശേഷി (വിദ്യാഭ്യാസ) മന്ത്രാലയം കരാര്‍ ഒപ്പുവെക്കുന്നത് 2020 ജൂണ്‍ 24-നാണെന്നതില്‍ അദ്ഭുതമില്ല. സംസ്ഥാനതല അധ്യാപന-അധ്യയന നേട്ട ശാക്തീകരണം അഥവാ സ്റ്റാഴ്‌സ് (Strengthening Teaching-Learning and Results for States: STARS) ആണ് ഈ ലോകബാങ്ക് പദ്ധതി. (1993-2002 വരെ നടപ്പാക്കിയ ഡി.പി.ഇ.പി. ആദ്യത്തേത്. 2002 മുതലുള്ള സര്‍വ ശിക്ഷ അഭിയാന്‍ രണ്ടാമത്തേതും).
ഒരു മാസം പിന്നിടുമ്പോഴേക്ക് അഥവാ ജൂലൈ 30-ന്, മാനവവിഭവശേഷി മന്ത്രി ന്യൂ ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട്, ഏറെയായി മുടങ്ങിക്കിടക്കുന്ന പുതിയ വിദ്യാഭ്യാസനയം-എന്‍.ഇ.പി 2020 അടിയന്തരമായി നടപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തതായി അറിയിക്കുന്നു. രാജ്യത്ത്, കോവിഡ് വ്യാപനം അതിവേഗമാര്‍ജിച്ച ഘട്ടത്തിലായിരുന്നു രണ്ട് നടപടികളും. വിവിധ സംസ്ഥാനങ്ങളില്‍, ജില്ലകളില്‍, പട്ടണങ്ങളില്‍, നഗരങ്ങളില്‍ പല തലങ്ങളിലായി നടപ്പാക്കിക്കൊണ്ടിരുന്ന ലോക്ഡൗണുകള്‍ രാജ്യത്ത് സാമ്പത്തികരംഗം സമ്പൂര്‍ണമായി നിശ്ചലമാക്കിയ സമയം.
അഷ്ടിക്ക് അന്യനാടുകളില്‍ നരകിച്ച് പണിയെടുത്തുപോന്ന ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ ഭീകരമായ സാഹചര്യത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ നാടുപിടിക്കുന്ന തിരക്കിലായിരുന്നു അപ്പോള്‍. സ്‌കൂളുകള്‍, കോളജുകള്‍, യൂനിവേഴ്‌സിറ്റികള്‍ എന്നിവ മാര്‍ച്ച് മാസം മുതല്‍ അടഞ്ഞുകിടക്കുന്നു. പരീക്ഷകള്‍ മുടങ്ങി. ചിലത് ഓണ്‍ലൈനായി നടത്താന്‍ ഭീഷണിയുമുണ്ട്. വിദ്യാര്‍ഥി സമൂഹത്തില്‍ തുല്യതയില്ലാത്ത ആശങ്കകള്‍ മാത്രം ബാക്കി.
