രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യജനാധിപത്യവും

Society

രാഷ്ട്രീയ ജനാധിപത്യവും സാമൂഹ്യജനാധിപത്യവും


തിരഞ്ഞെടുപ്പുകളിലും സർക്കാർ രൂപീകരണത്തിലുംമാത്രം ശ്രദ്ധിക്കുന്നതാണ് മലയാളികളുടെ ശരാശരി ജനാധിപത്യഅവബോധം. അഞ്ചാണ്ടുകൂടുമ്പോൾ നടക്കുന്ന പൊതുതിരഞ്ഞെടുപ്പുകളെ രാഷ്ട്രീയ മാമാങ്കമായി മാറ്റുവാൻ പാർട്ടികളെയും മുന്നണികളെയും സഹായിക്കുന്നത് ഈ അവബോധമാണ്. രണ്ടു മുന്നണികൾ മാറിമാറി ഭരിക്കുന്ന ഒരു രാഷ്ട്രീയക്രമത്തെയാണ് നാലു പതിറ്റാണ്ടിലേറെക്കാലമായി കേരളീയർ ജനാധിപത്യത്തിന്റെ കരുത്തായി കാണുന്നത്. ഈ ക്രമത്തിനുള്ളിലാണ് തുടർഭരണം ജനാധിപത്യവിരുദ്ധമാണെന്ന കാഴ്ചപ്പാട് തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാത്തവർക്കിടയിൽനിന്നുപോലും ഉയർന്നുവന്നത്. ഭരണപക്ഷവും പ്രതിപക്ഷവും ഏകകണ്ഠമായെടുക്കുന്ന തീരുമാനങ്ങൾപോലും ചിലപ്പോൾ ജനാധിപത്യപരമാകണമെന്നില്ല. ജനാധിപത്യത്തിന്റെ അളവുകോൽ തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലെ ജയപരാജയങ്ങൾ മാത്രമായിരിക്കുവാൻ പാടില്ല; ഭരണഘടനാതത്ത്വങ്ങളും മൂല്യങ്ങളും ഉയർത്തിപ്പിടിച്ചു ജീവിക്കുവാൻ ജനങ്ങൾക്ക് എത്രമാത്രം കഴിയുന്നുവെന്നതായിരിക്കണം. അതിനോട് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് എത്രമാത്രം നീതിപുലർത്താനാവുന്നുണ്ടെന്ന കാര്യവും.

ഇത്തരമൊരു സമീപനത്തിൽ നിന്ന് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പു വിലയിരുത്തുമ്പോൾ ഇടതുപക്ഷ ഗവൺമെന്റിന്റെ പ്രവർത്തനങ്ങൾ പലതുകൊണ്ടും ജനാധിപത്യതത്ത്വങ്ങൾക്കും മൂല്യങ്ങൾക്കും അനുസൃതമായിരുന്നുവെന്ന് പറയാവുന്നതാണ്. അതിന് കേരളീയർ നല്കിയ അംഗീകാരമാണ് ചരിത്രം എന്നു വിശേഷിപ്പിക്കപ്പെട്ട പിണറായി വിജയൻ സർക്കാരിന്റെ രണ്ടാംവരവ്. സംഘപരിവാറിനോടും കോൺഗ്രസിനോടുമൊപ്പം അവരേക്കാൾ വാശിയോടെ സാമ്പത്തിക സംവരണത്തിനുവേണ്ടി നിലകൊണ്ട പിണറായി സർക്കാരിനെ കാണാതെയല്ല ഇതു പറയുന്നത്. തങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷ സമീപനവും ജനപക്ഷ വികസന പരിപാടികളുമാണ് തുടർഭരണത്തിന് ഇടയാക്കിയത് എന്നാണ് എൽ.ഡി.എഫ്. നേതൃത്വം വിലയിരുത്തുന്നത്. അമിതമായ ആത്മവിശ്വാസവും സംഘടനാദൗർബല്യങ്ങളും സാമുദായിക സമവാക്യങ്ങളിലുണ്ടായ മാറ്റങ്ങളുമാണ് തങ്ങളുടെ പരാജയ കാരണങ്ങളായി ഐക്യജനാധിപത്യമുന്നണി എടുത്തുകാണിക്കുന്നത്. ശബരിമലയും അഴിമതിആരോപണങ്ങളുമൊന്നും ഗുണം ചെയ്തില്ലെന്ന് വിലയിരുത്തുന്നു. ദലിത്-പിതന്നാക്കന്മാരോടൊപ്പം മധ്യ- തെക്കൻ കേരളത്തിലെ മുസ്‌ലിങ്ങളും ഇടതുപക്ഷത്തേക്കു മാറി. 55 ശതമാനം സീറ്റുകളും യുവാക്കൾക്കു നൽകിയെങ്കിലും പ്രതീക്ഷിച്ച ഗുണം കിട്ടിയില്ല. മുമ്പും മുന്നണിക്കു നേതൃത്വം നൽകിയ ഭാരതീയ ജനതപാർട്ടി തങ്ങളുടെ പരാജയത്തെ നോക്കിക്കണ്ടത് ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തിലാണ്. സംസ്ഥാന സർക്കാരിനെതിരായ കേന്ദ്രഏജൻസികളുടെ അന്വേഷണം തിരിച്ചടിയായെന്നും വിലയിരുത്തുന്നു. ഭാരതീയ ധർമ്മ ജനസേനപോലുള്ള സഖ്യശക്തികളുടെ ദയനീയമായ പ്രകടനങ്ങളും തിരിച്ചടിയായി.

ഈ മൂന്ന് വിലയിരുത്തലുകളിൽ നിന്ന് വ്യക്തമാകുന്നൊരു കാര്യം എൽ.ഡി.എഫ്. പൊതുവേ മതനിപേക്ഷതയുടെ ഫ്രെയിമിൽനിന്ന് തങ്ങളുടെ വിജയത്തെ വിലയിരുത്തുവാൻ ശ്രമിക്കുമ്പോൾ യു.ഡി.എഫ്., എൻ.ഡി.എ. മുന്നണികൾ തങ്ങളുടെ പരാജയത്തെ വിലയിരുത്തുവാൻ ശ്രമിക്കുന്നത് സാമുദായിക സമവാക്യങ്ങൾക്കുള്ളിൽനിന്നാണ് എന്നതാണ്. രാഷ്ട്രീയ ജനാധിപത്യ കേരളത്തിന്റെ വർത്തമാന വ്യവസ്ഥയുടെ സൂചകമായി ഈ വിലയിരുത്തലുകളെ നോക്കിക്കാണാവുന്നതാണ്. ജനാധിപത്യത്തിന്റെ സാധ്യതകളോടൊപ്പം ജനാധിപത്യവിരുദ്ധതയുടെ കരുത്തും തുറന്നുകാട്ടുന്നതാണ് ഈ വിലയിരുത്തലുകൾ. മതനിരപേക്ഷതയുടെ വിജയത്തെക്കുറിച്ചു പറയുമ്പോഴും ജനാധിപത്യ വിരുദ്ധ സാമൂഹ്യനിർമ്മിതികളായ ജാതിയും മതവുമൊന്നും തങ്ങളുടെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിച്ചില്ലെന്ന് ഇടതുപക്ഷത്തിനും പറയാനാവില്ല. കേരളീയ സമൂഹത്തിൽ ഇന്നും പ്രബലമായി നിലനില്ക്കുന്ന ജനാധിപത്യവിരുദ്ധ ഘടകങ്ങളുടെ രാഷ്ട്രീയ സംയോജനത്തിലൂടെ തിരഞ്ഞെടുപ്പു നേട്ടമുണ്ടാകുവാൻ യു.ഡി.എഫും - എൻ.ഡി.എ. യും ശ്രമിച്ചപ്പോൾ ഇത്തരം ഘടകങ്ങളിൽ നിന്ന് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളോട് ആഭിമുഖ്യമുള്ളവരെ കണ്ടെത്തി മതനിരപേക്ഷതയുടെ ഫ്രെയിമിൽ വ്യാഖ്യാനിക്കുവാനാണ് ഇടതുപക്ഷം ശ്രമിച്ചത്.


Related Articles