പല തീരുമാനങ്ങളും എടുത്താണ് ഇത്തവണ അലക്സിന്റെ റൂമിൽ പോവാനിറങ്ങിയത്. കൈയിലുള്ള ഒരു സാധനവും അവന്റെ കട്ടിലിൽ വെക്കില്ല. അശ്രദ്ധമായി ഒന്നുമവിടെ വീണുപോവാൻ സമ്മതിക്കില്ല. നൂറുശതമാനം ജാഗ്രതയോടെ ഓരോ നീക്കവും ഓർത്തെടുത്തുകൊണ്ടേയിരിക്കും. ഇനിയൊന്നും അവിടെ വച്ച് നഷ്ടപ്പെടാൻ പാടില്ല.
സ്കൂൾ കാലം തൊട്ട് അറിയുന്നവനാണ് അലക്സ്. എല്ലാവരുമായും നല്ല സൗഹൃദമുണ്ടെങ്കിലും ഇത്തിരി വെകിളിയാണ്. ക്ലാസ്സിൽ ഉമിനീരൊലിപ്പിച്ച് കഴുക്കോലും നോക്കിയിരിക്കുന്നതിന് സ്ഥിരമായി ടീച്ചർമാർ തല്ലുമായിരുന്നു. പല്ലിയെയും തവളയെയുമൊക്കെ പിടിച്ചുകൊണ്ടുവന്ന് ഡെസ്കിനടിയിൽ കെട്ടിത്തൂക്കും. ഇടക്ക് ഡെസ്കിനടിയിലേക്ക് നൂണ്ട് പോവുന്നത് കാണാം. നിമിഷങ്ങൾക്ക് ശേഷം അടക്കിയ ശബ്ദത്തിൽ പിറുപിറുക്കലാരംഭിക്കും.
എന്താണ് നടക്കുന്നതെന്നറിയാൻ ഞങ്ങളും ഒരിക്കൽ ഡെസ്കിനടിയിലേക്കിറങ്ങി. കണ്ണടച്ച് എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലുകയാണ് അലക്സ്.
"എന്താടാ സംഭവം?" ആകാംക്ഷ അടക്കാനാവാതെയുള്ള ഞങ്ങളുടെ ചോദ്യം കേട്ട് അവൻ കണ്ണുതുറന്നു.
