തിരക്കിട്ട് ഓഫീസ് ജോലികള്‍ ചെയ്തുതീര്‍ത്ത് എന്നത്തെയുംപോലെ എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കയറിപ്പറ്റാനായി പഞ്ച്ഔട്ട് ചെയ്ത് ശ്വാസമടക്കിപ്പിടിച്ച് ഇടപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ ഓടിയെത്തി. സമയം 5.50. പതിവുപോലെ സമയം വൈകി 6.15-ന് ട്രെയിന്‍ സ്റ്റേഷനില്‍ വന്നുനിന്നു. ഗാര്‍ഡ്റൂമിന് തൊട്ട് മുമ്പിലായും തൊട്ടു പുറകിലായും രണ്ട് ലേഡീസ് കമ്പാര്‍ട്ട്മെന്റുകള്‍ ഈ ട്രെയിനിനുണ്ട്. പുറകിലുള്ള ലേഡീസ് കമ്പാര്‍ട്ട്മെന്റ് തീരെ ചെറുതായതുകൊണ്ടുതന്നെ അതില്‍ കയറാതെ തൊട്ടുമുമ്പിലുള്ള സ്ത്രീകളുടെ വലിയ കമ്പാര്‍ട്ട്മെന്റില്‍ കയറി. എങ്ങനെയെങ്കിലും ഒരിടത്ത് ഒന്നിരിക്കാനായി ശ്രമിച്ചു. പക്ഷേ, പതിവുപോലെ നീണ്ട ഇരിപ്പിടത്തില്‍ ആറും ഏഴും സ്ത്രീകള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കണ്ട് ഞാന്‍ ഡോറിനരികിലുള്ള ചെറിയ സീറ്റില്‍ ഒരല്പം സ്ഥലത്ത് ഒതുങ്ങിയിരുന്നു. സ്ഥിരം യാത്രക്കാരായ ഞങ്ങള്‍ കുറച്ചുപേര്‍ക്ക് വിശേഷങ്ങള്‍ പങ്കുവയ്ക്കാനുള്ള ഒരു വേദികൂടിയാണ് മിക്കവാറും ഈ കമ്പാര്‍ട്ട്മെന്റ്. ചിലര്‍ തളര്‍ന്നിരുന്ന് ഉറങ്ങാന്‍ തുടങ്ങിയിരുന്നു.
സ്ഥിരമായി യാത്രചെയ്യുന്ന കുറച്ചുപേര്‍ക്ക് ഒന്നിച്ചിരിക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ സന്തുഷ്ടരായിരുന്നു. ഇരിക്കാന്‍ ഇടം കിട്ടാത്തവര്‍ ഡോറിന്റെ അടുത്തായി നില്പുറപ്പിച്ചു. സൈഡ് സീറ്റില്‍ ഇരുന്നുകൊണ്ട് ജനലിലൂടെ വെറുതെ പുറത്തേക്കൊന്നു നോക്കി. പ്ലാറ്റ്ഫോമില്‍ ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റിന്റെ തൊട്ടടുത്തായി ഒറ്റനോട്ടത്തില്‍തന്നെ ഒരു ഭ്രാന്തന്റെ മട്ടിലുള്ള ഒരാള്‍ നില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അയാളുടെ കണ്ണുകള്‍ ഞങ്ങളെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ടായിരുന്നു. കൈയില്‍ ഒരു വലിയ വണ്ണമുള്ള വടിയും കുത്തിപ്പിടിച്ച് എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാള്‍ വാതിലിന്റെ അടുത്തേക്ക് വരുന്നതു കണ്ട് ഞങ്ങള്‍ ചാടി എണീറ്റു. ഒരു കാര്യം ഉറപ്പായി. അയാള്‍ ഈ കമ്പാര്‍ട്ട്മെന്റില്‍ കയറും. ഞങ്ങള്‍ ഡോറിന്റെ അടുത്തെത്തിയപ്പോഴേക്കും സിഗ്നല്‍ മാറിയിരുന്നു. ഗാര്‍ഡ് പച്ചക്കൊടി വീശി. ട്രെയിന്‍ പതുക്കെ നീങ്ങാന്‍ തുടങ്ങി. ഒരു നിമിഷംകൊണ്ട് അയാള്‍ ഉറക്കെ എന്തൊക്കെയോ വിളിച്ചുപറഞ്ഞുകൊണ്ട് ഡോറിനരികിലുള്ള കമ്പിയില്‍ കയറിപ്പിടിച്ചു. എന്തു ചെയ്യണമെന്നറിയാതെ ഞങ്ങള്‍ രണ്ടുമൂന്നുപേര്‍ സര്‍വ്വശക്തിയുമെടുത്ത് ഡോര്‍ അടച്ചു. അയാള്‍ പെട്ടെന്നുതന്നെ ചാടി ഇറങ്ങി പിറകോട്ട് ഓടുന്നതു കണ്ട് ഞാന്‍ ഒന്നാശ്വസിച്ചു.
